കേരളത്തെ ആയുർവേദ ഹബ്ബാക്കി മാറ്റും: മന്ത്രി കെ കെ ശൈലജ



കൊച്ചി> ആയുർവേദ ടൂറിസം, ബിസിനസ്, ചികിത്സ എന്നിവ സമന്വയിപ്പിച്ച് സർക്കാർ‐സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തെ ആയുർവേദ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി കെ കെ ശൈലജ.  പുനർനവ ആയുർവേദ ഹോസ്പിറ്റലിന്റെ ഒരുവർഷത്തെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ ആദ്യഘട്ടമായി കണ്ണൂർ ജില്ലയിലെ പടിയൂർ‐കല്യാട് പഞ്ചായത്തിൽ ഇരിക്കൂർ പുഴയുടെ തീരത്ത് 300 ഏക്കറിൽ മ്യൂസിയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കുന്നത് ആരംഭിച്ചതായും രണ്ടുമാസത്തിനകം തറക്കല്ലിടുമെന്നും മൂന്നുവർഷത്തിനകം നിർമാണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പുനർനവ ഡയറക്ടർ ഡോ. എം ആർ വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. കേപ് (കണ്ടിന്യൂയിങ് ആയുർവേദ അവയർനെസ് പ്രോഗ്രാം) അവാർഡ് സൗദി ആസ്ഥാനമായ അൽ ഹോകൈർ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ മൊഹ്സിന് അൽ ഹോ കൈറിനും മെഡിക്കൽ ടൂറിസം അവാർഡ് കെ എ അബൂബക്കർ കിഴക്കേക്കരയ്ക്കും മന്ത്രി സമ്മാനിച്ചു. ഗുരുവന്ദനം പരിപാടിയിൽ മുതിർന്ന ആയുർവേദ അധ്യാപകരായ ഡോ. എംആർ വാസുദേവൻ നമ്പൂതിരി, ഡോ. പി കെ മോഹൻലാൽ, ഡോ. ടി ശങ്കരൻകുട്ടി, ഡോ. പി ശ്രീകണ്ഠൻ നായർ, ഡോ. പി കെ ശാന്തകുമാരി, പ്രൊഫ. ജോൺ കെ ജോർജ്, പ്രൊഫ. വിദ്യാധരൻ, പ്രൊഫ. വസന്തകോകിലം എന്നിവരെ ആദരിച്ചു. രജതജൂബിലി പ്രമാണിച്ച് പുനർനവ ആവിഷ്കരിച്ച സാമൂഹ്യസേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.പുനർനവ ചെയർമാൻ ഡോ. എ എം അൻവർ സ്വാഗതവും മെഡിക്കൽ ഡയറക്ടർ ഡോ. ജസീല അൻവർ നന്ദിയും പറഞ്ഞു. പ്രിവന്റീവ് കാർഡിയോളജിയെക്കുറിച്ചുള്ള ദേശീയ സെമിനാർ 'ഹൃദയപൂർവം പുനർനവ'യും ഇതോടനുബന്ധിച്ച് നടത്തി. Read on deshabhimani.com

Related News