വരുംതലമുറയ്‌ക്കായി രുചിയുടെ ജൈവമാതൃക



മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ രുചിയുടെയും മണത്തിന്റെയും ജൈവമാതൃകയാവുകയാണ് പത്തനംതിട്ട തുമ്പമണ്‍ മുട്ടം ഹെവന്‍വാലിയില്‍ വര്‍ഗീസ് തോമസ് എന്ന ഒറ്റയാള്‍ വ്യവസായ സംരംഭം. കറിപ്പൊടികളടക്കം മനുഷ്യര്‍ കഴിക്കുന്നതെല്ലാം മായം കലര്‍ത്തി മാത്രം ലഭിക്കുന്ന കാലത്ത് വര്‍ഗീസിന്റെ കുഞ്ഞു ഫാക്ടറിക്ക് ഏറെ പ്രാധാന്യമുണ്ട്. പൊടിക്കമ്പനികള്‍ പരസ്യത്തില്‍ പറയുന്നതുപോലെ "പ്രത്യേകം തെരഞ്ഞെടുത്ത സുഗന്ധദ്രവ്യങ്ങളുപയോഗിച്ച്'' നിര്‍മിച്ച കറിപ്പൊടികളും മസാലക്കൂട്ടുകളും തിരക്കുപിടിച്ച ജീവിതത്തില്‍ നിത്യസഹായിയായി മാറുന്നു. വിപണനത്തിന്റെ പുത്തന്‍ രീതികളിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതും കണ്ടുപഠിക്കേണ്ടതു തന്നെ. "അടുത്ത തലമുറക്കായി കലര്‍പ്പില്ലാതെ നിര്‍മിച്ചത്'' എന്നതാണ് വര്‍ഗീസ് തോമസിന്റെ ഒറ്റയാള്‍ കമ്പനിയുടെ ആപ്തവാക്യം. സ്വന്തമായി വ്യവസായം ആരംഭിക്കാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് പ്രചോദനവുമാണ് ഈ കുഞ്ഞന്‍ കറി പൌഡര്‍ കമ്പനി. എല്‍സാ കറിപൌഡര്‍ – തുടക്കം 2000ലാണ് വര്‍ഗീസ് തോമസ് കറിപൌഡര്‍ യൂണിറ്റ് തുടങ്ങുന്നത്. 22 വര്‍ഷത്തെ പ്രവാസി ജീവിതത്തിനുശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ ഒരു വരുമാനമാര്‍ഗം എന്നുമാത്രമേ ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ജനോപകാരപ്രദമായ വ്യവസായം എന്ന ആശയമാണ് ഹെവന്‍വാലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്കും എല്‍സാ കറിപൌഡര്‍ എന്ന ബ്രാന്‍ഡിലേക്കും വഴിതുറക്കുന്നത്. അങ്ങനെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് എന്ന എല്‍സയുടെ പേരില്‍ വ്യവസായ യൂണിറ്റ് തുടങ്ങി. നടന്‍ എന്‍ എല്‍ ബാലകൃഷ്ണനാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. മരണം തളര്‍ത്തിയ നാളുകള്‍ 2005ല്‍ ക്യാന്‍സര്‍ ബാധിച്ച് ഭാര്യയുടെ ആകസ്മിക മരണം വ്യവസായത്തുെം ബാധിച്ചു. ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവിട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. അന്നെല്ലാം നിശ്ചയദാര്‍ഢ്യം മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഭാര്യയുടെ മരണം ക്യാന്‍സറിനെതിരായ പോരാട്ടമെന്ന നിലയിലേക്ക് വ്യവസായത്തെ എത്തിക്കാന്‍ പ്രചോദനമേകി. പഴവും പച്ചക്കറികളും മാത്രമല്ല, കറിപ്പൊടികളും വിഷമുക്തമാകണ്ടേയെന്ന് അദ്ദേഹം ചോദിക്കുന്നു. വ്യവസായത്തില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് ക്യാന്‍സര്‍ രോഗികള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചതും ഇതിനുശേഷമാണ്. കച്ചവടത്തിന് പച്ചക്കൊടി ഉല്‍പാദിപ്പിക്കുന്ന മസാലകള്‍ വിറ്റഴിക്കാനുള്ള ഇടം കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പ്രാദേശികമായി പലചരക്കുകടകള്‍ വഴിയുളള വിപണനം പച്ചപിടിക്കില്ലെന്ന് തുടക്കത്തില്‍ത്തന്നെ മനസിലാക്കി. