ഓണം ഗൃഹോപകരണ വിപണി ഉത്സാഹത്തില്‍



സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറഞ്ഞിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളെത്തുടര്‍ന്ന് വിവിധ വിഭാഗങ്ങള്‍ക്ക് ബോണസ് ലഭ്യത ഉറപ്പാക്കിയതും കേന്ദ്രജീവനക്കാരുടെ ശമ്പളവര്‍ധന യാഥാര്‍ഥ്യമാകുന്നതുമൊക്കെ ചേര്‍ന്ന് ഓണവിപണി ഇത്തവണ ഉത്സാഹത്തിലാണെന്ന് ഗൃഹോപകരണ വ്യാപാരികളും വിപണിയിലെ വലുതും ചെറുതുമായ ബ്രാന്‍ഡുകളുമൊക്കെ സാക്ഷ്യപ്പെടുത്തുന്നു. മലയാളിക്ക് ഓണത്തോടുള്ള വൈകാരിക അടുപ്പം അറിയുന്ന ഗൃഹോപകരണ ബ്രാന്‍ഡുകളും കാറുകളും മൊബൈല്‍ ഫോണുകളും  പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് വിപണിയില്‍ ഇത്തവണയും സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് കാര്യമായ ശ്രമമുണ്ടായില്ലെങ്കിലും കഴിയുന്നത്ര നല്ല ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്നതിന് കമ്പനികള്‍ ഇത്തവണ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ  വര്‍ഷങ്ങളില്‍ ഓണവില്‍പ്പന കമ്പനികളുടെ പ്രതീക്ഷയ്ക്കടുത്തെങ്ങും എത്തിയില്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ ശുഭകരമാകുമെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഒരുവര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 40 ശതമാനവും ഓണക്കാലത്തായതിനാല്‍ പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളും അവതരിപ്പിച്ച് വിപണി നേടിയെടുക്കുകയാണ് ലക്ഷ്യം ഇന്ത്യയിലെതന്നെ ഉത്സവകാലങ്ങളുടെ തുടക്കമായ ഓണം ഇന്ത്യന്‍ വിപണിയെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുമെന്നതും  ബഹുരാഷട്ര ബ്രാന്‍ഡുകളെ ഓണത്തോടടുപ്പിക്കുന്നുണ്ട്. ഏതാണ്ട് 1000 കോടി രൂപയുടെ വില്‍പ്പനയാണ് ഓണവിപണിയില്‍നിന്ന് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഉറപ്പ് സമ്മാനങ്ങളും ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം നല്‍കാന്‍ കമ്പനികള്‍ താല്‍പ്പര്യപ്പെടുന്നു. ഉപയോക്താക്കളുടെ വാങ്ങല്‍ശൈലിയില്‍ വളരെ മാറ്റങ്ങളാണ് ഇക്കുറി ദൃശ്യമായിട്ടുള്ളതെന്ന് കമ്പനികളും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. ഉയര്‍ന്ന നിലയിലുള്ള ആഡംബര മോഡലുകള്‍ സ്വന്തമാക്കുന്നതിനാണ് ആളുകള്‍ ഇക്കുറി താല്‍പ്പര്യപ്പെടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. അതായത്, അടിസ്ഥാന മോഡലുകളുടെ വില്‍പ്പന കുറയുകയും അതേസമയം എല്ലാ ഗൃഹോപകരണങ്ങളുടെയും ആഡംബര മോഡലുകളുടെ വില്‍പ്പന കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ടെന്ന് കോഴിക്കോട്ടെ കണ്ണങ്കണ്ടി കോര്‍പറേഷന്റെ  ഉടമ പരീത് കണ്ണങ്കണ്ടി പറയുന്നു. 22 മോഡല്‍ എല്‍ഇഡി ടിവികളുടെ വില്‍പ്പന ഇടിയുകയും 40–50 ഇഞ്ച് മോഡലുകളുടെ വില്‍പ്പന കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. വിനോദാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് ആളുകള്‍ക്ക് താല്‍പ്പര്യം ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. ചെറു അപ്ളയന്‍സസിന്റെ കാര്യത്തിലും കുറഞ്ഞ മോഡലുകളിലുള്ള മിക്സര്‍ ഗ്രൈന്‍ഡറുകളുടെ വില്‍പ്പന കുറയുകയും അതേ സമയം കൂടുതല്‍ സൌകര്യങ്ങളുള്ള മിക്സികളുടെ വില്‍പ്പന കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. ചൂടുകാലത്ത് മാത്രം സീസണലായി വില്‍പ്പനയുണ്ടായിരുന്ന എയര്‍കണ്ടീഷണറുകള്‍ക്ക് എല്ലാ സീസണിലും ആവശ്യക്കാര്‍ ഏറുന്ന പ്രവണതയാണുള്ളത്. അതുകൊണ്ടു ഓണവിപണിയില്‍ എസി വില്‍പ്പനയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.ഗ്യാസ്സ്റ്റൌവിന്റെ വില്‍പ്പനയിലുണ്ടായ വര്‍ധനയും ഇക്കുറി ശ്രദ്ധേയമാണ്. വാട്ടര്‍ പ്യൂരിഫയറുകളും വിപണിയില്‍ കാര്യമായിത്തന്നെ വിറ്റുപോകുന്നുണ്ട്.  കമ്പനികളെല്ലാംതന്നെ ഓഫറുകളും അധികവാറന്റിയും നല്‍കുന്നുണ്ട്. വായ്പസൌകര്യം കൂടുതലായി ഉപയോഗിക്കുന്ന പ്രവണതയും ഇത്തവണയുണ്ട്. 500കോടി രൂപയുടെ വില്‍പ്പന ലക്ഷ്യംവയ്ക്കുന്ന എല്‍ജി 200 തരം മോഡലുകളാണ് ഇതിനായി വിപണിയിലെത്തിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറഞ്ഞതുംസാങ്കേതിക പുതുമയാര്‍ന്നതുമായ ഉല്‍പ്പന്നങ്ങളാണ്അവതരിപ്പിക്കുന്നതെന്ന് എല്‍ജി തമിഴ്നാട്–കേരള മേഖലാ മാനേജര്‍  പി സുധീര്‍ പറഞ്ഞു.  ഗൃഹോപകരണങ്ങള്‍ക്കു പുറമെ വാഹനമേഖലയും ഓണഓഫറുകള്‍ ഒരുക്കുന്നുണ്ട്. ഫോക്സ്വാഗണ്‍ തങ്ങളുടെ പുതിയ അമിയോ ബുക്ക്ചെയ്യുന്നവര്‍ക്ക് 10 ഗ്രാമിന്റെ സ്വര്‍ണമാണ് നല്‍കിയത.് മാരുതി ഉള്‍പ്പെടെയുള്ള വാഹനങ്ങളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News