വിമാനത്താവളങ്ങളില്‍ കെല്‍ട്രോണിന്റെ ബാഗേജ് അണുനശീകരണ ഉപകരണം



തിരുവനന്തപുരം> സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ അണുവിമുക്തമാക്കാന്‍ കെല്‍ട്രോണ്‍ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ (യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍) തയ്യാറാക്കി. ആദ്യ ഉപകരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉടന്‍ സ്ഥാപിക്കും. കോവിഡ് 19 നെ തുടര്‍ന്ന് വിദേശത്ത് നിന്ന് മലയാളികളെ വ്യാപകമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കാനാണിത്. വിദേശത്തുനിന്ന് ചൊവ്വാഴ്ച കണ്ണൂരില്‍ എത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ബഗേജുകള്‍ അണുവിമുക്തമാക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചു. ബാഗേജുകള്‍ ഉപകരണത്തിലെ ടണലിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെ ബഗേജ് പൂര്‍ണ്ണമായും അണുവിമുക്തമാകും. ഇതിനു ശേഷമാണ് വിമാനത്താവളങ്ങളിലെ സാധാരണ എക്‌സ് റേ സ്‌കാനറുകളിലേക്ക് ബാഗേജ് എത്തുക. സ്വയംപ്രവര്‍ത്തിക്കുന്ന യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ എയര്‍പോര്‍ട്ടിലെ ബാഗേജ് റാമ്പിന്റെ സജ്ജീകരണങ്ങളുമായി അനായാസം കൂട്ടിയോജിപ്പിക്കാം. ഉപകരണത്തിന്റെ രൂപകല്‍പനയിലും സാങ്കേതികവിദ്യയിലും അവ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ക്ക് അനുസരിച്ച്  ക്രമീകരണം വരുത്താം. കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സി എസ് ഐ ആര്‍, ഐ എസ് ആര്‍ ഒ, ഡി ആര്‍ ഡി ഒ, എച്ച് എല്‍ എല്‍, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി മന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ചയും നടത്തി. ഇതുപ്രകാരം, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എന്‍പിഒഎല്‍) യുമായി കെല്‍ട്രോണ്‍ ബന്ധപ്പെട്ടു. എന്‍ പി ഒ എല്ലിന്റെ സാങ്കേതിക സഹായത്തോടയാണ് യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ നിര്‍മിച്ചത്. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് യൂണിറ്റിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വ്യാവസായികാടിസ്ഥാനത്തില്‍  യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ തയ്യാറാക്കാന്‍ കെല്‍ട്രോണിന് പദ്ധതിയുണ്ട്.   Read on deshabhimani.com

Related News