ഭവനവായ്പയെടുക്കുമ്പോള്‍ വേണം ഇന്‍ഷുറന്‍സ്



വീടു വാങ്ങാന്‍ ആവശ്യമായ പണം കൈവശമുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ മിക്കവര്‍ക്കും അത് സാധ്യമായെന്നുവരില്ല. ഭവനവായ്പയുടെ പലിശനിരക്ക് കുറഞ്ഞുവരികയും ഭവനവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യണമെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ അനുയോജ്യമായ സമയമാണിത്.  വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചില വ്യവസ്ഥകള്‍ പാലിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ അവ വായ്പ അനുവദിക്കുകയും വായ്പാതുക നിശ്ചയിക്കുകയും ചെയ്യുകയുള്ളൂ. നാം ഉദ്ദേശിക്കുന്ന തുക മുഴുവന്‍ വായ്പയായി നല്‍കാന്‍ ബാങ്കോ ധനകാര്യസ്ഥാപനങ്ങളോ തയ്യാറാകണമെന്നില്ല. സാധാരണ നിലയില്‍ ഭവനവിലയുടെ 80 ശതമാനമാണ് ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്. ബാക്കി 20 ശതമാനം വീട്ടുടമ സ്വന്തം കൈയില്‍നിന്ന് വിനിയോഗിക്കേണ്ടി വരുന്നതുകൊണ്ട് വായ്പയുടെ തിരിച്ചടവില്‍ വീഴ്ചവരാതിരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഭവനവിലയുടെ 80 ശതമാനം തുകതന്നെ ബാങ്കുകള്‍ നല്‍കണമെന്നുമില്ല. ഉദാഹരണത്തിന് വായ്പയെടുക്കുന്ന വ്യക്തിയുടെ മാസശമ്പളം 70,000 രൂപയാണെന്നും 70 ലക്ഷം രൂപ വിലവരുന്ന ഭവനമാണ് അദ്ദേഹം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും കരുതുക. ഭവനവിലയുടെ 80 ശതമാനം എന്നത് 56 ലക്ഷം രൂപയാണ്. 15 വര്‍ഷത്തേക്ക് ഒമ്പതുശതമാനം പലിശനിരക്കില്‍ വായ്പയെടുത്താല്‍ അദ്ദേഹം പ്രതിമാസം 56,000 രൂപ ഇഎംഐ അടയ്ക്കേണ്ടിവരും. 70,000 രൂപ മാസശമ്പളമുള്ള ഒരാള്‍ക്ക് ഇത്രയും തുക ഇഎംഐ അടച്ചശേഷം മറ്റ് ചെലവുകള്‍ നിര്‍വഹിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെ ഇഎംഐ വായ്പയെടുക്കുന്നയാളുടെ മാസശമ്പളത്തിന്റെ ഏകദേശം 50 ശതമാനത്തില്‍ കൂടുതല്‍ വരരുതെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്താറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ ഉദാഹരണത്തിലെ വായ്പാ അപേക്ഷകന് ഏകദേശം 35,000 രൂപ ഇഎംഐ വരുന്നവിധത്തില്‍ മാത്രമേ ബാങ്കുകള്‍ വായ്പ അനുവദിക്കുകയുള്ളൂ. 15 വര്‍ഷത്തേക്ക് ഒമ്പതുശതമാനം പലിശനിരക്കില്‍ വായ്പയെടുക്കുകയാണെങ്കില്‍ ഏകദേശം 35 ലക്ഷം രൂപയാകും വായ്പയായി ലഭിക്കുക. വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്താനുള്ള ബാധ്യത വായ്പയെടുക്കുന്നവര്‍ക്കുമുണ്ട്. ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നത് ഒരു സ്വപ്നസാക്ഷാല്‍കാരത്തിന്റെ ആദ്യപടി മാത്രമാണ്. സ്വന്തമായി ഭവനം എന്നത് യാഥാര്‍ഥ്യമായി എന്നതുകൊണ്ട് സ്വപ്നസാക്ഷാല്‍കാരം പൂര്‍ണമായിയെന്ന് കരുതരുത്. ആ വീട് എന്നും നമ്മുടേത് അല്ലെങ്കില്‍ കുടുംബത്തിന്റേതുതന്നെ ആകാന്‍ ചില റിസ്കുകള്‍ ഇന്‍ഷുറന്‍സിലൂടെ കവര്‍ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവന്നാല്‍ തിരിച്ചടവ് കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും. കുടുംബാംഗങ്ങള്‍ക്ക് ആ ബാധ്യത നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്ക് ജപ്തിപോലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഇത്തരം റിസ്കുകള്‍ മുന്നില്‍ക്കണ്ട് ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.  ഇഎംഐ തിരിച്ചടവ് തടസ്സപ്പെടുന്നത് രണ്ട് കാരണങ്ങള്‍മൂലമാകാം. ആദ്യത്തേത് വായ്പയെടുത്തയാളുടെ മരണം. രണ്ടാമത്തേത്, അസുഖം, അപകടം എന്നിവയാല്‍ ജോലിചെയ്യാനുള്ള ശാരീരികക്ഷമത നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഈ രണ്ട് സാഹചര്യങ്ങളെയും നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമാണ്. വായ്പയെടുത്തയാളുടെ മരണംമൂലം വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള മാര്‍ഗം ടേം ഇന്‍ഷുറന്‍സ് പോളിസിയാണ്. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ് ടേം ഇന്‍ഷുറന്‍സ്. കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്. ഇന്‍ഷുര്‍ചെയ്യുന്ന വ്യക്തി മരിച്ചാല്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുക ലഭിക്കും. അസുഖത്തെയോ അപകടത്തെയോ തുടര്‍ന്ന് ശാരീരികക്ഷമത നഷ്ടപ്പെടുന്ന സാഹചര്യം നേരിടുന്നതിന് ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ളാനിലൂടെ കവറേജ് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ടേം പ്ളാനുകള്‍ക്കൊപ്പം  ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡര്‍കൂടി ഉള്‍പ്പെടുത്തിയുള്ള ടേം പോളിസികളുണ്ട്. ഇത്തരം റൈഡറുകള്‍ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ പിടിപെട്ടാല്‍ സം ഇന്‍ഷ്വേര്‍ഡ് തുക നല്‍കുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കുന്ന റൈഡറുകളുമുണ്ട്. ഇരട്ടവരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച് ഇരട്ട ടേം പരിരക്ഷ~ഒഴിവാക്കാനാകാത്തതാണ്. ജീവിതപങ്കാളികള്‍ രണ്ടുപേരും ഒരുപോലെ ജീവിതത്തിലെ ദൈനംദിന ചെലവുകള്‍ക്കുള്ള വരുമാനം ആര്‍ജിക്കുമ്പോള്‍ ഭവനവായ്പയും മറ്റും സംയുക്തമായി എടുക്കുകയും വായ്പയുടെ തിരിച്ചടവുപോലുള്ള കാര്യങ്ങള്‍ ഇരുവരുടെയും കൂട്ടുത്തരവാദിത്തമാകുകയും ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ഒരുപോലെ പരിരക്ഷ ആവശ്യമാണ്. ജീവിതപങ്കാളികളില്‍ ആരുടെയെങ്കിലും ഒരാളുടെ മരണം വായ്പാ തിരിച്ചടവുപോലുള്ള കാര്യങ്ങളെ ബാധിക്കുമെന്നിരിക്കെ ഇരുവര്‍ക്കും തീര്‍ച്ചയായും പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ഇരുവര്‍ക്കും ടേം പ്ളാനും ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ളാനും ഉണ്ടാകണം. Read on deshabhimani.com

Related News