വയനാട്ടിലെ ഓറിയന്റല്‍ ഗ്രൂപ്പ് ചലച്ചിത്ര പഠന രംഗത്തേക്കും



ഹോട്ടല്‍ മാനേജ്മെന്റ് പരിശീലനരംഗത്ത് രണ്ടുപതിറ്റാണ്ടുകളായി സജീവസാന്നിധ്യമറിയിച്ച വയനാട്ടിലെ ഓറിയന്റല്‍ ഗ്രൂപ്പ് ചലച്ചിത്ര പഠനരംഗത്തേക്കും കടക്കുന്നു. കോഴിക്കോട് രാജ്യാന്തരനിലവാരം പുലര്‍ത്തുന്ന പരിശീലനമാകും ഓറിയന്റല്‍ സ്കൂള്‍ ഓഫ് മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുകയെന്ന് ഓറിയന്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ എന്‍ കെ മുഹമ്മദ് പറഞ്ഞു. ക്ളാസുകള്‍ ആഗസ്തില്‍ ആരംഭിക്കും. വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് മള്‍ട്ടിമീഡിയ, മാസ് കമ്യൂണിക്കേഷന്‍, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് എന്നിവയിലാണ് പരിശീലനമൊരുക്കുക.  ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് മുന്‍നിരയിലുള്ള ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ വയനാട്ടിലെ വൈത്തിരി വില്ലേജില്‍ വൈത്തിരി റിസോര്‍ട്ടിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനത്തിനും അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ട് കോളേജ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. കുട്ടികള്‍ക്ക് ഇവിടെ മുഖ്യ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. 1995ല്‍ ആരംഭിച്ച ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് കേരളത്തില്‍ ടൂറിസം പഠനരംഗത്ത് ആദ്യകാല സ്ഥാപനമാണ്. മികച്ച ടൂറിസം പഠനസ്ഥാപനമായി ടൂറിസംവകുപ്പ് തുടര്‍ച്ചയായി അഞ്ചുതവണ തെരഞ്ഞെടുത്തിട്ടുണ്ട്. 2009ല്‍ ആരംഭിച്ച ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കൂലീനറി ആര്‍ട്സും 2013ല്‍ തുടങ്ങിയ ഓറിയന്റല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും ഗ്രൂപ്പിന്റെ ഭാഗമാണ്. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യാന്തരതലത്തില്‍തന്നെ വിനോദവ്യവസായം, മാളുകള്‍, തീം പാര്‍ക്കുകള്‍, ആഡംബര കപ്പലുകള്‍, സ്പോര്‍ട്ടിങ് കേന്ദ്രങ്ങള്‍, ഏവിയേഷന്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരം ഉണ്ടെന്ന് മുഹമ്മദ് അറിയിച്ചു. 2 വര്‍ഷത്തിനുള്ളില്‍ 100 സ്പേസ് ബൌള്‍ ഓര്‍ഗാനിക് റസ്റ്റോറന്റുകള്‍ ഗ്രൂപ്പിന്റെ ടൂറിസംരംഗത്തെ ഏറ്റവും പുതിയ കാല്‍വയ്പായ  സ്പേസ് ബൌള്‍ റസ്റ്റോറന്റ് ശൃംഖല കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ റസ്റ്റോറന്റ്ശൃംഖല മുത്തങ്ങ, വൈത്തിരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ശാഖകള്‍ ആരംഭിച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വഴിയില്‍ ഇടത്താവളങ്ങളായി ഉപയോഗിക്കാവുന്ന സ്പേസ് ബൌളില്‍ ജൈവരീതിയിലുള്ള ലഘുഭക്ഷണങ്ങള്‍, പ്രാഥമിക വൈദ്യസഹായം, ക്ഷീണിതരെങ്കില്‍ വിശ്രമിക്കാനുള്ള സൌകര്യം, വൃത്തിയുള്ള ശൌചാലയം എന്നിവയെല്ലാം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.  സ്പേസ് ബൌളിനെ ഈ രംഗത്തെ ബ്രാന്‍ഡാക്കി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് അറിയിച്ചു. Read on deshabhimani.com

Related News