കരകൗശലം @ ഓണ്‍ലൈന്‍: വിപണന പോർട്ടൽ പുറത്തിറക്കി



തിരുവനന്തപുരം>  വിപണിയില്‍ സാനിധ്യം ശക്തമാക്കുന്നതിന് കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടല്‍ പുറത്തിറക്കി. ഉല്‍പന്നങ്ങള്‍ ഇനിമുതല്‍  www.keralahandicrafts.in  എന്ന പോര്‍ട്ടലിലൂടെയും ലഭ്യമാകും. പോര്‍ട്ടല്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഈ പോര്‍ട്ടലിലൂടെ ഉപഭോക്താക്കള്‍ക്ക്  ഉല്‍പ്പന്നങ്ങളെകുറിച്ച് വിശദമായി മനസ്സിലാക്കാനാകും. ഉല്‍പ്പന്നങ്ങളുടെ സവിശേഷതകളും അതു നിര്‍മ്മിച്ച കലാകാരന്‍മാരുടെ വിവരങ്ങളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങല്‍ ഓര്‍ഡര്‍ ചെയ്യാനും  പണം അടയ്ക്കാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്.  തടി, മുള, ലോഹങ്ങള്‍, കളിമണ്ണ് തുടങ്ങിയവ  ഉപയോഗിച്ച് നിര്‍മ്മിച്ച മനോഹരവും പ്രകൃതിസൗഹൃദവുമായ ഉല്‍പ്പന്നങ്ങളാണ് കരകൗശല വികസന കോര്‍പ്പറേഷന്റേത്. നമ്മുടെ ശില്‍പ്പികളുടെ കരവിരുത് മിതമായ നിരക്കില്‍ ലോകമെമ്പാടും എത്തിക്കാന്‍ ഇതിലൂടെ കഴിയും. ഒപ്പം കേരളത്തിന്റെ തനത് കരകൗശല ഉല്‍പ്പന്നങ്ങളുടെ വ്യാജപ്പതിപ്പുകളെ നിയന്ത്രിക്കാനുമാകും.  കോര്‍പ്പറേഷന്റെ വിപണനശൃംഖലയായ കൈരളിയുടെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ നിലവില്‍ വിപണനം നടത്തുന്നുണ്ട്. സ്വന്തം പോര്‍ട്ടല്‍ വരുന്നതോടെ ഓണ്‍ലൈന്‍ വിപണനരംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ കോര്‍പ്പറേഷനു സാധിക്കും.  സി-ഡിറ്റിന്റെ സഹായത്തോടെയാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. കരകൗശല മേഖലയില്‍ 3 ലക്ഷത്തോളം പേരാണ് കേരളത്തില്‍  പണിയെടുക്കുന്നത്. കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും  തൊഴിലവസരം വര്‍ദ്ധിപ്പിക്കാനും ഓണ്‍ലൈന്‍ വിപണനം സഹായിക്കും. പുതുമയാര്‍ന്ന ഉല്‍പന്നങ്ങളുമായി കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലിലായി ഓണം മേളകളും ആരംഭിച്ചിട്ടുണ്ട്. വലിയ തിരക്കാണ് മേളകളില്‍ അനുഭവപ്പെടുന്നത്. കേരളത്തിന്റെ തനത് ഉല്‍പന്നങ്ങളോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉല്‍പന്നങ്ങളും മേളകളില്‍ ഒരുക്കിയിട്ടുണ്ട്. ഡിസൈന്‍ ആന്റ് ടെക്നോളജി വര്‍ക്ക്ഷോപ്പുകള്‍, ശില്‍പ്പികള്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍, 10,000 കരകൗശല തൊഴിലാളികള്‍ക്ക് 10,000 രൂപ  വിലവരുന്ന ടൂള്‍ കിറ്റുകള്‍ സൗജന്യമായി വിതരണം തുടങ്ങി കരകൗശല മേഖലയുടെ പ്രോത്സാഹനത്തിന് നിരവധി  പരിപാടികള്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നുണ്ട്.  ഈ ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ കോര്‍പ്പറേഷന്‍ സാമ്പത്തികബാധ്യത കാരണം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.  ഗവണ്‍മെന്റിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ കരകൗശല മേഖലയും കോര്‍പ്പറേഷനും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്.   Read on deshabhimani.com

Related News