ഐടിഐ മ്യൂച്ചല്‍ ഫണ്ട് കൊച്ചിയില്‍ തുറന്നു



കൊച്ചി ഐടിഐ മ്യൂച്ചൽ ഫണ്ടിന്റെ കേരളത്തിലെ ആദ്യത്തെ ഓഫീസ് കൊച്ചിയിൽ തുറന്നു. കേരളം തങ്ങൾക്ക് പ്രധാനപ്പെട്ട വിപണിയാണെന്നും ഇവിടത്തെ നിക്ഷേപകർ കൂടുതൽ മൂല്യം ലഭിക്കുന്നതും സുരക്ഷിതവും  എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ നിക്ഷേപം നടത്തുന്നതിനാണ് പൊതുവിൽ താൽപ്പര്യം കാണിക്കുന്നതെന്നും  ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ഐടിഐ അസറ്റ് മാനേജ്മെന്റ‌് ലിമിറ്റഡ് സിഇഒയും സിഐഒയുമായ ജോർജ് ഹെബർ ജോസഫ് പറഞ്ഞു. ഉടൻതന്നെ തിരുവനന്തപുരത്ത് അടുത്ത ഓഫീസ് തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ചടങ്ങിൽ വി ​ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ‌് എംഡി മിഥുൻ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ഐടിഐ രണ്ട് മ്യൂച്ചൽ ഫണ്ട് പദ്ധതികളാണ് പുറത്തിറക്കിയിട്ടുള്ളത്. ഐടിഐ ലിക്വിഡ് ഫണ്ട് എന്ന കടപ്പത്ര നിക്ഷേപ പദ്ധതിയും ഐടിഐ മൾട്ടി ക്യാപ് ഫണ്ട് എന്ന ഓഹരി നിക്ഷേപ പദ്ധതിയും. ചെറുതും ഇടത്തരവും വലുതുമായ ഓഹരികളിൽ നിക്ഷേപം സാധ്യമാക്കുന്നതാണ് ഐടിഐയുടെ ഓഹരി നിക്ഷേപ പദ്ധതി. നല്ല രീതിയിൽ വളരുന്ന കമ്പനികളുടെ ഓഹരി വാങ്ങാനും നഷ്ടസാധ്യത പരമാവധി കുറച്ച് ദീർഘകാലത്തേക്ക് അവ നിലനിർത്തി മികച്ച വരുമാനം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് ഈ പദ്ധതി. ഐടിഐ ലിക്വിഡ് ഫണ്ട്, ബാങ്ക് നിക്ഷേപംപോലെ തന്നെ  ചെറിയ തുകകൾ നിക്ഷേപിക്കാനും എപ്പോൾ വേണമെങ്കിലും പിൻവലിക്കാനും താരതമ്യേന കൂടുതൽ ലാഭം നേടാനും അവസരമുള്ള പദ്ധതിയാണ്. സാമ്പത്തിക സേവനരം​ഗത്തെ വളർന്നുവരുന്ന കമ്പനിയായ ഐടിഐ ​ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ഐടിഐ മ്യൂച്ചൽ ഫണ്ട്. വിപണി കൃത്യമായി പഠിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്താൻ നിക്ഷേപകനെ സഹായിക്കുക എന്നതാണ് ഐടിഐ മ്യൂച്ചൽ ഫണ്ട് ലഭ്യമാക്കുന്ന പ്രധാന സാമ്പത്തിക സേവനം. Read on deshabhimani.com

Related News