ഓഹരിയില്‍ നഷ്‌ടത്തോടെ വാരാന്ത്യം



കൊച്ചി > ഓഹരിവിപണി വ്യാപാര ആഴ്ചയുടെ അവസാനദിവസം നഷ്‌ടത്തിൽ. തുടർച്ചയായ രണ്ടാംദിവസവും നാലാമത്തെ വാരാന്ത്യവുമാണ് വിപണി നഷ്‌ടം നേരിടുന്നത്. കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ ബിഎസ്ഇ സെൻസെക്‌സ് 143.20 പോയിന്റ്‌ (0.24 ശതമാനം) നഷ്‌ടത്തിൽ 58644.82ലും എൻഎസ്ഇ നിഫ്റ്റി 43.90 പോയിന്റ്‌ (0.25 ശതമാനം) താഴ്‌ന്ന് 17516.30ലും വ്യാപാരം അവസാനിപ്പിച്ചു. രണ്ട് ദിവസംകൊണ്ട് സെൻസെക്‌സ് 913.51 പോയിന്റും നിഫ്റ്റി 263.7 പോയിന്റും നഷ്‌ടം നേരിട്ടു. വെള്ളിയാഴ്‌ച‌ പ്രധാനമായും ഓട്ടോ, ബാങ്ക്, റിയാൽറ്റി ഓഹരികളാണ്  വിപണിയെ പിന്നോട്ടുവലിച്ചത്. ബിഎസ്ഇ ഓട്ടോ സൂചിക 1.01 ശതമാനവും  ബാങ്ക് 0.65 ശതമാനവും റിയാൽറ്റി 2.83 ശതമാനവും നഷ്‌ടം നേരിട്ടു. ആ​ഗോള വിപണികളിലെ പ്രതികൂലസാഹചര്യമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കുതിച്ചുകയറുന്ന ക്രൂഡ് ഓയില്‍ വിലയും പലിശ നിരക്കിനെക്കുറിച്ചുള്ള ആശങ്കയും നിക്ഷേപകരെ സ്വാധീനിച്ചു.   എസ്‌ബിഐ ഓഹരിയാണ് ഏറ്റവും നഷ്‌ടം നേരിട്ടത് (1.83 ശതമാനം). മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1.73 ശതമാനവും എൻടിപിസി 1.72 ശതമാനവും നഷ്‌ട‌ത്തിലായി. കോട്ടക് മഹീന്ദ്ര (1.32), വിപ്രോ (1.12), ബജാജ് ഫിൻസെർവ് (1.06), എച്ച്ഡിഎഫ്‌സി (0.99), പവർ​ഗ്രിഡ് കോർപറേഷൻ (0.99), മാരുതി സുസുകി (0.66) എന്നിവയാണ് നഷ്‌ടം നേരിട്ട മറ്റ് ചില പ്രധാന ഓഹരികൾ. സൺഫാർമ, ഏഷ്യൻ പെയിന്റ്‌സ്‌ , ടാറ്റാ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് ഓഹരികൾ നേട്ടമുണ്ടാക്കി. Read on deshabhimani.com

Related News