പെരുമ്പറ കൊട്ടുന്നവര്‍ കേള്‍ക്കണം



വളര്‍ച്ചയുടെയും”നേട്ടങ്ങളുടെയും അവകാശവാദങ്ങളുമായി വലിയ ഘോഷയാത്രകള്‍— പെരുമ്പറകൊട്ടി—  വരുന്നതിനിടെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രങ്ങളുമായി ആരവങ്ങളില്ലാതെ വരുന്ന ഘോഷയാത്രകളും അനവധി. അടുത്തിടെ ഇങ്ങനെ യഥാര്‍ഥ ചിത്രങ്ങളുമായി ഒട്ടേറെ ഘോഷയാത്രകള്‍  കടന്നുപോയി. രാജ്യത്തെ വ്യവസായ വളര്‍ച്ച കുത്തനെ ഇടിഞ്ഞു, വ്യവസായമേഖലയ്ക്ക് വായ്പ കുറഞ്ഞു, തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു എന്നൊക്കെയാണ്— സമ്പദ്വ്യവസ്ഥയെ മുന്‍നിര്‍ത്തി പുറത്തു വന്ന ചില വസ്തുതകള്‍. ഡല്‍ഹിയില്‍ ഭരണ സിംഹാസനത്തിലിരിക്കുന്നവര്‍ ഇതു കാണുന്നില്ല, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. നമ്മുടെ വന്‍കിട മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസത്തില്‍ ഇന്ത്യയുടെ വ്യവസായോല്‍പ്പാദനം 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യവസായോല്‍പ്പാദന സൂചിക പ്രകാരം ഇക്കാലയളവില്‍ സംഭവിച്ചത് 0.27 ശതമാനം ന്യൂന വളര്‍ച്ചയാണ്. അതായത്, ഒരു വളര്‍ച്ചയുമില്ല. യഥാര്‍ഥത്തില്‍ വ്യവസായമേഖല പിന്നോട്ടുപോയി. 2008–ല്‍ ലോക സാമ്പത്തിക തകര്‍ച്ചയുണ്ടായ കാലത്തുപോലും ഇത്ര വലിയ തകര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. നിര്‍മിതോല്‍പ്പന്ന മേഖല, യന്ത്രസാമഗ്രികളും മറ്റും നിര്‍മിക്കുന്ന മേഖല എന്നിവയൊക്കെ പ്രതിസന്ധിയിലാണ്. ഉപഭോക്തൃ ചരക്കുകളുടെ രംഗത്തുമാത്രമാണ് വളര്‍ച്ചയുള്ളത്. ഇതോടൊപ്പം വ്യവസായമേഖലയ്ക്കുള്ള വായ്പയും കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 2016 ആഗസ്തില്‍ വാണിജ്യബാങ്കുകള്‍ വ്യവസായമേഖലയ്ക്കു നല്‍കിയ വായ്പ 0.2 ശതമാനം കുറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ വായ്പ ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. ബാങ്ക് വായ്പകള്‍ ഏറെയും ഒഴുകുന്നത് ഉല്‍പ്പാദന മേഖലയിലേക്കല്ലെന്നതിന്റെ കൃത്യമായ സൂചനയാണിത്. ആഗസ്തിലെ മൊത്തം ബാങ്ക് വായ്പയുടെ വളര്‍ച്ചയിലും കുറവുണ്ട്. വായ്പയില്‍ 7.6 ശതമാനം മാത്രമാണ് വര്‍ധന. ജനുവരിയില്‍ 9.5 ശതമാനമായിരുന്നു. ജനുവരിയില്‍ വ്യവസായ വായ്പയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനമായിരുന്നു. അതാണ് ആഗസ്തില്‍ മൈനസ് 0.2 ശതമാനമായത്. ഇന്ത്യയിലെ തൊഴിലില്ലായ്മ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ടും ഏതാനും ദിവസംമുമ്പ് പുറത്തുവരികയുണ്ടായി. ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം അഞ്ച് ശതമാനത്തോളമാണ് 2014–15ല്‍ തൊഴിലില്ലായ്മയുടെ നിരക്ക്. തൊഴിലില്ലായ്മയുടെ യഥാര്‍ഥ കണക്കുകള്‍ ഇതിലും ഭീകരമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് സംഭവിക്കുന്നത് “തൊഴില്‍രഹിത’ വളര്‍ച്ചയാണെന്നും ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കര്‍ഷകത്തൊഴിലാളികളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും കാര്യമൊന്നും ഇതില്‍പ്പെടുന്നേയില്ല. ഇവിടെ വെളിപ്പെടുന്നത് ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി—  സമ്പദ്വ്യവസ്ഥ അകപ്പെട്ടിട്ടുള്ള പ്രതിസന്ധിയാണ്. സര്‍ക്കാരും മറ്റ് ഔദ്യോഗിക ഏജന്‍സികളും ഇടയ്ക്കിടെ പറയുന്ന ഏഴ് ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചാ കണക്കില്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ സ്ഥിതി വരുന്നില്ല. കാര്‍ഷിക–വ്യവസായ മേഖലയടക്കമുള്ള ഉല്‍പ്പാദന മേഖലകളില്‍ മുതല്‍മുടക്ക് വര്‍ധിക്കുകയും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. തൊഴിലാളികളുടെ വരുമാനം വര്‍ധിക്കണം. അങ്ങനെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യം (ഡിമാന്‍ഡ്) വര്‍ധിക്കണം. അപ്പോള്‍ സമ്പദ്വ്യവസ്ഥ ശരിയായ വളര്‍ച്ചയുടെ പാതയിലേക്ക് മുന്നേറും.— യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇപ്പോള്‍ ബിജെപി ഭരണത്തിലും ഉല്‍പ്പാദന മേഖലകള്‍ കേന്ദ്രീകരിച്ച സാമ്പത്തിക വളര്‍ച്ചയല്ല ഉണ്ടാകുന്നത്. ആഗോള ധനമൂലധനത്തിന്റെയും ആഭ്യന്തര–കോര്‍പറേറ്റ് ധനമൂലധനത്തിന്റെയും ലാഭംകൂട്ടല്‍ മാത്രമാണ് സര്‍ക്കാരുകളുടെ ജോലി. അപ്പോള്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടേയിരിക്കും. അതാണ് വ്യവസായ, കാര്‍ഷിക, തൊഴില്‍ മേഖലകളിലെ യാഥാര്‍ഥ്യം.   Read on deshabhimani.com

Related News