ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന‌് തുടക്കമായി



കൊച്ചി>  ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് 2019ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദസഞ്ചാര മേളയാണിത്. മൂന്നുദിവസം നീളുന്ന ടൂറിസം മേളയിൽ, രാജ്യത്തിനകത്തും പുറത്തും നിന്നായി നൂറ്റമ്പതിലധികം പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. സ്പിയർ ട്രാവൽ മീഡിയ ആൻഡ‌് എക്‌സിബിഷൻസാണ് മേളയുടെ സംഘാടകർ. കേരളത്തിൽനിന്നുള്ള യാത്രികർക്ക് ഇന്ത്യയിലും വിദേശരാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ‌് യാത്രാസാധ്യതകളും ബജറ്റും ഫിനാൻസിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകൾ നൽകുന്നതെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. ഇന്ത്യയിലെ നൂറിലധികം വിനോദസഞ്ചാര മേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകൾക്കായും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂർ ഓപ്പറേറ്റർമാരും ഇന്ത്യയിലെ നാനാഭാഗങ്ങളിൽനിന്നുള്ള റിസോർട്ടുകളും ആകർഷകമായ പാക്കേജുകളുമായി മേളയിലുണ്ട്. യാത്രസംബന്ധിച്ച വിശദവിവരങ്ങളും ചെലവുകളും യാത്രാ സീസണുകളെക്കുറിച്ചും വ്യക്തമായ ചിത്രവും ഇതുവഴി ലഭിക്കും. ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയർലൈനുകൾ, പാസഞ്ചർ ട്രാൻസ്‌പോർട്ടുകൾ, ഷിപ്പിങ‌്, ക്രൂയിസ് ലൈനുകൾ, ഹോളിഡേ പാക്കേജ് ഫിനാൻസിങ‌് കമ്പനികൾ, ആയുർവേദിക് റിസോർട്ടുകൾ, അഡ്വഞ്ചേർസ് സ്‌പോർട‌്സ് ക്ലബ്ബുകൾ, വൈൽഡ് ലൈഫ് റിസോർട്ടുകൾ എന്നിവയെല്ലാം മേളയിൽ സജീവസാന്നിധ്യമാണ്. സ്‌പോട്ട് ബുക്കിങ്ങുകൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകളും ലഭ്യമാണ‌്. പകൽ 11  മുതൽ വൈകിട്ട് ഏഴുവരെയാണ് സന്ദർശനസമയം. പ്രവേശനം സൗജന്യം. മേള ശനിയാഴ്ച സമാപിക്കും. Read on deshabhimani.com

Related News