മാതൃദിനം: വെല്ലുവിളിയുടെ നാളുകളില്‍ എല്ലാവര്‍ക്കും അമ്മമനസുണ്ടാകട്ടെ: കെകെ ശൈലജ



കൊച്ചി> അമ്മയാകാന്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും കഴിയുമെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അതും മാതൃസമാനമായ സ്നേഹമായിത്തന്നെ കരുതണം. ഇന്ന് ലോകജനത വലിയ പരിഗണന ആഗ്രഹിക്കുന്ന സമയമാണ്. മനുഷ്യരാശിയെ ആകെ വിറപ്പിച്ചുകൊണ്ട് പടര്‍ന്നു പിടിക്കുന്ന സാര്‍സ് കൊറോണാ വൈറസ് 2 പെട്ടെന്ന് പിന്‍വാങ്ങുന്ന ലക്ഷണം കാണുന്നില്ല. ജനിതക ഘടനയില്‍ മാറ്റം വന്ന വൈറസുകള്‍ കേരളത്തിലും പരക്കുന്നു. മരണം കുറച്ചുനിര്‍ത്തുക തന്നെയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.  കോവിഡ് ബാധിതരായിട്ടുള്ള ആളുകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല, ചിലര്‍ മാനസികമായും തകര്‍ന്നുപോകുന്നു. അതുകൊണ്ടാണ് കൗണ്‍സിലിംഗ് സെന്ററുകളും കോള്‍ സെന്ററുകളും ഒക്കെ സ്ഥാപിച്ചുകൊണ്ട് കോവിഡ് ബാധിതരെ വിളിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഒരുപാട് കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടിനകത്തുവച്ചും ഉപദ്രവിക്കപ്പെടുന്നു. മാതാപിതാക്കളുടെ കിടമത്സരത്തിനിടയില്‍ കുഞ്ഞുങ്ങളുടെ മനസാണ് പിടഞ്ഞുപോകുന്നത്. മോശം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും നല്ല പൗരന്മാരാകില്ല. പ്രായം ചെന്ന മാതാപിതാക്കളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ട്. അപൂര്‍വം കേസുകളില്‍ പെറ്റമ്മമാര്‍ തന്നെയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു. ഈ ക്രൂരത അനുവദിയ്ക്കാനാവില്ല. ഇത്തരം ആളുകളെ നേര്‍വഴിയ്ക്കു നയിക്കാന്‍ നിയമ നടപടികള്‍ പ്രയോഗിക്കുക തന്നെ വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.  ജന്മം കൊണ്ട് മാത്രമല്ല കര്‍മം കൊണ്ടും അമ്മായാകാമെന്ന് ശൈലജ ടീച്ചര്‍ തെളിയിച്ചതായി ചലച്ചിത്രതാരവും ലോകകേരളസഭാംഗവും അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളുമായ ആശാ ശരത് പറഞ്ഞു.  കോവിഡ് പരിമിതി മൂലം സൂം വഴി സംഘടിപ്പിച്ച ഈ വര്‍ഷത്തെ പരിപാടിയില്‍ അസറ്റ് ഹോംസ് അപ്പാര്‍ട്ട്മെന്റുകളും വില്ലകളുമുള്‍പ്പെട്ട 64 ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന 5000-ത്തിലേറെ വരുന്ന അമ്മമാരെയും അസറ്റ് ജീവനക്കാരുടെ അമ്മമാരെയും പങ്കെടുത്തു   Read on deshabhimani.com

Related News