പ്രായവും നിക്ഷേപവും



കൊച്ചി > പ്രായവും നിക്ഷേപവും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ആവശ്യങ്ങളും വരുമാനത്തിന്റെ തോതും വ്യത്യസ്തമാകും. ജോലി ലഭിക്കുമ്പോള്‍തന്നെ എളിയ നിലയിലാണെങ്കിലും ഏതെങ്കിലും മേഖലയില്‍ നിക്ഷേപം ആരംഭിക്കണമെന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്്. പ്രായം കൂടുന്തോറും നിക്ഷേപവും കൂട്ടിക്കൊണ്ടുവരികയും വേണം. സാധാരണഗതിയില്‍ വരുമാനം ഏറ്റവും കൂടുക ഏകദേശം 40നും  55 വയസ്സിനും ഇടയിലാണ്. പ്രവര്‍ത്തനമേഖലയില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന സമയവുമാണിത്. ഈ സമയത്ത് കൂടിയ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള കഴിവും ഉണ്ടാകും. അതുകൊണ്ട് ഭവനവായ്പമുതലായവ 40 വയസ്സിനുശേഷം എടുക്കുന്നതാണ് ഉചിതം. 40 വയസ്സുമുതല്‍ 20 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ 60 വയസ്സാകുമ്പോഴേക്ക് തീരുകയും ചെയ്യും. നമുക്ക് ഏറ്റവും കൂടുതല്‍ വരുമാനവും കൂടാതെ ചെലവും ഈ സമയത്താണ് വരിക. കുട്ടികളുടെ ഉപരിപഠനം, വീട് വാങ്ങുക, റിട്ടയര്‍മെന്റിലേക്ക് തുക നീക്കിവയ്ക്കുക എന്നതൊക്കെ ഈ പ്രായത്തിലാണ്. ഭവനവായ്പാ നിരക്ക് ഇപ്പോള്‍ ഒമ്പത്ശതമാനത്തോളമാണ്. വായ്പാബാധ്യതയുള്ളവര്‍  നിക്ഷേപാനുപാതത്തില്‍ മാറ്റംവരുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഓഹരി അധിഷ്ഠിത നിക്ഷേപ അനുപാതം 60ല്‍നിന്ന് 50ലേക്കോ 40ലേക്കോ കുറയ്ക്കാവുന്നതാണ്. അതുവരെ കിട്ടിയ അധികവരുമാനം സുരക്ഷിതമായ സ്ഥിരനിക്ഷേപങ്ങളിലേക്കു മാറ്റാം. പലിശനിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ ഇവിടെ ശ്രദ്ധിക്കണം പ്രായം 60 വയസ്സിനു മുകളില്‍ എത്തിയാല്‍  തൊഴിലില്‍നിന്നു വിരമിച്ചശേഷം  വായ്പകളൊന്നും തുടരില്ലെന്ന് ഉറപ്പാക്കണം. അങ്ങനെയെങ്കില്‍  തിരിച്ചടവ് തവണകളും മറ്റ് ബാധ്യതകളും ഉണ്ടാകില്ല. പുതിയ ബാധ്യതകള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. റിസ്ക് കൂടിയ മേഖലകളിലെനിക്ഷേപാനുപാതം 30 ശതമാനത്തില്‍ താഴെയാക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ വേണം. ഓഹരി അധിഷ്ഠിത നിക്ഷേപം ഉണ്ടെങ്കില്‍ നഷ്ടസാധ്യത ദൈനംദിന ജീവിതച്ചെലവുകളെ ബാധിക്കരുത്. ഓഹരിനിക്ഷേപം ദീര്‍ഘകാലത്തേക്ക് ചെയ്യേണ്ട  ഒന്നാണ്. ഹ്രസ്വകാലത്തേക്ക് ഇതില്‍ നഷ്ടസാധ്യത കൂടുതലും ദീര്‍ഘകാലത്തേക്ക് നഷ്ടസാധ്യത കുറവുമാണ്. അതുകൊണ്ട് കുറഞ്ഞ പ്രായത്തില്‍ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും പ്രായംകൂടുന്നതിനനുസരിച്ച് അനുപാതം കുറച്ചുകൊണ്ടുവരികയുമാണ് വേണ്ടത്. അതുപോലെതന്നെ സ്ഥിര നിക്ഷേപങ്ങളിലേക്കുള്ള അനുപാതം കൂട്ടാവുന്നതുമാണ്. Read on deshabhimani.com

Related News