ഇന്ത്യയിലെ 6 നഗരങ്ങളിലേക്കു കൂടി എമിറേറ്റ‌്സ‌് ; സ‌്പൈസ‌് ജെറ്റുമായി ധാരണയിലെത്തി



കൊച്ചി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻ, ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ‌്പൈസ‌് ജെറ്റുമായുള്ള സഹകരണം വ്യാപിപ്പിക്കുന്നു. ആഫ്രിക്ക, അമേരിക്ക, യൂറോപ്പ‌്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്കും തിരിച്ച് ഇന്ത്യയിലേക്കും യാത്രചെയ്യുന്നവർക്ക‌് പുതിയ റൂട്ടുകൾ തുറക്കുന്ന പരസ്പര കോഡ്ഷെയർ കരാറിനുള്ള ധാരണാപത്രത്തിൽ രണ്ട് എയർലൈനുകളും  ഒപ്പുവച്ചു. ധാരണപ്രകാരം ഗൾഫ് രാജ്യങ്ങൾക്കുപുറമെ, ഇന്ത്യയിൽനിന്ന്  എമിറേറ്റ്സിന്റെ യൂറോപ്പ് ശൃംഖലയിലുള്ള ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, മാഞ്ചസ്റ്റർ, ആംസ്റ്റർഡാംപോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക്  വിവിധ ന​ഗരങ്ങളിലേക്ക് സ‌്പൈസ‌് ജെറ്റ് വിമാനങ്ങൾ കണക‌്ഷൻ ഫ്ളൈറ്റായി ഉപയോഗപ്പെടുത്താനാകും.  ​ ഗോവ, ഹുബ്ലി, ​ വിശാഖപട്ടണം, തൂത്തുക്കുടി തുടങ്ങിയ ഒമ്പത് ഇന്ത്യൻ ന​ഗരങ്ങളിലേക്ക് നിലവിൽ എമിറേറ്റ്സും സ‌്പൈസ‌്ജെറ്റും തമ്മിൽ കോഡ് ഷെയറിങ് ധാരണയുണ്ട്.   കോഴിക്കോട്, മംഗളൂരു, മധുര എന്നിവയടക്കം ആറു പുതിയ ന​ഗരങ്ങളിലേക്കാണ് ഇപ്പോൾ സഹകരണം വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെ എമിറേറ്റ്സിന്റെ യാത്രയ്ക്ക് ഈ പങ്കാളിത്തം കൂടുതൽ കരുത്തുപകരുകയും ഇന്ത്യയിലെ തങ്ങളുടെ ഉപയോ​ക്താക്കളുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് എമിറേറ്റ്സ് സ്ട്രാറ്റെജിക് പ്ലാനിങ്, എയ്റോപൊളിറ്റിക്കൽ അഫയേഴ്സ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ‌് അദ്നാൻ കാസിം പറഞ്ഞു. Read on deshabhimani.com

Related News