പഴയ സ്വര്‍ണം വില്‍ക്കാം; ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണം വിൽക്കാൻ ജ്വല്ലറികൾക്കാണ്‌ വിലക്ക്‌



കൊച്ചി > പഴയ സ്വർണം കൈയിലുള്ളവർ പരിഭ്രാന്തരാകേണ്ടതില്ല, സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കിയെങ്കിലും പഴയ സ്വർണം  വിൽക്കുന്നതിന് ഇത് ബാധകമല്ല. 14നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് സ്വർണാഭരണങ്ങളുടെ മാറ്റ് വ്യക്തമാക്കുന്ന ഗുണമേന്മ മുദ്രയായ ഹാൾമാർക്കിങ് നിർബന്ധമായത്. എന്നാൽ, ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണം വിൽക്കുന്നതിന് ജ്വല്ലറികൾക്കാണ് വിലക്ക്‌. പുതിയ നിയമം സ്വർണ വ്യാപാരികളെ മാത്രം ബാധിക്കുന്നതായതുകൊണ്ട് സാധാരണക്കാർക്ക് ഹാൾമാർക്ക് ചെയ്യാത്ത ഏത് കാരറ്റിലുള്ളതും വിൽക്കുകയും മാറ്റിവാങ്ങുകയും ചെയ്യാം. പഴയ സ്വർണത്തിന് മൂല്യമില്ലാതാകുമെന്നും എത്രയുംവേഗം കൈയിലുള്ളത്‌ വിറ്റൊഴിയണമെന്നുമുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്. പഴയ സ്വർണം കൈവശമുള്ളവരെ ഇത് ആശങ്കപ്പെടുത്തുന്നു. ഇത് വ്യാജപ്രചാരണമാണെന്നും പഴയ സ്വർണം കൊടുത്താൽ ജ്വല്ലറികളിൽനിന്ന്‌ മാറ്റനുസരിച്ചുള്ള വില ലഭ്യമാകുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൾ നാസർ പറഞ്ഞു. വാങ്ങുമ്പോൾ ബിഐഎസ് മുദ്രയുണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം മാറ്റ് (കാരറ്റ്) വ്യക്തമാക്കുന്ന അക്കങ്ങൾ, ഹാൾമാർക്ക് ലോഗോ, വിൽക്കുന്ന ജ്വല്ലറിയുടെ അടയാളം എന്നിങ്ങനെ മൂന്ന് മുദ്രയും ഉറപ്പുവരുത്തണം. മാറ്റ് തെളിയിക്കാം ഹാൾമാർക്കിങ് കേന്ദ്രങ്ങളിൽപഴയ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. ആഭരണം ഉരുക്കാതെയുള്ള എക്സ്‌ ‐ റേ ഫ്ലൂറസെൻസ് (എക്സ്ആർഎഫ്) പരിശോധനയും ആഭരണം ഉരുക്കി മാറ്റ് മുദ്ര ചെയ്തുതരുന്ന സംവിധാനവും ലഭ്യമാണെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റേഴ്സ് കേരള പ്രസിഡന്റ്‌ എം എ റഷീദ് പറഞ്ഞു. കാസർകോട്‌ , കണ്ണൂർ, തലശ്ശേരി, കൽപ്പറ്റ, കോഴിക്കോട്, തിരൂർ, കൊടുങ്ങല്ലൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, കരുനാഗപ്പള്ളി, തിരുവനന്തപുരം തുടങ്ങി  72 ഹാൾമാർക്കിങ് സെന്ററുണ്ട്. bis.gov.in  വെബ്സൈറ്റിൽനിന്ന്‌ വിവരങ്ങളറിയാം.   Read on deshabhimani.com

Related News