സ്വര്‍ണത്തില്‍ നിക്ഷേപ താല്‍പ്പര്യം ഉയര്‍ന്നേക്കും



കൊച്ചി > ആഗോള സ്വര്‍ണവിപണി തുടര്‍ച്ചയായ അഞ്ചാംവാരവും മികവ് നിലനിര്‍ത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. സംസ്ഥാനത്ത് പവന്റെ വില ചാഞ്ചാടി. റബര്‍ അവധിനിരക്കുകള്‍ ഉയര്‍ന്നതിനിടയില്‍ വ്യവസായികളുടെ പിന്തുണ കുറഞ്ഞത് വിപണിയുടെ കരുത്തുചോര്‍ത്തി. ആഭ്യന്തര ആവശ്യം കുറഞ്ഞത് കുരുമുളകിന് തിരിച്ചടിയായി. വെളിച്ചെണ്ണ മാസാരംഭ‘ആവശ്യം ഉയരുമോ എന്ന് നോക്കുന്നു. കേന്ദ്രബാങ്കുകള്‍ പലതും പലിശനിരക്കില്‍ ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതോടെ നിക്ഷേപകരുടെ ശ്രദ്ധ മഞ്ഞലോഹത്തിലേയ്ക്കു തിരിഞ്ഞു. രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിലെ നിക്ഷേപതാല്‍പ്പപര്യം കനത്തതോടെ രണ്ടുവര്‍ഷത്തെ ഏറ്റവും ആകര്‍ഷകമായ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസര്‍വ് അടുത്ത അവലോകനത്തില്‍ പലിശനിരക്കില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാവുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തികരംഗം. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ബാങ്ക് ഓഫ് ഇംഗ്ളണ്ടിനെയും പലിശനിരക്കില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാക്കും. ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്യന്‍ കേന്ദ്രബാങ്കിനെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നതിനാല്‍ സ്വര്‍ണത്തിലെ നിക്ഷേപതാല്‍പ്പര്യം വര്‍ധിക്കാം.   രാജ്യാന്തര മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1314 ഡോളറില്‍ ഇടപാടുകള്‍ക്ക് തുടക്കംകുറിച്ച സ്വര്‍ണം വെള്ളിയാഴ്ച 1345.60 ഡോളര്‍വരെ മുന്നേറി. വാരാവസാനത്തിലെ ഈ കുതിപ്പിന്റെ ചുവടുപിടിച്ച് കേരളത്തില്‍ അന്ന് രണ്ടുതവണ പവന്റെ നിരക്ക് ഉയര്‍ന്നു. എന്നാല്‍, 22,640ല്‍നിന്ന് വാരമധ്യം 22,160ലേയ്ക്ക് ഇടിഞ്ഞ പവന്‍—ശനിയാഴ്ച 22,440 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2805 രൂപ. ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിനുമുന്നില്‍ രൂപയുടെ മുല്യം 68.10ല്‍നിന്ന് 67.15ലേയ്ക്ക് മെച്ചപ്പെട്ടത് ഇറക്കുമതിച്ചെലവ് കുറച്ചു. ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പിനെ ഇത് ചെറിയ അളവില്‍ പിടിച്ചുനിര്‍ത്തി.  സംസ്ഥാനത്തെ റബര്‍വിലയില്‍ വന്‍ ചാഞ്ചാട്ടം നിലനിന്നു. അവധിവ്യാപാരത്തില്‍ റബര്‍വില ഉയര്‍ന്നതിനൊപ്പം വിതരണക്കാര്‍ വില ഉയര്‍ത്തി ഷീറ്റ് ശേഖരിക്കാന്‍ രംഗത്തിറങ്ങിയത് വ്യാപാരരംഗം ചൂടുപിടിക്കാന്‍ അവസരമൊരുക്കി. അതേസമയം, വന്‍ വിലക്കയറ്റത്തെ തടയാന്‍ ടയര്‍ലോബി പ്രമുഖ മാര്‍ക്കറ്റുകളില്‍നിന്ന് വാരത്തിന്റെ രണ്ടാംപകുതിയില്‍ അകന്നു. ആര്‍എസ്എസ് നാലാംഗ്രേഡ് 13,500 രൂപയില്‍നിന്ന് 14,300 വരെ ഉയര്‍ന്ന് വിപണനം നടന്നശേഷം വാരാന്ത്യം 14,100ലാണ്. അഞ്ചാംഗ്രേഡ് റബര്‍ 13,800ലും ലാറ്റക്സ് 9500ലും ക്ളോസിങ് നടന്നു. നാലുമാസത്തെ ഉയര്‍ന്ന റേഞ്ചിലേയ്ക്ക് പ്രവേശിച്ച വിപണി ജൂണില്‍ 12 ശതമാനം കുതിപ്പ് കാഴ്ച്ചവച്ചു. എന്നാല്‍, രാജ്യാന്തരവിപണിയില്‍ ജൂണില്‍ റബര്‍വില 15 ശതമാനം ഉയര്‍ന്നു. വിലയിലെ വ്യത്യാസം ഇറക്കുമതി വര്‍ധിപ്പിച്ചേക്കാം. കാലാവസ്ഥ തെളിഞ്ഞതിനിടയില്‍ കര്‍ഷകര്‍ നാളികേരവിളവെടുപ്പിന് കാണിച്ച ഉത്സാഹം ഗ്രാമീണവിപണികളില്‍ പച്ചത്തേങ്ങലഭ്യത വര്‍ധിപ്പിച്ചു. അതേസമയം, മില്ലുകാര്‍ കൊപ്ര സംഭരണത്തിന് താല്‍പ്പര്യം കാണിക്കാതെ സ്റ്റോക്കുള്ള വെളിച്ചെണ്ണ വില്‍പ്പനയ്ക്കിറക്കാന്‍ തിടുക്കംകാണിച്ചതുമൂലം നിരക്ക് 7600ലേയ്ക്ക് താഴ്ന്നു. കൊപ്രയ്ക്ക് 65 രൂപ കുറഞ്ഞ് 5200 രൂപയായി. റമദാന്റെ ആവശ്യവും മാസാരംഭമായതിനാല്‍ പ്രാദേശിക ആവശ്യവും വര്‍ധിക്കും. ഉത്തരേന്ത്യയില്‍നിന്ന് കുരുമുളകിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ വില താഴ്ന്നു. വിദേശരാജ്യങ്ങളില്‍നിന്ന് പുതിയ ഓര്‍ഡറുമില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 500 രൂപ താഴ്ന്ന് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് കുരുമുളക് 72,000ലും ക്ളോസിങ് നടന്നു. Read on deshabhimani.com

Related News