ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം



ആദായനികുതി നിയമപ്രകാരമുള്ള നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് സാമ്പത്തികവര്‍ഷം കഴിഞ്ഞശേഷം വരുന്ന മാസങ്ങളിലാണ്. വ്യാപാരക്കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കേണ്ടതാണെങ്കില്‍ അത്തരം ബിസിനസുകാര്‍ക്കും, നിര്‍ബന്ധമായും കണക്കുകള്‍ ഓഡിറ്റ്ചെയ്യപ്പെടാന്‍ ബാധ്യതയുള്ള ജീവകാരുണ്യ സ്ഥാപനങ്ങള്‍, ലിമിറ്റഡ് കമ്പനികള്‍ മുതലായവയ്ക്കും, കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സമയംകൂടി അനുവദിച്ചതുകൊണ്ട് അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി സാമ്പത്തികവര്‍ഷം കഴിഞ്ഞുള്ള അടുത്ത സെപ്തംബര്‍ 30 ആണ്. സാമ്പത്തികവര്‍ഷം രണ്ടുകോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ തങ്ങളുടെ കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കി ലഭിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ശമ്പളക്കാര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍, പലിശ വരുമാനമുള്ളവര്‍, സ്ഥലമോ കെട്ടിടമോ വിറ്റിട്ട് മൂലധനലാഭം ലഭിച്ചവര്‍ മുതലായവര്‍ തങ്ങളുടെ റിട്ടേണുകള്‍ ജൂലൈ 31-ാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. വ്യക്തികള്‍ തങ്ങളുടെ മൊത്തവരുമാനം 2,50,000 രൂപയിലധികമാണെങ്കില്‍ മാത്രം നികുതിറിട്ടേണുകള്‍ സമര്‍പ്പിച്ചാല്‍ മതി. വിവിധയിനം കിഴിവുകള്‍ അനുവദിക്കുന്നതിനുമുമ്പുള്ള പരിധിയാണ് 2,50,000 എന്നു നിര്‍വചിക്കുന്നത്. അതായത് മൊത്തവരുമാനം നാലുലക്ഷം രൂപ വരികയും പിഎഫ്, ഇന്‍ഷുറന്‍സ് പ്രീമിയം, കുട്ടികളുടെ ട്യൂഷന്‍ഫീസ്, ഭവനവായ്പാ മുതലിലേക്കുള്ള തിരിച്ചടവ്, മറ്റു കിഴിവുകള്‍ മുതലായവ കണക്കാക്കുമ്പോള്‍ രണ്ടുലക്ഷത്തിന് 10,000 രൂപയില്‍ താഴെയാണെങ്കിലും നികുതിറിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ബാധ്യതയുണ്ട്. കമ്പനികള്‍, പാര്‍ട്ണര്‍ഷിപ് സ്ഥാപനങ്ങള്‍ മുതലായവ ലാഭമുണ്ടെങ്കിലും നഷ്ടമാണെങ്കിലും നിശ്ചിത തീയതിക്കുമുമ്പ് നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ബിസിനസ് നഷ്ടത്തിലാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ആ നഷ്ടം ലാഭത്തില്‍നിന്നും തട്ടിക്കിഴിക്കണമെങ്കില്‍ നഷ്ടത്തിലുള്ള വര്‍ഷം ആദായനികുതി റിട്ടേണ്‍ സമയത്തിനു നല്‍കണം. സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ ആ തെറ്റുതിരുത്തി പുതുക്കിയ റിട്ടേണ്‍ നല്‍കാനും നിയമത്തില്‍ അവസരമുണ്ട്. സാമ്പത്തികവര്‍ഷം കഴിഞ്ഞുള്ള രണ്ടുവര്‍ഷത്തിനകമാകണം ഇത്തരത്തില്‍ തെറ്റുതിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. റിട്ടേണ്‍ സമയത്തിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് അടുത്ത ഒരുവര്‍ഷത്തിനകം (നികുതിനിര്‍ണയവര്‍ഷം കഴിയുന്നതിനുമുമ്പ്) റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.ഫയല്‍ചെയ്ത റിട്ടേണില്‍ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിലോ അപൂര്‍ണമാണെങ്കിലോ ആദായനികുതി നിര്‍ണയ ഉദ്യോഗസ്ഥന്‍ (ഇന്‍കംടാക്സ് ഓഫീസര്‍) പ്രസ്തുത വിവരം നികുതിദായകനെ അറിയിച്ചാല്‍ ഇതു പരിഹരിക്കുന്നതിനും 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഈ 15 ദിവസത്തിനകമോ അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ തുടര്‍ന്ന് അനുവദിച്ച സമയത്തിനുമുമ്പോ ചൂണ്ടിക്കാണിച്ച അപൂര്‍ണത പരിഹരിച്ചില്ലെങ്കില്‍ ഫയല്‍ചെയ്ത റിട്ടേണ്‍ അസാധുവാകും. നികുതിദായകര്‍ തങ്ങളുടെ ആദായനികുതി റിട്ടേണ്‍ നിയമം അനുശാസിക്കുന്ന സമയത്ത് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ബാധ്യതയുള്ള നികുതിയുടെ മേല്‍ പിഴപ്പലിശയും പിഴയും വരുന്നതാണ്. Read on deshabhimani.com

Related News