സ്വര്‍ണം മാന്ദ്യത്തിന്റെ പിടിയില്‍; കറുത്ത പൊന്നിനും കഷ്ടകാലം



രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രമാണ്‌ ദീപാവലി വേളയിൽ സ്വർണ വിപണിയിൽ ദൃശ്യമായത്‌. ദീപങ്ങളുടെ ഉത്സവമാണ്‌ ദീപാവലിയെങ്കിലും സ്വർണ വിൽപ്പന ഉയരുക ഈ അവസരത്തിലാണ്‌. എന്നാൽ ഇക്കുറി ആഭരണ വിൽപ്പന 50 ശതമാനം ഇടിയുമെന്ന ആശങ്കയിലാണ്‌ ഉത്തരേന്ത്യൻ വ്യാപാര സമൂഹം. ഒരു വർഷത്തിനിടയിൽ 20 ശതമാനം വില ഉയർന്നത്‌ വാങ്ങലുകാരെ പുതിയ ആഭരണങ്ങളിൽനിന്ന്‌ പിൻതിരിപ്പിച്ചു.  ദീപാവലിക്ക്‌ രണ്ട്‌ ദിവസം മുമ്പേ ആഭരണ കേന്ദ്രങ്ങൾ സജീവമാകും. എന്നാൽ വെള്ളിയാഴ്‌ചത്തെ വിൽപ്പന വിപണിയെ നിരാശപ്പെടുത്തി. കോൺഫെഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ വിലയിരുത്തലിൽ 2500 കോടി രൂപ വിലമതിക്കുന്ന 6000 കിലോഗ്രാം സ്വർണ വ്യാപാരമാണ്‌ നടന്നത്‌. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നടന്നത്‌ 5500 കോടി രൂപയുടെ 17,000 കിലോ സ്വർണ വ്യാപാരമാണ്‌. പിന്നിട്ട പത്ത്‌ വർഷത്തിനിടയിൽ വിൽപ്പന ഇത്രയും ചുരുങ്ങുന്നത്‌ ആദ്യം.   കേരളത്തിൽ ശനിയാഴ്‌ച സ്വർണ വില പവന്‌  28,680 രൂപയാണ്‌. പിന്നിട്ടവാരം പവന്‌ 400 രൂപ ഉയർന്നു. അതേസമയം കഴിഞ്ഞ വർഷം ദീപാവലിയിൽ പവന്‌ വില 23,600 രൂപയായിരുന്നു. അതായത്‌ 5080 രൂപ കുറവ്‌, ഗ്രാമിന്‌ വില 2950 രൂപ. ഒരു വർഷത്തിനിടയിൽ 635 രൂപയാണ്‌ ഗ്രാമിന്‌ കയറിയത്‌. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം ഇപ്പോൾ 1504 ഡോളറിലാണ്‌. കുരുമുളകിന്റെ സ്ഥിതി ഗുരുതരം അടുത്ത സീസണിൽ ആഗോള കുരുമുളക്‌ ഉൽപ്പാദനം ഉയരുമെന്ന്‌ അന്താരാഷ്‌ട്ര കുരുമുളക്‌ സമൂഹം വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ മുഖ്യ ഉൽപ്പാദന രാജ്യങ്ങളിൽ വിളവ്‌ ഉയരുന്നത്‌ വിലത്തകർച്ച രൂക്ഷമാക്കാം. അന്താരാഷ്‌ട്ര മാർക്കറ്റിൽ കിലോ 119 രൂപയ്‌ക്ക്‌ പോലും ഉൽപ്പന്നം കൈമാറാൻ ഇതിനകം വിയെറ്റ്‌നാം തയ്യാറായി. അടുത്ത വർഷം വിളവ്‌ ഉയരുമെന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. ടണ്ണിന്‌ 1900 ഡോളറിന്‌ യു എസ്‌‐ യൂറോപ്യൻ വ്യാപാരികൾക്ക്‌ വിയെറ്റ്‌നാം ക്വട്ടേഷൻ നൽകി. ക്രിസ്‌മസ്‌‐ന്യൂ ഇയർ അടുത്തിനാൽ വിപണി പിടിക്കാൻ ഇതിലും താഴ്‌ന്ന ഓഫറുകൾ എത്തുമെന്ന നിഗമനത്തിലാണ്‌ വാങ്ങലുകാർ. ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 4800–-5000 ഡോളറാണ്‌. ഇന്തോനേഷ്യയും ബ്രസീലും 2000 ഡോളറിൽ താഴ്‌ന്ന വിലയാണ്‌ ആവശ്യപ്പെടുന്നത്‌. കൊച്ചിയിൽ കുരുമുളക്‌ വില രണ്ടാഴ്‌ചയ്‌ക്കിടയിൽ ക്വിന്റലിന്‌ 2200 രൂപ ഇടിഞ്ഞു. ശനിയാഴ്‌ച ഗാർബിൾഡ്‌ കുരുമുളക്‌ വില 31,800 ലാണ്‌. യൂറോപ്പിലേക്ക് നോക്കി ഏലം ഏലക്ക ഉൽപ്പാദനം ഉയർന്നതോടെ ലേല കേന്ദ്രങ്ങളിൽ വില വീണ്ടും ഇടിഞ്ഞു. കാലാവസ്ഥ കണക്കിലെടുത്താൽ ഫെബ്രുവരിവരെ സീസൺ നീളാം. ദീപാവലിക്കുവേണ്ടിയുള്ള ഏലക്ക സംഭരിച്ച്‌ വാങ്ങലുകാർ പിൻമാറിയത്‌ വിലയെ ബാധിച്ചു. പിന്നിട്ടവാരം ലഭിച്ച ഉയർന്ന വില കിലോ 2774 രൂപയും കുറഞ്ഞ വില 2511 രൂപയുമാണ്‌. ശനിയാഴ്‌ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2699 രൂപയിലാണ്‌. യുറോപ്പിൽനിന്നും ഗൾഫ്‌ മേഖലയിൽനിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം. വെളിച്ചെണ്ണയ്ക്ക് തിരിച്ചടി വെളിച്ചെണ്ണയ്‌ക്ക്‌ ദീപാവലി ഡിമാൻഡ് മങ്ങിയത്‌ കൊപ്രയാട്ട്‌ വ്യവസായികൾക്ക്‌ കനത്ത തിരിച്ചടിയായി. വിൽപ്പന ചുരുങ്ങുന്നതുകണ്ട്‌ പല മില്ലുകാരും കൊപ്ര സംഭരണം കുറച്ചത്‌ ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങ വിലയെ ബാധിച്ചു. കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും വെളിച്ചെണ്ണ 14,500 ലും കൊപ്ര 9725 രൂപയിലുമാണ്‌. Read on deshabhimani.com

Related News