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു പ്രാദേശിക തലത്തില്‍നിന്നുള്ള പ്രതികരണങ്ങള്‍. എല്ലാവര്‍ക്കും പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മതിയെന്ന അവസ്ഥ. വിശ്വാസ്യമല്ലെന്ന കാരണം പറഞ്ഞ് നിരവധി പേര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മടി കാട്ടി. ഇത് വര്‍ഗീസിലെ വ്യവസായിയെ തളര്‍ത്തുന്നതിനു പകരം വാശിക്കാരനാക്കുകയാണ് ചെയ്തത്. വര്‍ഷങ്ങളോളം പരിചയക്കാര്‍ മാത്രമേ കറിപ്പൊടികള്‍ വാങ്ങിയുള്ളൂ. ആവശ്യക്കാര്‍ വിളിച്ചുപറയുന്നതനുസരിച്ച് എത്തിക്കുകയായിരുന്നു. വില്‍പനക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് ഓണ്‍ലൈന്‍ വ്യാപാരമെന്ന ട്രെന്‍ഡ് കടന്നുവരുന്നത്. അങ്ങനെ കച്ചവടം ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സഹായത്തോടെ 2015ല്‍ www.elsacurrypowder.com എന്ന വെബ്‌സൈറ്റ് രൂപംകൊണ്ടു. സമൂഹമാധ്യമങ്ങളിലൂടെ ആവശ്യക്കാരിലേക്കെത്താന്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത് വിദേശത്തുള്ള മകള്‍ അന്‍സിയാണ്. ആദ്യത്തെ ഓണ്‍ലൈന്‍ കറിപൌഡര്‍ സേവനമാണ് എല്‍സ. പരസ്യചിത്രവുമായതോടെ എല്ലാവരെയും പോലെ എല്‍സയും ബ്രാന്‍ഡ് ആയി മാറുകയായിരുന്നു. രുചിക്കൂട്ടുകള്‍ രണ്ടുമുറി മാത്രമുള്ള കറിപൌഡര്‍ യൂണിറ്റില്‍ എല്ലാതരം മസാലകളും ഉണ്ടാക്കുന്നുണ്ട്. മുളകുപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, മീന്‍കറി മസാല, സാമ്പാര്‍പൊടി, കുരുമുളക് പൊടി, ഗരം മസാല, ഇറച്ചി മസാല, അച്ചാര്‍പ്പൊടി, രസം പൊടി എന്നിവയും ബിരിയാണി മസാലയും ഈ ചെറുയൂണിറ്റില്‍ ഉല്‍പാദിപ്പിക്കുന്നു. തനിനാടന്‍ കൂട്ടുകള്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുകയാണ് ചെയ്യുന്നത്. ചുവന്ന മുളക് പിഞ്ചായിരിക്കുമ്പോള്‍ മാത്രമാണ് രുചിയുള്ളതെന്ന് വര്‍ഗീസ് സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായുള്ള ഗവേഷണത്തിലൂടെ എന്തുതരം കൂട്ടുകള്‍ ഉപയോഗിച്ചാല്‍ രുചിയും മണവും ലഭിക്കുമെന്ന് മനസിലാക്കിയാണ് മസാലകള്‍ നിര്‍മിക്കുന്നത്. മണത്തിനായി കൃത്രിമ എസന്‍സുകള്‍ ചേര്‍ക്കേണ്ട ആവശ്യമില്ല. ഗ്രാമ്പൂ പോലെയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും. കേരളത്തിനുള്ളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വ്യക്തിബന്ധമുള്ള കര്‍ഷകരില്‍നിന്ന് മാത്രമേ അസംസ്കൃത വസ്തുക്കള്‍ ഇപ്പോള്‍ ശേഖരിക്കുന്നുള്ളൂ. ഗുണമേന്മയുടെ കാര്യത്തില്‍ മാത്രം യാതൊരു