ബിസിനസുകാര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം; അവസാന തീയതി സെപ്തംബര്‍ 31



ഓഡിറ്റിങ്ങിനു വിധേയമല്ലാത്തവര്‍ 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള തങ്ങളുടെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഈ മാസം അഞ്ച് ആയിരുന്നു. ഇനിയും സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ബാധകമായ നികുതിയും നിയമം അനുശാസിക്കുന്ന പിഴപ്പലിശയും ചേര്‍ത്ത് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. ബിസിനസുകാരായ നികുതിദായകര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവരുടെ മൊത്തം വിറ്റുവരവ്  രണ്ടുകോടി രൂപയില്‍ അധികമാണെങ്കില്‍ കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റ്ചെയ്യണം. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിനൊപ്പംസെപ്തംബര്‍ 31നുമുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാനും ഈ ബിസിനസുകാര്‍ക്ക് ബാധ്യതയുണ്ട്. ഇങ്ങനെ ഓഡിറ്റിങ്ങിനു വിധേയമായ കണക്കുകള്‍ അപ്രകാരം ഓഡിറ്റ്ചെയ്യുന്നില്ലെങ്കില്‍ വിറ്റുവരവിന്റെ അരശതമാനമോ ഒന്നരലക്ഷം രൂപയോ, ഏതാണ് കുറവ്, ആ തുക പിഴയായി ഒടുക്കേണ്ടിവരും. നികുതിയുടെമേല്‍ ചുമത്തുന്ന പിഴപ്പലിശകള്‍ക്കു പുറമെയാകും ഈ പിഴ ബാധകമാകുക. രണ്ടുകോടി രൂപയില്‍ താഴെ വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് തങ്ങളുടെ വിറ്റുവരവ് ബാങ്കുകളിലൂടെയാണ് ലഭിക്കുന്നതെങ്കില്‍ വിറ്റുവരവിന്റെ ആറുശതമാനവും പണമായാണ് ലഭിക്കുന്നതെങ്കില്‍ എട്ടുശതമാനവും വരുമാനം കണക്കാക്കി ആ തുകയ്ക്ക് നികുതി നല്‍കിയാല്‍ മതിയാവും. അനുമാന നിരക്കായ ആറു ശതമാനമോ എട്ടു ശതമാനമോ തങ്ങള്‍ക്കു വരുമാനമായി കിട്ടുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കി തങ്ങളുടെ വരുമാനം അനുമാനനിരക്കിലും താഴെയാണെന്നു സമര്‍ഥിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യേണ്ടിവരും. പങ്കാളിത്ത സ്ഥാപനങ്ങള്‍ (പാര്‍ട്ണര്‍ഷിപ്) അനുമാനനിരക്കു കണക്കാക്കിയശേഷം അതില്‍നിന്ന് പങ്കാളികളുടെ ശമ്പളവും മൂലധനത്തിനുള്ള പലിശയുമെല്ലാം കുറച്ചശേഷം നികുതി നല്‍കിയാല്‍ മതിയെന്ന സ്ഥിതിയായിരുന്നു 2015-16 സാമ്പത്തിക വര്‍ഷംവരെ ഉണ്ടായിരുന്നത്. എന്നാല്‍ 2016-17 സാമ്പത്തികവര്‍ഷംമുതല്‍ അനുമാന വരുമാനത്തില്‍നിന്ന് ഇത്തരം കിഴിവുകള്‍ അനുവദിക്കുന്നില്ല. അതിനാല്‍ അനുമാനനിരക്കില്‍ നികുതി നല്‍കിയിരുന്ന പങ്കാളിത്തസ്ഥാപനങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ നികുതി അടയ്ക്കേണ്ടിവരും. അല്ലാത്തപക്ഷം കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കേണ്ടതുണ്ട്്. ദൈനംദിന വ്യാപാര കണക്കുകളും ഓരോ ചെലവിനുള്ള ബില്ലുകളും വൌച്ചറുകളും എല്ലാം കൃത്യമായി സൂക്ഷിച്ചെങ്കില്‍ മാത്രമേ ഓഡിറ്റിങ് സാധ്യമാകുകയുള്ളു. നികുതിറിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ആദായനികുതിവകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് നികുതിദായകന്റെ പാന്‍നമ്പറില്‍ സ്രോതസ്സില്‍നിന്നു നികുതി പിടിച്ചതുമായി (ടിഡിഎസ്) ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒത്തുനോക്കണം. ഇത്തരം ആദായങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടോ എന്നു ബോധ്യപ്പെട്ട് വേണം നികുതിറിട്ടേണ്‍ സമര്‍പ്പിക്കാന്‍. ആദായനികുതിവകുപ്പ് നികുതിനിര്‍ണയം നടത്തുമ്പോള്‍ അധികബാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം. Read on deshabhimani.com

Related News