ഓഹരിവിപണികളില്‍ ചരിത്രനേട്ടം; 31000 കടന്ന് സെന്‍സെക്സ്



മുംബൈ > രാജ്യത്തെ ഓഹരിവിപണികളില്‍ ചരിത്രനേട്ടം. മുംബൈ ഓഹരിവിപണി സൂചികയായ സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 31000 കടന്നു. 278.18 പോയിന്റ് ഉയര്‍ന്ന് 31074.07ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരിവിപണി സൂചികയായ നിഫ്റ്റി 81.55 പോയിന്റ് ഉയര്‍ന്ന് 9591.30ലെത്തി. മെറ്റല്‍ ഓഹരികളുടെ കുതിപ്പ് ശ്രദ്ധേയമാണ്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭെല്‍, വേദാന്ത ഓഹരികള്‍ കുതിച്ചുചാടി. ഓട്ടോമൊബൈല്‍ ഓഹരികളും നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. അതേസമയം, ഫാര്‍മ ഓഹരികള്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു. ഊര്‍ജരംഗത്തും കുതിപ്പാണുണ്ടായത്. മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം 26 ശതമാനത്തോളമാണ് സെന്‍സെക്സ് വളര്‍ച്ച നേടിയത്. കോര്‍പറേറ്റുകള്‍ മോഡിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഇതിന് കാരണം. വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ചെറുകിട നിക്ഷേപകരുടെ വാങ്ങിക്കൂട്ടലും മണ്‍സൂണ്‍ ഉടനുണ്ടാകുമെന്ന പ്രതീക്ഷയുമെല്ലാം ഇപ്പോഴത്തെ നേട്ടത്തിനു പിന്നിലുണ്ടെന്ന് മാര്‍ക്കറ്റിങ് രംഗത്തെ വിദഗ്ധര്‍ പറഞ്ഞു. ജിഎസ്ടി കൌണ്‍സിലിന്റെ നിരക്ക് നിശ്ചയിക്കലും ഡോളറിനെതിരെ രൂപയുടെ ഉറച്ചുനില്‍ക്കലും ക്രൂഡ് ഓയിലിന്റെ വിലയിടിവും കാരണമായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ സമ്മിശ്രമാണെങ്കിലും യൂറോപ്പിലെ മികച്ച തുടക്കവും ഇപ്പോഴത്തെ നേട്ടത്തിന് കാരണമായി. സെന്‍സെക്സില്‍ നേട്ടമുണ്ടാക്കിയ 30 ഓഹരികളില്‍ പ്രധാനപ്പെട്ടവ: ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, എം ആന്‍ഡ് എം, ഹീറോ മോട്ടോകോര്‍പ്, ഐസിഐസിഐ ബാങ്ക്, ഐടിസി ലിമിറ്റഡ്, ഒഎന്‍ജിസി, മാരുതി സുസുകി, വിപ്രോ, കോള്‍ ഇന്ത്യ. Read on deshabhimani.com

Related News