വിട്ടുവീഴ്ചക്കും വര്‍ഗീസ് തയാറല്ല. പണം എത്ര വേണ്ടിവന്നാലും ഗുണം മുന്നില്‍ നില്‍ക്കണമെന്നത് നിര്‍ബന്ധം. നാട്ടില്‍ സ്വന്തമായി കൃഷി ചെയ്യുന്നവരില്‍നിന്നും ആവശ്യമായവ ശേഖരിക്കാന്‍ തയാറാണെന്ന് വര്‍ഗീസ് പറയുമ്പോള്‍ വിളകള്‍ക്ക് വിപണനസാധ്യതയില്ലാത്ത കര്‍ഷകര്‍ക്കും ഇത് പ്രതീക്ഷ നല്‍കുന്നു. ഓണ്‍ലൈനില്‍ ആവശ്യക്കാരേറെ വാങ്ങലും വില്‍ക്കലുമെല്ലാം ഇന്റര്‍നെറ്റിനെ ആശ്രയിച്ച് നടത്തുന്നവര്‍ക്കിടയിലേക്കാണ് നിത്യോപയോഗത്തിനുള്ള രുചിക്കൂട്ടുകള്‍ ഓണ്‍ലൈനില്‍ അവതരിച്ചത്. ഇത് വില്‍പ്പനയെ ഏറെ സഹായിച്ചു. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് മസാല ഉണ്ടാക്കാന്‍ തുടങ്ങിയതോടെ കച്ചവടം ലാഭത്തിലേക്ക് എത്തിത്തുടങ്ങി. ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിച്ചതോടെ എല്‍സ കറി പൌഡര്‍ എന്ന ബ്രാന്‍ഡ് ജനിക്കുകയായിരുന്നു. ഒട്ടുമിക്ക രജ്യങ്ങളിലേക്കും എല്‍സ ഇപ്പോള്‍ കയറ്റി അയക്കുന്നുണ്ട്. സ്പീഡ് പോസ്റ്റ് വഴിയാണ് രാജ്യത്തിന് പുറത്തേക്ക് എത്തിക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടാം ദിവസവും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, തുടങ്ങിയയിടങ്ങളില്‍ ഒരാഴ്ചക്കകവും രാജ്യത്തിന് പുറത്ത് രണ്ടാഴ്ചക്കുള്ളിലും പാഴ്സല്‍ കൈമാറിയിരിക്കും. വര്‍ഷം 25 ലക്ഷം രൂപയുടെ വില്‍പന നടക്കുന്ന കമ്പനിയില്‍ നഷ്ടത്തിന്റെ നിഴലുപോലുമില്ല. ഫാക്ടറിയില്‍ പാക്കിങ്ങിനും മറ്റും സഹായിയായി ഒരു തൊഴിലാളി മാത്രമാണുള്ളത്. ബാക്കിയെല്ലാത്തിനും തന്റെ അധ്വാനം മതിയെന്ന് അദ്ദേഹം പറയുന്നു.   പ്രകൃതിസ്നേഹിയായ വ്യവസായി വ്യവസായമെന്നത് പ്രകൃതിയെ നശിപ്പിച്ച് മാത്രം നടത്തിക്കൊണ്ടുപോകാവുന്നതാണെന്ന തെറ്റായ ധാരണകള്‍ക്കുള്ള മറുപടിയാണ് വര്‍ഗീസ് തോമസിന്റെ ഫാക്ടറി സ്ഥിതിചെയ്യുന്നയിടം. ജീവിതത്തിന്റെ നല്ലൊരു പങ്കും കൃഷിക്കും സസ്യങ്ങളെ പരിപാലിക്കുന്നതിനുമായി നീക്കിവച്ച വ്യവസായിയെ ആണ് ഹെവന്‍ വാലിയില്‍ കാണാന്‍ കഴിയുക. കറിവേപ്പ് മുതല്‍ വന്‍ വൃക്ഷങ്ങള്‍ വരെ വീടിന്റെ മുറ്റത്ത് പച്ചപ്പ് വിരിച്ച് നില്‍ക്കുന്നു. ഒരു ചൂടുകാലത്തിന്റെയും ബുദ്ധിമുട്ട് അറിയാതെ, വിയര്‍ത്തൊലിക്കാതെ നില്‍ക്കാവുന്നയിടം. പുരയിടത്തിന്റെ ഒരു കോണുപോലും ഒഴിച്ചിടാതെ ജീവശ്വാസത്തിന്റെ ഉറവിടങ്ങളായ മരങ്ങളെക്കൊണ്ട് നിറച്ചിരിക്കുന്നു. പുത്തന്‍ വ്യവസായം ആരംഭിച്ച ചെറുപ്പക്കാരന്റെ ചുറുചുറുക്കുണ്ട് അറുപത്തിമൂന്നാം വയസിലും വര്‍ഗീസിന്റെ വാക്കുകളില്‍. എട്ടുവര്‍ഷം മുന്‍പ് രണ്ടാമത് വിവാഹിതനായതോടെ പ്രകൃതിയോടിണങ്ങിയ ജീവിതത്തില്‍ ഒരു കൂട്ടായി. ഭാര്യ മരിയ ആലപ്പുഴ സ്വദേശിയാണ്. മകന്‍ അജയ് കുവൈറ്റില്‍ ജോലി ചെയ്യുന്നു. Read on deshabhimani.com

Related News