അപകടംമൂലം വരുമാനം വറ്റാതിരിക്കാന്‍ വേണം പരിരക്ഷ



നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുടെ എണ്ണം പെരുകുന്നത് ഭയാനകമാംവിധമാണ്. ഇന്ത്യയില്‍ ഓരോ മിനിറ്റിലും ഒരു റോഡപകടം സംഭവിക്കുകയും ഓരോ നാലു മിനിറ്റിലും അപകടംമൂലം ഒരാള്‍ മരിക്കുകയും ചെയ്യുന്നു. റോഡ്സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. അപകടംമൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തെക്കാള്‍ ഗുരുതരമായ പരിക്കുകള്‍ നേരിടുന്നവരുടെ എണ്ണം കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമ്പോഴും നമ്മുടെ സുരക്ഷയും പരിരക്ഷയുമൊക്കെ സ്വന്തം ഉത്തരവാദിത്തംകൂടിയായി കാണേണ്ടതുണ്ട്. അത്തരം ദുരന്തങ്ങള്‍ നമ്മെ സാമ്പത്തികമായ കെണിയില്‍ എത്തിക്കാതിരിക്കാന്‍ നാം മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അപകടത്തിനുശേഷം ഉണ്ടാകുന്ന ആശുപത്രിച്ചെലവുകള്‍ക്ക് കവറേജ് നല്‍കുകയും അപകടത്തിനുശേഷം ജോലി ചെയ്യാനാകാത്തവിധം ശരീരത്തിന് അവശത ബാധിക്കുകയാണെങ്കില്‍ അതിന് പരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക എന്നത് ഇത്തരം മുന്‍കരുതലുകളുടെ ഭാഗമാകണം. പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ മാത്രമാണ് ശുദ്ധമായ ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തോടെയുള്ള ടേം പോളിസികള്‍ പരിരക്ഷ നല്‍കുന്നത്. അതേസമയം ജോലിചെയ്യാനാകാത്തവിധത്തില്‍ ശാരീരിക അവശത നേരിടുകയാണെങ്കില്‍ ടേം പോളിസി പ്രയോജനപ്പെടില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളുടെ പരിരക്ഷ തുണയാകുന്നത്. അപകടത്തിനുശേഷമുള്ള സ്ഥിരമോ താല്‍ക്കാലികമോ ആയ ശാരീരിക അവശതമൂലം വരുമാനം ഇല്ലാതാകുന്ന സാഹചര്യങ്ങളിലാണ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പരിരക്ഷ നല്‍കുന്നത്. അപകടംമൂലം മാസങ്ങളോളം ജോലിചെയ്യാനാകാതെ വരുന്നവര്‍ക്ക് ഇത്തരം പോളിസികള്‍ വരുമാനം നല്‍കുന്നു. ജീവിതസുരക്ഷയ്ക്ക് ടേം പോളിസിയെടുക്കുന്നതിനൊപ്പം അപകടങ്ങള്‍മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സും എടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.  ഒരാളുടെ വരുമാനത്തിന്റെ ആറും എട്ടും ഇരട്ടിവരെ കവറേജ് നല്‍കുന്ന പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. അപകടംമൂലം മരണം സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാനും പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി ഉപകരിക്കുന്നു. സ്ഥിരമായി താമസിക്കുന്ന നഗരത്തിനു പുറത്തേക്കും സംസ്ഥാനത്തിനു പുറത്തേക്കും യാത്രചെയ്യുന്നവര്‍ക്ക് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി ഒഴിച്ചുകൂടാനാകാത്തതാണ്. പേഴ്സണല്‍ ആക്സിഡന്റ് കവറേജ് നല്‍കുന്ന പ്രത്യേക പോളിസികളും റൈഡറുകളുമുണ്ട്. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്. അടിസ്ഥാനപരമായ പരിരക്ഷ മാത്രമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ റൈഡറുകള്‍ മതിയാകും. ചെറിയ തുക അധിക പ്രീമിയമായി നല്‍കിയാല്‍ ടേം പോളിസിക്കൊപ്പം ഇത്തരം റൈഡറുകള്‍ ലഭ്യമാണ്. അതേസമയം സമഗ്രമായ പരിരക്ഷയ്ക്ക് പ്രത്യേക പോളിസിതന്നെ വേണ്ടിവരും. റൈഡറുകളുടേതിനെക്കാള്‍ പ്രത്യേക പോളിസിക്ക് പ്രീമിയം കൂടുതലാകും. ഇത് സംഅഷ്വേഡ് തുക, തെരഞ്ഞെടുക്കുന്ന കവറേജ്, ഭാവി വരുമാനസാധ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ചില കമ്പനികള്‍ പേഴ്സണല്‍ ആക്സിഡന്റ് പോളിസിയില്‍ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പ്രീമിയത്തില്‍ 10 ശതമാനം കിഴിവു നല്‍കുന്നുണ്ട്. Read on deshabhimani.com

Related News