ഭവനവായ്പ മുടങ്ങാതെ അടച്ചിട്ടും മുതൽ കുറയുന്നുണ്ടോ..?



കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സജിത്കുമാർ പ്രമുഖ ബാങ്കിൽനിന്ന‌് ആറുവർഷംമുമ്പ് ഭവനവായ്പയെടുത്തത് വെറും നാലുലക്ഷം രൂപയാണ്.വായ്പ തിരിച്ചടവിൽ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല. എന്നാൽ, അപ്രതീക്ഷിതമായി കുടുംബത്തിനുണ്ടായ ഒരാഘാതം സജിത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകളൊക്കെ തകിടംമറിച്ചു. ഭവനവായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കിലെത്തി കണക്കുകൾ പരിശോധിച്ചപ്പോൾ സജിത് ഞെട്ടിപ്പോയി. 15 വർഷത്തെ കാലാവധിക്ക് എടുത്ത ഭവനവായ്പ ആറുവർഷം ഒരുതവണപോലും മുടങ്ങാതെ അടച്ചിട്ടും പിന്നെയും മൂന്നരലക്ഷത്തോളം രൂപ ബാക്കിനിൽക്കുന്നുണ്ടായിരുന്നു. ഇഎംഐ കൃത്യമായി അടച്ചിട്ടും പിന്നെയും ഇത്രയും തുക ബാക്കിവന്നത് എങ്ങനെയെന്ന് അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഭവനവായ്പയുടെ കാര്യത്തിൽ നിരവധിപേർക്ക് സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. സജിത്തിന്റെ കാര്യത്തിൽ വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ബാങ്കുകൾ പൊതുവിൽ നൽകുന്നത് രണ്ടുതരം ഭവനവായ്പകളാണ്. പലിശനിരക്കാണ് ഈ തരംതിരിവിന് അടിസ്ഥാനം. ഫിക്സഡ് നിരക്കും ഫ്ളോട്ടിങ‌് നിരക്കും. ബാങ്ക് വായ്പ അനുവദിക്കുമ്പോൾമുതൽ വായ്പ പൂർണമായും അടച്ചുതീരുംവരെ ഒരേപലിശ ഈടാക്കുന്നവയാണ് ഫിക്സഡ് നിരക്കിലുള്ള ഭവനവായ്പകൾ. അതിൽനിന്ന‌് വ്യത്യസ്തമായി സാമ്പത്തികവിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് മാറിമാറി വരുന്ന നിരക്കിലായിരിക്കു ഫ്ളോട്ടിങ് നിരക്കിലുള്ള ഭവനവായ്പകൾക്ക് പലിശ ഈടാക്കുക.   സജിത്തിന്റെ വായ്പ ഫ്ളോട്ടിങ‌് നിരക്കിലുള്ളതായിരുന്നു. ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഇഎംഐ അടയ്ക്കുമ്പോൾ അതിൽനിന്ന‌് പലിശ കഴിഞ്ഞുള്ള തുകയാണ് മുതലായി നിങ്ങളുടെ വായ്പത്തുകയിലേക്ക് (പ്രിൻസിപ്പിൾ എമൗണ്ട്) പോകുക. പലിശനിരക്കിൽ മാറ്റംവരുമ്പോൾ, നിരക്ക് വർധിക്കുകയാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഭവനവായ്പയുടെ പലിശനിരക്കും ഉയരും. പക്ഷേ, അതിനനുസരിച്ച് ഇഎംഐയിൽ മിക്കവാറുംതന്നെ മാറ്റമുണ്ടാകാറില്ല. അപ്പോൾ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഉദാഹരണത്തിന്, ഒരുലക്ഷം രൂപയ്ക്ക് നിങ്ങൾ അടയ്ക്കുന്ന ഇഎംഐ 1000 രൂപയാണെന്നും അതിൽ  800 രൂപ പലിശയും 200 രൂപ മുതലിലേക്കുള്ളതുമാണെന്നും കരുതുക. പലിശനിരക്ക് ഉയരുമ്പോഴും നിങ്ങൾ  അടയ്ക്കുന്ന ഇഎംഐ 1000 രൂപതന്നെയായിരിക്കും. പക്ഷേ, പലിശയായി 800 രൂപയ്ക്കുപകരം 850 രൂപ ഈടാക്കുകയും മുതലിലേക്ക് ചെല്ലുന്നത് 150 രൂപയായി കുറയുകയും ചെയ്യും. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ നിങ്ങളുടെ ഇഎംഐയിൽനിന്ന് പലിശ കൃത്യമായി ​ഈടാക്കുകയും മുതലിലേക്ക് അടയുന്ന തുക നാമമാത്രമായിത്തീരുകയും ചെയ്യും.  അതാണ് ആറുവർഷം മുടക്കമില്ലാതെ ഇഎംഐ അടച്ചിട്ടും സജിത്തിന്റെ വായ്പയുടെ കാര്യത്തിൽ സംഭവിച്ചത്. ചെയ്യാവുന്ന 5 കാര്യങ്ങൾ 1 നിങ്ങളുടെ ഭവനവായ്പയുടെ തിരിച്ചടവ് സ്റ്റേറ്റ്മെന്റ‌് ഇടയ്ക്കിടെ വിശദമായി പരിശോധിക്കുക. പലിശ എത്ര ഈടാക്കുന്നു, മുതലിലേക്ക്എത്രപോകുന്നു, എത്ര തുക ബാക്കിനിൽപ്പുണ്ട് തുടങ്ങിയകാര്യങ്ങൾഉറപ്പാക്കുക.        2 പലിശനിരക്കിൽ ഉണ്ടാകുന്ന വർധനയെക്കുറിച്ച് ബാങ്കിൽനിന്ന‌് യഥാസമയം അറിയിപ്പ് ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുക.        3 മുതലിലേക്ക് പോകുന്ന തുകയിൽ കുറവുവന്നിട്ടുണ്ടെങ്കിൽ കുറവുവന്നിട്ടുള്ള തുക നേരിട്ട് അടയ്ക്കാൻ ശ്രമിക്കുക. ബോണസ് പോലുള്ള അധികവരുമാനങ്ങൾ ഇതിനായി ഉപയോ​ഗപ്പെടുത്തി പ്രിൻസിപ്പൾ എമൗണ്ടിൽ കുറവുവരുത്തുക. 4 നിങ്ങൾ പ്രതിമാസം കൂടുതൽ തുക അടയ്ക്കാൻ ശേഷിയുള്ളയാളാണെങ്കിൽ ഇഎംഐ ഉയർത്തിത്തരാൻ ആവശ്യപ്പെടുക.        5 കുറഞ്ഞ നിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് ഭവനവായ്പ മാറ്റിയെടുക്കാൻ ശ്രമിക്കുക.   Read on deshabhimani.com

Related News