പ്രൊഫഷണലുകള്‍ ആദായനികുതി അടയ്ക്കുമ്പോള്‍



പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെട്ട അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്മാര്‍ മുതലായവര്‍ക്ക് 2016-17 സാമ്പത്തികവര്‍ഷംമുതല്‍ ബാധകമായ വകുപ്പാണ് ആദായനികുതിനിയമത്തിലെ സെക്ഷന്‍ 44എഡിഎ.   നടപ്പുസാമ്പത്തികവര്‍ഷം തങ്ങളുടെ പ്രൊഫഷനില്‍നിന്നു ലഭിക്കുന്ന ആകെ വരവ് 50 ലക്ഷത്തില്‍ താഴെയാണെങ്കില്‍ അതിന്റെ 50 ശതമാനം നികുതിവിധേയ വരുമാനമായി കണക്കാക്കി പ്രസ്തുത വരുമാനത്തിന് ബാധകമായ നിരക്കില്‍ നികുതി അടയ്ക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിന്റെ പ്രത്യേകത. അതായത്, കണക്കു ബുക്കുകള്‍ സൂക്ഷിക്കാതെതന്നെ വരവിന്റെ 50 ശതമാനം ചെലവാക്കിയതായി അനുമാനിക്കാനുള്ള അവസരം.   ചെലവിന്റെ ബില്ലുകളും വൌച്ചറുകളും സൂക്ഷിക്കേണ്ട ബാധ്യത ഇല്ലാതാക്കുന്നതു തന്നെ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്്. തന്റെ വരുമാനം മൊത്തവരവിന്റെ 50 ശതമാനത്തിലധികമാണെങ്കില്‍ ആ വരുമാനം വെളിപ്പെടുത്തിയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇനി നികുതിദായകനായ പ്രൊഫഷണല്‍ തന്റെ നികുതിവിധേയ വരുമാനം 50 ശതമാനമില്ലെന്ന് അവകാശപ്പെടുകയാണെങ്കില്‍ കണക്കുകള്‍ ശരിയാക്കി ചെലവുകള്‍ക്ക് അനുബന്ധമായ ബില്ലുകളും വൌച്ചറുകളുമെല്ലാം സൂക്ഷിച്ചുവച്ച് ചാര്‍ട്ടേഡ് അക്കൌണ്ടിന്റെ ഓഡിറ്റിങ്ങിനു വിധേയമാക്കി ആ റിപ്പോര്‍ട്ടിനൊപ്പം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.  മൊത്തവരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. കണക്കുകള്‍ ശരിയാക്കേണ്ടതില്ലെന്നു പറഞ്ഞെങ്കിലും പ്രൊഫഷണല്‍ ഫീസിനത്തില്‍ മൊത്തവരവ് എത്രയെന്ന് നികുതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം നികുതിദായകനാണ്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് ഇന്‍കംടാക്സിന്റെ സൈറ്റില്‍ കയറി തന്റെ പാന്‍നമ്പറില്‍ പിടിച്ചിട്ടുള്ള ടിഡിഎസ് എത്രയെന്നു ബോധ്യപ്പെട്ട് തന്റെ മൊത്തവരവുമായി ഒത്തുനോക്കുകയും വേണം. അതുപോലെ തന്റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ ഉറവിടവും വെളിപ്പെടുത്തുന്ന പ്രൊഫഷണല്‍ വരുമാനവുമായി പരസ്പരംബന്ധപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ഫോണ്‍: 9447058700 Read on deshabhimani.com

Related News