ആരോഗ്യമേഖലയില്‍ പുതുമകളുമായി മെയ്ത്ര



കോഴിക്കോട് > ആശുപത്രിസംവിധാനങ്ങളിലും രോഗീപരിചരണത്തിലും പുതുമകളുമായി മെയ്ത്ര ഹോസ്പിറ്റല്‍ ഈ മാസം കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ അവസാന ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് അമേരിക്കയിലെ ക്ളീവ് ലാന്‍ഡ് ആശുപത്രിയുമായി സഹകരണമുള്ള മെയ്ത്രയില്‍ വിദഗ്ധരുടെ നിരന്തര ശ്രദ്ധയും നൂതന രോഗീപരിചരണ സംവിധാനങ്ങളും ഒരുക്കുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ആദ്യ കടലാസ്രഹിത ആശുപത്രിയാകാന്‍ ഒരുങ്ങുന്ന മെയ്ത്രയില്‍ ചികിത്സാവിവരങ്ങള്‍ കൃത്യമായി ആശയ വിനിമയം നടത്താനാകുന്നതരത്തിലുള്ള മോണിറ്ററിങ് സംവിധാനമുണ്ട്. ബാര്‍കോഡുള്ള യൂണിഡോസ് മെഡിസിന്‍ എന്ന പ്രത്യേക പാക്കിങ്സംവിധാനം, മരുന്നുകള്‍ രോഗിയുടെ കൈയിലെ ബാര്‍കോഡുമായി യോജിച്ചാല്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്ന രീതിയിലുള്ള കൃത്യത ഉറപ്പാക്കുന്നു. ആഗോളതലത്തിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇവിടെ ക്ളീവ് ലാന്‍ഡിലെ മെഡിക്കല്‍സംഘം വിദഗ്ധപരിശീലനം നല്‍കുകയും നിരന്തര നിരീക്ഷണം നടത്തുകയും ചെയ്യുന്നു. മെയ്ത്രയിലെ രോഗീപരിചരണ രീതികള്‍ തയ്യാറാക്കുന്നതും അവിടെനിന്നുള്ള വിദഗ്ധരാണ്. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ  ചികിത്സ ലഭ്യമാക്കണമെന്നതാണ് മെയ്ത്രയുടെ കാഴ്ചപ്പാടെന്ന് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ചികിത്സയൊരുക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മാനേജിങ് ഡയറക്ടര്‍ പി കെ മൊയ്തു കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 19 പ്രത്യേക ചികിത്സാവിഭാഗങ്ങളുള്ള ആശുപത്രിയായി ഇത് മാറും. കാര്‍ഡിയോളജി, ന്യൂറോളജി, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍, ഓര്‍ത്തോപീഡിക്സ്, റുമറ്റോളജി എന്നിവയില്‍ അതിവിദഗ്ധ ചികിത്സ ലഭ്യമാക്കും. തീവ്രപരിചരണത്തിനായുള്ള ഐസിയുവില്‍ ഓരോ രോഗിക്കും സ്വകാര്യത ഉറപ്പാക്കാനായി ഓരോ ക്യൂബിക്കിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവിടെ അടിയന്തരഘട്ടം തരണംചെയ്ത രോഗികളുടെ കൂടെയുള്ളവര്‍ക്ക് ഒപ്പംനില്‍ക്കാനുള്ള അനുവാദവുമുണ്ട്.  