സ്വര്‍ണവില ഇടിയുന്നു, വ്യാപാരവും



തൃശൂര്‍ > സാമ്പത്തിക പ്രതിസന്ധി ആഭരണ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചു. നവംബര്‍ എട്ടിന് ശേഷം സ്വര്‍ണം ഗ്രാമിന് 300 രൂപയും പവന് 2400 രൂപയും കുറഞ്ഞു. കഴിഞ്ഞ ഒമ്പതു മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഭരണം സൂക്ഷിക്കുന്നതിന് നിബന്ധന ഏര്‍പ്പെടുത്തിയേക്കുമെന്നതും ജനങ്ങളുടെ പക്കല്‍ പണമില്ലാത്തതും  വില്‍പ്പനയെ  ബാധിച്ചു. വിവാഹസീസണ്‍ അടുത്തിട്ടും വില്‍പ്പനയില്‍ പുരോഗതിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നവംബര്‍ എട്ടിന് ഗ്രാമിന് 2850 രൂപയായിരുന്നത് വ്യാഴാഴ്ച 300 രൂപ കുറഞ്ഞു. ഇനിയും വില കുറഞ്ഞേക്കുമെന്നാണ്  സൂചന. വില കുറയുന്നത് സാധാരണക്കാരന് ഗുണമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അതും പ്രയോജനപ്പെടുന്നില്ല. ബാങ്കുകളില്‍ നിന്ന് വിവാഹ ആവശ്യത്തിന് പരമാവധി പിന്‍വലിക്കാവുന്ന തുക രണ്ടര ലക്ഷമാണ്്. അതിനുതന്നെ  സാക്ഷ്യപത്രവും മറ്റും വേണം. ഇതും  വിപണിയെ ബാധിച്ചു. പണം കൂടുതലുള്ളവര്‍ സ്വര്‍ണത്തിലും ഭൂമിയിലുമാണ് ദീര്‍ഘകാലമായി നിക്ഷേപം നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സ്വര്‍ണനിക്ഷേപം സുരക്ഷിതമല്ലെന്ന ധാരണ   ഉണ്ടായതാണ്  മാന്ദ്യത്തിനു കാരണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി എം തോമസ് ദേശാഭിമാനിയോട് പറഞ്ഞു. ഇന്റര്‍നെറ്റ് വഴി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന  ഇ-ട്രേഡിങ്ങിലും ഒരു മാസമായി ഇടിവു വന്നു. സ്വര്‍ണവില താഴുമ്പോള്‍ മുമ്പ് ഓഹരി വിപണി കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ കറന്‍സി നിരോധനത്തെത്തുടര്‍ന്നുണ്ടായ വ്യാപാര മാന്ദ്യം ഓഹരി വിപണിയേയും ബാധിച്ചു. സ്വര്‍ണവില ഗ്രാമിന് 3000 കടന്നത് 2012 അവസാനമാണ്. 2012 നവംബര്‍ 12ന് ഗ്രാമിന് 3020 രൂപയായതാണ് സര്‍വകാല റെക്കോഡ്. ഒരു നൂറ്റാണ്ടിനിടയില്‍ സ്വര്‍ണത്തിന്റെ വില പവന് 2500 ഇരട്ടിയാണ് വര്‍ധിച്ചതെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു. 2005 മുതലാണ് സ്വര്‍ണവിലക്കുതിപ്പ് തുടങ്ങിയത്. വിവിധ കാലങ്ങളിലുണ്ടായ പവന്റെ  നിരക്ക് വ്യതിയാനം ഇപ്രകാരം: 1925-14 രൂപ, 1950-91, 1970-135, 1985-1573, 2000-3212, 2002-3670, 2005-5500, 2006-7,210, 2008-10,200, 2009-13,040, 2010-15,000, 2011മെയ്-16,680, ആഗസ്ത്-20,520, 2012 ജൂണ്‍-22,120, ആഗസ്ത്-23,080, സെപ്തംബര്‍ 24,160, നവംബര്‍-24,240, 2013 ഏപ്രില്‍ 19,480. 2014 ഡിസംബര്‍-20,200, 2015 ആഗസത് ഒന്ന്-18,920. 2016 സെപ്തംബര്‍ 20-24,000 രൂപ. 2016 നവംബര്‍ 8-20,640 രൂപ. Read on deshabhimani.com

Related News