കെഎഎസ് ആദ്യവിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു.



കെഎഎസ് ആദ്യവിജ്ഞാപനം പിഎസ്‌സി  പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാനത്ത് ചെയർമാൻ അഡ്വ. എം കെ സക്കീർ  ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടർന്ന് വിജ്ഞാപനവും പരീക്ഷാ സിലബസും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് പരീക്ഷാതയ്യാറെടുപ്പിന് കൂടുതൽ സൗകര്യമാകാനാണ് പരീക്ഷാ സിലബസ് മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നത്. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം ഒന്ന്(കാറ്ററഗി നമ്പർ 186/2019), സ്ട്രീം രണ്ട്(കാറ്ററഗി നമ്പർ 187/2019), സ്ട്രീം മൂന്ന്(കാറ്ററഗി നമ്പർ 188/2019) എന്നിങ്ങനെയാണ് വിജ്ഞാപനമിറങ്ങിയത്.കേരള പബ്ലിക് സർവീസ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷിക്കേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് അതേ പ്രൊഫൈൽവഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ നാല്. യോഗ്യത ബിരുദം. മൂന്ന് സ്ട്രീമിലും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കും. പ്രായം, ഇളവ്, സിലബസ് തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്.   കെഎഎസ് നിയമനത്തിന് അംഗപരിമിതരായ ഉദ്യോഗാർഥികൾക്ക് വ്യവസ്ഥ ചെയ്തിട്ടുളള ബെഞ്ച് മാർക്ക് ഡിസെബിലിറ്റി മാനദണ്ഡം പ്രകാരമുളള അർഹത നിർണയിച്ച് 4 ശതമാനം സംവരണം ഏർപ്പെടുത്താനുളള സർക്കാർ നിർദേശത്തോട് പിഎസ്സി യോജിച്ചു. കെഎഎസ് പരീക്ഷാ സ്കീമിൽ പ്രാഥമിക പരീക്ഷയിൽ ഒന്നാം പേപ്പർ (ജനറൽ) 100 മാർക്കിനും രണ്ടാം പേപ്പറിൽ 50 മാർക്കിന്റെ പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് പുറമെ 30 മാർക്കിനുളള ചോദ്യങ്ങൾ ഭരണഭാഷ/പ്രാദേശിക ഭാഷാ നൈപുണ്യം (മലയാളം/തമിഴ്/കന്നട) പരീക്ഷിക്കുന്നതിനും 20 മാർക്കിനുളള ചോദ്യങ്ങൾ ഇംഗ്ലീഷ് ഭാഷാനൈപുണ്യം പരീക്ഷിക്കുന്നതിനുമായി ഉൾപ്പെടുത്തും. വിവിധ സംവരണ സമുദായങ്ങൾക്ക് നിയമപ്രകാരമുളള പ്രാതിനിധ്യം നൽകാൻ മാർക്ക് താഴ്ത്തിക്കൊണ്ട് പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഫൈനൽ പരീക്ഷ എഴുതുവാൻ യോഗ്യത നേടുന്നവരുടെ ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമായിരിക്കും. പ്രധാന പരീക്ഷയിൽ 100 മാർക്കിന്റെ 2 മണിക്കൂർ ദൈർഘ്യമുളള 3 പരീക്ഷകളുണ്ടാകും. അഭിമുഖത്തിനായി നിശ്ചിയിച്ചിട്ടുളള 50മാർക്ക് ഉൾപ്പെടെ 350 മാർക്കാണ് റാങ്ക് നിർണയിക്കാനായി പരിഗണിക്കുക. വിശദവിവരത്തിന് https://www.keralapsc.gov.in    Read on deshabhimani.com

Related News