റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില; പവന് 32,800 രൂപ



കൊച്ചി കോവിഡ്–-19 ലോക്ക്ഡൗണ്‍ ‍മൂലം സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സംസ്ഥാനത്ത് സ്വർണവില കുതിച്ചുകയറി. ചൊവ്വാഴ്ച പവന് 800 രൂപ വർധിച്ച് 32,800 രൂപയും ​ഗ്രാമിന് 100 രൂപ വർധിച്ച് 4,100 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണിത്. മാർച്ച് ആറിന് രേഖപ്പെടുത്തിയ 32,320 രൂപയാണ് ഇതുവരെ ഉണ്ടായ ഉയർന്ന വില. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വർണവില പവന് 30,640 രൂപയായിരുന്നു. എന്നാൽ 13 ദിവസംകൊണ്ട് 2,160 രൂപ കൂടി. ഈ വർഷം ഇതുവരെ പവന്‌ 3,800 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നുനിൽക്കുന്നതാണ് സംസ്ഥാനത്തും റെക്കോഡ് വിലക്കയറ്റത്തിന് കാരണമാകുന്നത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1659 ഡോളറിലെത്തി. കഴിഞ്ഞ നാല് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കോവിഡ്‌ വ്യാപനത്തെ തുടർന്ന് ആ​ഗോളതലത്തിൽത്തന്നെ വ്യപാരശാലകൾ അടഞ്ഞുകിടക്കുകയാണ്. സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞതിനാൽ വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വില കുത്തനെ കൂടിയത്. കോവിഡ്–-19 വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണത്തില്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതാണ് ആഗോളതലത്തില്‍ വില ഉയരാൻ കാരണം.  കടകൾ തുറന്നാലും വില ഉയർന്നുനിൽക്കുന്നതിനാൽ വിൽപ്പന കുറവായിരിക്കുമെന്നും ആ​ഗോള വിപണിയിലെ സ്ഥിതി പരി​ഗണിക്കുമ്പോൾ സമീപ ഭാവിയിൽ വിലയിൽ കാര്യമായ കുറവ് വരാൻ സാധ്യതയില്ലെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്‌ദുൾ നാസർ പറയുന്നു. Read on deshabhimani.com

Related News