രോഗീകേന്ദ്രീകൃത ചികിത്സാസംവിധാനങ്ങളാണ് ആശുപത്രിയുടെ മറ്റൊരു പ്രത്യേകതയെന്ന്  മെഡിക്കല്‍ ഡയറക്ടറും രാജ്യത്തെ മുന്‍നിര ഹൃദ്രോഗ ചികിത്സവിദഗ്ധനുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. വിദേശരാജ്യങ്ങളിലേതുപോലെയുള്ള രോഗീസൌഹൃദ ഡിസൈനില്‍ വിശാലമായാണ് ആശുപത്രി നിര്‍മാണവും- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കടലാസ്രഹിത ആശുപത്രിയാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ മെഡിക്കല്‍ ഫയലിനുപകരം കംപ്യൂട്ടര്‍ ഓണ്‍ വീല്‍സ് എന്ന പുതിയ ആശയം നടപ്പാക്കിയിരിക്കുന്നു. എല്ലായിടത്തും അതിവേഗ വൈഫൈ ലഭ്യമായതിനാല്‍ രോഗിയുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് എവിടെയിരുന്നും ഓണ്‍ലൈനായി അറിയാനാകും. രോഗിയുടെ സഞ്ചാരത്തിനായി കെയര്‍ പാത്ത് എന്ന പ്രത്യേക സൌകര്യവുമുണ്ട്. റോബോട്ടുകളുടെ സഹായത്തോടെയുള്ള ഹൈബ്രിഡ് കാത്ലാബ്, ഓപ്പറേഷന്‍ തിയറ്ററില്‍തന്നെ സി ടി സ്കാന്‍ ചെയ്യാനുള്ള ഒവാം എന്ന സംവിധാനം ഇവയൊക്കെ കേരളത്തില്‍ ആദ്യമാണെന്ന് ഡോ. അലി പറഞ്ഞു. ആശുപത്രി പ്രവര്‍ത്തനം വിലയിരുത്താനും ജീവനക്കാര്‍ക്ക് പരിശീലനമൊരുക്കാനും ക്ളീവ് സ്ലാന്‍ഡില്‍നിന്നുള്ള സംഘം ആറുമാസംകൂടുമ്പോള്‍ ആശുപത്രിയിലെത്തും. ആശുപത്രി പ്രവര്‍ത്തനസജ്ജമാകുന്നതോടെ കോഴിക്കോട്ടെ ആരോഗ്യ പരിപാലന സൌകര്യങ്ങളും ആഗോളനിലവാരത്തിലേക്ക് ഉയരുമെന്നതിനാല്‍ വിദേശത്തുനിന്നുള്ള രോഗികളെ പരിചരിക്കാനുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്.  ആദ്യഘട്ടത്തില്‍ അഞ്ചുനിലകളില്‍ 209 കിടക്കകളുമായി ആരംഭിക്കുന്ന ആശുപത്രിക്കെട്ടിട നിര്‍മാണം റെഡിമെയ്ഡായി ചെയ്യുന്ന പ്രീകാസ്റ്റ് സാങ്കേതികവിദ്യ അനുസരിച്ചാണ് നിര്‍മിച്ചിട്ടുള്ളത്്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കിടക്കകളുടെ എണ്ണം 500 ആയി ഉയരും. ഓഫ്സൈറ്റ് സാങ്കേതികവിദ്യയില്‍ ആഗോള പ്രശസ്തരായ സിംഗപ്പുര്‍ ആസ്ഥാനമായുള്ള കെഫ് ഹോള്‍ഡിങ്സാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്.  കെഫിന്റെ മറ്റൊരു ചുവടുവയ്പായ കെഫ്ഹെല്‍ത്തും കേരളത്തിലെ മുന്‍നിര വ്യവസായികളായ പി കെ ഗ്രൂപ്പും ഡോ.അലി ഫൈസലും ചേര്‍ന്നുള്ള പിഎംഎച്ച്പി ഹോള്‍ഡിങ്സിന്റെ കീഴിലാണ് മെയ്ത്ര. ഭാവിയില്‍ ആരോഗ്യമേഖലയിലെ അറിയപ്പെടുന്ന ഗവേഷണകേന്ദ്രമാകുകയാണ് ലക്ഷ്യം. മൂന്നുവര്‍ഷത്തിനുള്ളില്‍ മെയ്ത്ര കോഴിക്കോട്ടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നതിനൊപ്പം പാലക്കാടും കണ്ണൂരും പുതിയ ആശുപത്രികള്‍ ആരംഭിക്കും. കെഫ് ഹോള്‍ഡിങ്സ് സാരഥി ഫൈസല്‍ കൊട്ടിക്കോളന്‍, പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ്, ഡോ. അലി ഫൈസല്‍, മാനേജിങ് ഡയറക്ടര്‍ പി കെ മൊയ്തു തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. Read on deshabhimani.com

Related News