പവന്‌ 760 രൂപ കൂടി; സ്വര്‍ണ ഇറക്കുമതിത്തീരുവ 5% കൂട്ടി



കൊച്ചി> സ്വർണ ഇറക്കുമതിത്തീരുവ കേന്ദ്രസർക്കാർ അഞ്ച് ശതമാനം വർധിപ്പിച്ചു. 7.5 ശതമാനത്തിൽനിന്ന്‌ 12.5 ശതമാനമായാണ് കൂട്ടിയത്. 2.5 ശതമാനം കാർഷിക അടിസ്ഥാനസൗകര്യ വികസന സെസും ചേർത്ത്‌ ആകെ തീരുവ 15 ശതമാനമാകും. ഇതോടെ  സംസ്ഥാനത്ത് സ്വര്‍ണവില പവന് 760 രൂപ വര്‍ധിച്ച് 38,080 രൂപയും ​ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4760 രൂപയുമായി. സ്വർണത്തിന് മൂന്ന് ശതമാനം ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കുന്നുണ്ട്. ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന സ്വർണവ്യാപാരികളുടെ ആവശ്യം അവ​ഗണിച്ചാണ് വർധന. ഇതോടെ സ്വർണത്തിന്‌ അഞ്ച് ശതമാനം വില കൂടും. ഒരുകിലോ സ്വർണം ഇറക്കുമതിക്ക്‌ 2.5 ലക്ഷം രൂപ കൂടുതൽ വേണ്ടിവരും. ഇറക്കുമതിത്തീരുവ കൂട്ടിയത് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുമെന്നും സ്വർണക്കടത്ത് വർധിപ്പിക്കുമെന്നും ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് അബ്ദുൾ നാസർ പറഞ്ഞു. ലോകത്ത്‌ സ്വർണം ഉപയോ​ഗത്തിൽ രണ്ടാമതാണ് ഇന്ത്യ. മേയിൽമാത്രം 107 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒമ്പതിരട്ടിയാണ്‌ വർധന. Read on deshabhimani.com

Related News