ആഗോള ഓഹരി ഇൻഡക്‌സുകൾ വീണ്ടും സമ്മർദ്ദത്തിൽ



ആഗോള ഓഹരി ഇൻഡക്‌സുകൾ വീണ്ടും സമ്മർദ്ദത്തിൽ. അമേരിക്കയിൽ സിലിക്കൺ വാലി ബാങ്ക് പാപ്പരാവുന്ന വിവരം യു എസ് ഓഹരി വിപണികളെ മാത്രമല്ല യൂറോ ‐ ഏഷ്യൻ മാർക്കറ്റുകളെയും കരടി വലയത്തിലാക്കി. സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്‌സ് നിക്ഷേപകർക്ക് അപായ സൂചന നൽകി കുതിച്ചതിനിടയിൽ ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചു. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വോളാറ്റിലിറ്റി ഇൻഡക്‌സ്.     പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ മാർക്കറ്റിൽ  ബുൾ തരംഗം സൃഷ്‌ടിക്കാൻ ഒരു വിഭാഗം  ചരടുവലികൾ നടത്തിലെങ്കിലും വിജയം കണ്ടില്ല. വാരാരംഭത്തിൽ മുൻ നിര ഓഹരികൾ വാരികൂട്ടി സുചികയെ ഉയർത്തിയ വിദേശ ഓപ്പറേറ്റർമാർ പതിയെ ചുവടു വിൽപ്പനയ്ക്ക് മാറ്റിയത് ബോംബെ സെൻസെക്സ് 673 പോയിൻറ്റും നിഫ്റ്റി സൂചിക 181 പോയിൻറ്റും തളർത്തി. സെൻസെക്‌സ് 58,800 പോയിൻറ്റിൽ നിന്നും 60,490 വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ സൂചിക 58,884 പോയിൻറ്റിലേയ്ക്ക് ഇടിഞ്ഞു. വിപണിയിലെ സാങ്കേതിക തിരുത്തലുകൾക്ക് ശേഷം വാരാന്ത്യം ഇടപാടുകൾ അവസാനിക്കുമ്പോൾ ബി എസ് ഇ 59,135 ലാണ്. സെൻസെക്‌സ് ഈ വാരം 60,122 പോയിൻറ്റിലെ പ്രതിരോധ മേഖലയിലേയ്ക്ക് ചുവടുവെക്കാൻ ശ്രമം നടത്താം. വിപണിയുടെ ആദ്യ താങ്ങ് 58,516 പോയിൻറ്റിലാണ്. നിഫ്റ്റി സൂചികയെ 17,800 ന് മുകളിൽ സഞ്ചരിക്കാൻ അവസരം നൽക്കാതെ ഫണ്ടുകൾ സൃഷ്‌ടിച്ച വിൽപ്പനയിൽ ആടി ഉലഞ്ഞ ദേശീയ സൂചിക 17,324 ലേയ്ക്ക് ഇടിഞ്ഞ ശേഷം മാർക്കറ്റ് ക്ലോസിങിൽ 17,412 പോയിൻറ്റിലാണ്. തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 17,255 ലെ ആദ്യ സപ്പോർട്ട് ഈവാരം തുടക്കത്തിൽ നഷ്‌ടപ്പെട്ടാൽ 17,224‐17,040 ലേയ്ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. തിരിച്ചു വരവിന് വിപണി ശ്രമം നടത്തിയാൽ 17,700 റേഞ്ചിൽ പ്രതിരോധം തല ഉയർത്താം. മുൻ നിര ബാങ്കിംഗ് ഓഹരികളായ എസ്ബിഐ, ഇൻഡസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിവയുടെ വില ഇടിഞ്ഞു. ഇൻഫോസീസ്, വിപ്രോ, റ്റ സി എസ്, എച്ച് സി എൽ ടെക്, എച്ച് യു എൽ, ആർ ഐ എൽ എന്നിവയ്ക്കും കരുത്ത് നിലനിർത്താനായില്ല. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ചാഞ്ചാടി. രൂപ 81.97 ൽ നിന്നും 82.29 ലേയ്ക്ക് ഇടിഞ്ഞ മൂല്യം പിന്നീട് 81.57 ശക്തിപ്രാപിച്ച ശേഷം വെളളിയാഴ്ച്ച ക്ലോസിങിൽ 82.03 ലാണ്. വിദേശ ധനകാര്യസ്ഥാപനങ്ങൾ 2623 കോടിയുടെ വിൽപ്പനയ്ക്കും 4393 കോടി രൂപയുടെ നിക്ഷേപത്തിനും ഉത്സാഹിച്ചു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 2149 കോടിയുടെ ഓഹരികൾ വാങ്ങുകയും 938 കോടിയുടെ വിൽപ്പനയും നടത്തി. ആഗോള ക്രൂഡ് ഓയിൽ ബാരലിന് 80 ഡോളറിൽ നിന്നും 76.63 ലേയ്ക്ക് താഴ്ന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണം ട്രോയ് ഔൺസിന് 1857 ഡോളറിൽ നിന്നും 1868 ഡോളറിലേയ്ക്ക് ഉയർന്നു. Read on deshabhimani.com

Related News