സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഇനി ഓൺലൈനിലും വാങ്ങാം



കൊച്ചി കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്താൻ ഒരുങ്ങി സപ്ലൈകോ. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോ​ഗ സാധനങ്ങൾ ഇനി ഓൺലൈനിലും ലഭ്യമാകും. സപ്ലൈകോ സൂപ്പർമാർക്കറ്റിലെയും മാവേലി സ്റ്റോറിലെയും വിലതന്നെയാകും ഓൺലൈനിലും ഈടാക്കുക. സബ്സിഡിയുള്ള ഉൽപ്പന്നങ്ങൾ ഒഴികെ സ്റ്റോറുകളിൽ സ്റ്റോക്കുള്ള ഏത് ഉൽപ്പന്നവും 23മുതൽ ഓൺലൈനിൽ കിട്ടും. ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി 21 വിൽപ്പന ശാലകളിലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 19 വിതരണ സ്ഥാപനങ്ങളുമായി സപ്ലൈകോ കരാറിലെത്തി. ഈ കമ്പനികളുടെ ആപ്പിലൂടെയാണ് ഓർഡർ ചെയ്യേണ്ടത്. ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിയ്ക്കും. supplycokerala.com എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഓരോ കമ്പനിയുടെയും ആപ്പിൽ ഡെലിവറി ചാർജ് എത്രയെന്ന് വ്യക്തമാക്കിയിരിക്കും. ഓരോ കമ്പനിക്കും നിശ്ചിത വിൽപ്പനശാലകൾ അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ കോർപറേഷൻ പരിധിയിൽ മാത്രമായിരിക്കും സേവനം ലഭ്യമാകുക. ഓരോ വിൽപ്പനശാലയുടെയും കീഴിൽ വരുന്ന വിതരണ സ്ഥാപനത്തിന്റെയും ആപ്പിന്റെയും വിവരങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. ഓൺലൈനിലെ വിൽപ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും വിലയിരുത്തി മറ്റു ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും,   ഗ്രാമപ്രദേശങ്ങളിൽക്കൂടി ഓൺലൈൻ സേവനമെത്തിക്കാൻ   സപ്ലൈകോ സ്വന്തം ആപ്പ് തയ്യാറാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. Read on deshabhimani.com

Related News