സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ റേറ്റിങ്



ഇന്ത്യയില്‍ താരതമ്യേന പുതിയ ആശയമാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ റേറ്റിങ് എന്നത്. ഇന്നും ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഇത്തരം വ്യവസായസംരംഭങ്ങളുടെ റേറ്റിങ് ഇന്ത്യയില്‍ ആരംഭിച്ചത് 2005ലാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ചെറിയ ഈടിന്മേലും കുറഞ്ഞ പലിശ നിരക്കിലും പെട്ടെന്ന് ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് പണം കടം ലഭിക്കുന്നതിന് ഇത്തരം ക്രെഡിറ്റ് റേറ്റിങ് വളരെ സഹായിക്കും എന്നതാണ് പ്രത്യേകത. ക്രെഡിറ്റ് റേറ്റിങ്ങിന്റെ മറ്റു പ്രത്യേകതകള്‍ താഴെപറയുന്നു. 1. സംരംഭത്തിന്റെ വിശ്വാസ്യത വര്‍ധിക്കും. 2. കോര്‍പറേറ്റ് മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയും മറ്റും ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ്ബന്ധങ്ങള്‍ ആരംഭിക്കാന്‍ ഇതു സഹായിക്കും. 3. ആഗോളതലത്തിലെ ഉപയോക്താക്കളെ  ആകര്‍ഷിക്കാനാകും. 4. സ്വന്തം പ്രവര്‍ത്തനമണ്ഡലത്തിലെ നല്ല പ്രവണ   തകളും  ശീലങ്ങളും പാലിക്കാന്‍ പ്രചോദനം നല്‍കും. 5. സ്വയം വിശകലനംചെയ്യാനും നില മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.  ഉല്‍പ്പാദനമേഖലയിലും സേവനമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമല്ല, വ്യാപാരരംഗത്തും പ്രവര്‍ത്തനങ്ങളുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും റേറ്റിങ്സേവനം ലഭിക്കുന്നതിനായി ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ സമീപിക്കാവുന്നതാണ്. ഇന്ത്യയിലെ പ്രധാന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ക്രിസില്‍, ഇക്ര, സ്മേര റേറ്റിങ്സ് എന്നിവയാണ്. ഇവയെ നേരിട്ടോ ധനകാര്യസ്ഥാപനങ്ങള്‍വഴിയോ സമീപിക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷ (എന്‍എസ്ഐസി)ന്റെ ചെറുകിടക്കാര്‍ക്കുള്ള ക്രെഡിറ്റ് റേറ്റിങ് പദ്ധതിപ്രകാരം എല്ലാ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും റേറ്റിങ്ങിനുള്ള ഫീസില്‍ ഇളവു ലഭിക്കും. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഈടാക്കുന്ന ഫീസിന്റെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി 40,000 രൂപവരെ എന്‍എസ്ഐസിവഴി സബ്സിഡി ലഭിക്കും. സാധാരണഗതിയില്‍ റേറ്റിങ്ങിനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ 20 ദിവസത്തിനകം റേറ്റിങ് നടപടി പൂര്‍ത്തിയാകും. മിക്ക റേറ്റിങ് എജന്‍സികളും എന്‍എസ്ഐസിയുടെ അംഗീകാരമുള്ളവയാണ്.  ഇത്തരത്തില്‍ ക്രെഡിറ്റ് റേറ്റിങ് ആനുകൂല്യം ലഭിക്കാന്‍ അപേക്ഷയോടൊപ്പം ഇഎം പാര്‍ട്ട്–2 അക്നോളജ്മെന്റ്, മൂന്നുവര്‍ഷത്തെ ഓഡിറ്റ്ചെയ്ത ബാലന്‍സ്ഷീറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, റേറ്റിങ്ങിന്റെ ഫീസ് രസീത് തുടങ്ങിയ രേഖകളെല്ലാം സമര്‍പ്പിക്കണം. Read on deshabhimani.com

Related News