സംരംഭകര്‍ക്ക് ഒരു പുതിയ വായ്പാപദ്ധതി



കേരള സംസ്ഥാന മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സംരംഭകര്‍ക്കായി ഒരു പുതിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന സംരംഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഈ വായ്പാപദ്ധതിയില്‍ 25 ലക്ഷം രൂപവരെയാണ് പരമാവധി വായ്പ നല്‍കുന്നത്. ഇതില്‍ 6 ലക്ഷം രൂപവരെയുള്ള വായ്പയുടെ 5 ശതമാനം പരമാവധി 30,000 രൂപ ഒറ്റത്തവണ സബ്സിഡിയായി കോര്‍പറേഷന്‍ സംരംഭകര്‍ക്ക് നല്‍കും. സരള്‍ വ്യാപാര്‍, ചെറുകിട വാഹനവായ്പ (ഓട്ടോറിക്ഷ, ടാക്സി), ഹ്രസ്വകാല കാര്‍ഷിക, കാര്‍ഷിക അനുബന്ധ വായ്പ (കിസാന്‍  ക്രെഡിറ്റ് കാര്‍ഡ്) എന്നീ മൂന്നു മേഖലകളിലാണ് വായ്പ ലഭ്യമാകുന്നത്. കാര്‍ഷികസംരംഭകര്‍ക്ക് ഒരുലക്ഷം രൂപവരെയും സൂക്ഷ്മ ചെറുകിടസംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെയും ഈടില്ലാതെയും വായ്പ ലഭിക്കും. വായ്പകള്‍ക്കുള്ള മറ്റ് വ്യവസ്ഥകള്‍ ഐഡിബിഐ ബാങ്കില്‍ നിക്ഷിപ്തമാണ്. അതതു കാലങ്ങളിലെ എംഎസ്എംഇ വായ്പകള്‍ക്കുള്ള പലിശനിരക്കായിരിക്കും. വയ്പത്തുകയുടെ തിരിച്ചടവുകാലം ഐഡിബിഐ ബാങ്ക് തീരുമാനിക്കും. 12 മാസങ്ങള്‍ക്കുശേഷം തവണ കുടിശ്ശിക ഇല്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ കോര്‍പറേഷന്റെ പലിശ സബ്സിഡിക്ക് അര്‍ഹരാകുന്നുള്ളു. അപേക്ഷകര്‍ നിര്‍ബന്ധമായും സമുന്നതി ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന മെമ്പര്‍ഷിപ്പ്നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുമാണ്. കോര്‍പറേഷന്‍ ഇതേവരെ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ക്ക് മാത്രമേ ആനുകൂല്യം നല്‍കിയിരുന്നുള്ളു. തെരഞ്ഞെടുക്കുന്ന 200 ഗുണഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ വായ്പ നല്‍കുന്നത്്. 12 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മുന്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ് ലേഖകൻ   Read on deshabhimani.com

Related News