വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നാല് ശതമാനമായി തുടരും; മൊറട്ടോറിയം നീട്ടില്ല



കൊച്ചി> വായ്പാ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വിപണിയിൽ പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് സമീപകാലത്ത് പല നടപടികളും ആര്‍ബിഐ സ്വീകരിച്ചിരുന്നു. മാർച്ചിൽ കോവിഡ് 19 വ്യാപനം ശക്തിപ്പെട്ടതിന് ശേഷം  ഇതുവരെ ആർബിഐ റിപ്പോ നിരക്കിൽ 1.15 ശതമാനം (115 ബേസിസ് പോയൻറ്)  കുറവ് വരുത്തി.  നിലവിൽ നാല് ശതമാനമാണ് റിപ്പോ നിരക്ക്. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ. റിസർവ് ബാങ്ക് ധനനയ സമിതിയുടെ മൂന്നു ദിവസം നീണ്ടു നിന്ന വായ്പാനയ അവലോക യോഗത്തിന് ശേഷമാണ് ഗവർണർ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. രാജ്യത്തിൻറെ യഥാർത്ഥ  ജിഡിപി വളർച്ച നെഗറ്റീവിലാണെന്നും തുടർച്ചയായ നാലാം മാസവും രാജ്യത്തെ ചരക്ക് കയറ്റുമതി ചുരുങ്ങിയെന്നും  രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കൂടുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.   ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ വിതരണ ശൃംഖലയിൽ തടസം നേരിട്ടതിനാൽ  ചില്ലറ വിൽപന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ  7.2 ശതമാനമായി ഉയർന്നിരുന്നു.  ലോക്ക് ഡൗണിൽ ഇളവ് വന്നതിനെത്തുടർന്ന് ജൂണിൽ അത് 6.1 ശതമാനമായി. ഉയർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ഭക്ഷ്യവിലക്കയറ്റം കടുത്ത വെല്ലുവിളിയാണെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.   മൊറട്ടോറിയം നീട്ടില്ല, വായ്പ പുനക്രമീകരിക്കാം രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെങ്കിലും വായ്പ മൊറട്ടോറിയം നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും പകരം  സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവിന് ശേഷിയില്ലാത്തവർക്ക് വായ്പകൾ പുനക്രമികരിച്ച്  നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 2020 മാർച്ച് ഒന്നുവരെ  കൃത്യമായി തിരിച്ചടച്ചവർക്കും 30 വർഷത്തിൽ താഴെ കുടിശികയുള്ളവർക്കുമാണ്  വായ്പ പുനക്രമീകരിക്കാൻ അവസരം നൽകുക.  വ്യക്തിഗത വായ്പകൾ, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ തുടങ്ങിയ എല്ലാത്തരം വായ്പപകൾക്കും കോർപ്പറ്റേറ്റ് വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഡിസംബർ 31  ന് മുമ്പ് നടപടികൾ ആരംഭിക്കാനാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപവരെയുള്ള വായ്പകൾ പുനക്രമീകരിക്കാൻ അവസരമൊരുക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ജിഎസ്ടി രജിസ്ട്രേഷനുള്ള കമ്പനികൾക്ക് മാത്രമെ ഈ സൗകര്യം ലഭ്യമാകൂ.   Read on deshabhimani.com

Related News