പൊന്ന് തിളങ്ങി; മുളക് വാടി



കേരളത്തിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്‌ പ്രവേശിച്ചു. തിങ്കളാഴ്‌ച 24,320 രൂപയിൽ വിൽപ്പനയാരംഭിച്ച പവൻ വെള്ളിയാഴ്‌ച സർവകാല റെക്കോഡ്‌ വിലയായ 24,720 രൂപയായി. ഒരു ഗ്രാമിന്‌ വില 3090 രൂപയിലെത്തി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയുടെ റെക്കോഡാണ്‌ വിപണി തിരുത്തിയത്‌. ശനിയാഴ്‌ച പവന്‌ 160 രൂപ കുറഞ്ഞ്‌ 24,560 രൂപയിലെത്തി. ചിങ്ങത്തിലെ വിവാഹ സീസണിന്‌ മുന്നോടിയായി ആഗസ്‌തിൽ വീണ്ടും വിവാഹ പാർട്ടികൾ രംഗത്ത്‌ സജീവമാകും. ന്യൂയോർക്കിൽ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില തൊട്ടു. ട്രോയ്‌ ഔൺസിന്‌ 1340 ഡോളറിൽനിന്ന്‌ വാരാന്ത്യം 1359 ഡോളർവരെ മുന്നേറി. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ വിലക്കയറ്റത്തിന്‌ വേഗത പകർന്നു. വെള്ളിയാഴ്‌ച ഇടപാടുകളുടെ അവസാന മണിക്കൂറിൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചു. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ബുള്ളിഷ്‌ ട്രന്റ‌് നിലനിർത്തുകയാണ്‌. ഈ വാരം 1359 ഡോളറിലെ പ്രതിരോധം മറികടന്നാൽ 1387‐1420 ഡോളർവരെ വില ഉയർന്നേക്കാം. തേങ്ങയ്‌ക്ക്‌ സർക്കാർ സഹായം നാളികേര കർഷകർക്ക്‌ താങ്ങ്‌ പകരാൻ സംസ്ഥാന സർക്കാർ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാനുള്ള നീക്കത്തിലാണ്‌. കേരഫെഡ്‌ സൊസൈറ്റികൾ വഴി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി നാഫെഡിന്‌ കൈമാറും. നിലവിൽ ക്വിന്റലിന്‌ 2500 രൂപയാണ്‌ പച്ചത്തേങ്ങ വില. ഇത്‌ 2700 രൂപയായി ഉയർത്താനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. 9,521 രൂപയ്‌ക്കാകും കൊപ്ര സംഭരിക്കുക. കൊപ്രയുടെ വിപണി വില 8700 രൂപയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ ഉയർന്ന്‌ 13,000ൽ വ്യാപാരം നടന്നു. ഇടിഞ്ഞ മുളകിന്‌ ഉത്സവ പ്രതീക്ഷ ഹൈറേഞ്ചിൽ നിന്നുള്ള കുരുമുളക്‌ നീക്കം ചുരുങ്ങിയിട്ടും വില ഇടിഞ്ഞു. ഉത്തരേന്ത്യയിലെ ഉത്സവ സീസണിനായി ഉറ്റുനോക്കുകയാണ്‌ കാർഷിക മേഖല. കേരളത്തിലും കർണാടകത്തിലും വിളവെടുപ്പ്‌ പുർത്തിയായതിനാൽ ഓഫ്‌ സീസണിൽ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പോയവാരം 900 രൂപ ഇടിഞ്ഞ്‌ അൺ ഗാർബിൾ‌ഡ്‌ 34,300 രൂപയായി. ഗാർബിൾഡ്‌ കുരുമുളക്‌  36,300ൽ വ്യാപാരം നടന്നു.   Read on deshabhimani.com

Related News