എവിടെയും ചീത്തദൃശ്യങ്ങള്‍



വാഗ്ദാനംചെയ്തത് നല്ല ദിനങ്ങള്‍. ജനങ്ങള്‍ അനുഭവിക്കുന്നത് സ്വതന്ത്രഭാരതത്തിലെ ഏറ്റവും ചീത്തദിനങ്ങള്‍. അധ്വാനിച്ച് നേടിയ നിയമപരമായ സ്വന്തം വരുമാനം ബാങ്കിലിട്ടവര്‍ അത് ആവശ്യത്തിനു കിട്ടാന്‍ ബാങ്കിനും എടിഎമ്മിനും മുന്നില്‍ വരിവരിയായിനിന്ന് ചത്തുവീഴുന്ന കാലം. യുദ്ധകാലത്തുപോലും ഒരു രാജ്യത്തും സംഭവിക്കാത്ത സാഹചര്യം. ജനങ്ങള്‍ റേഷന്‍ വാങ്ങാനല്ല, അവരുടെ സ്വന്തം പണം കിട്ടാനാണ് വരിനില്‍ക്കുന്നത്. എല്ലാ മേഖലയിലും സാമ്പത്തികപ്രവര്‍ത്തനം മരവിച്ചു. പച്ചക്കറി കച്ചവടക്കാര്‍, ചെറുകിട വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, കൃഷിക്കാര്‍, ദൈനംദിനം കൂലിവേലയെടുത്തു ജീവിക്കുന്നവര്‍, ശമ്പളക്കാര്‍മുതല്‍ വന്‍കിട വ്യാപാരികള്‍വരെ എല്ലാവരും പൊറുതിമുട്ടി. സമ്പദ്വ്യവസ്ഥയുടെ ചിത്രം ഇങ്ങനെ. ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാതെ ബാങ്കുകള്‍ പ്രതിസന്ധിയില്‍, എത്ര പണം എത്തിക്കാന്‍ കഴിയുമെന്ന് രാജ്യത്തിന്റെ കേന്ദ്രബാങ്കായ റിസര്‍വ്ബാങ്കിന് ഒരു ഉറപ്പും നല്‍കാന്‍കഴിയാത്ത സാഹചര്യം,  സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലയിലും മുതല്‍മുടക്ക്, ഉല്‍പ്പാദനം, ഡിമാന്‍ഡ്, വില്‍പ്പന എന്നിവയെല്ലാം പിന്നോട്ടടിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അടിമുടി മാന്ദ്യം വിഴുങ്ങുന്ന സാഹചര്യം.  മൊത്തം ആഭ്യന്തരോല്‍പ്പാദനം വന്‍ തകര്‍ച്ചയിലേക്കെന്ന മുന്നറിയിപ്പുകള്‍, വ്യാപാരക്കമ്മി പെരുകുന്നു, ഓഹരിവിപണികളിലും പണക്കമ്പോളത്തിലും തകര്‍ച്ച, അനിശ്ചിതത്വം. ആണ്ടറുതിയിലും പുതിയ വര്‍ഷം പിറക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക ചക്രവാളത്തിലെവിടെയും ചീത്തദൃശ്യങ്ങള്‍ മാത്രം. സാമ്പത്തിക ചക്രവാളത്തിലെവിടെയും കുരിരുട്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥകളുടെ നാഡീഞരമ്പുകളായ സഹകരണ മേഖലയെ ശ്വാസംമുട്ടിച്ച ദുരന്തം വേറെ. സംസ്ഥാനങ്ങളാകട്ടെ നികുതിവരുമാനമാകെ കുറഞ്ഞ് രൂക്ഷമായ പ്രതിസന്ധിയിലാകുന്നു.  കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്നിരോധംവഴി കള്ളന്മാരൊക്കെ രക്ഷപ്പെടുകയും സാധാരണ ജനങ്ങള്‍ വട്ടംകറങ്ങുകയും ചെയ്യുന്നു. വളരെ വിപുലമായ, നിര്‍ണായകമായ അനൌപചാരിക മേഖല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സവിശേഷതയാണ്. ഇത്തരമൊരു സാമ്പത്തികഘടനയില്‍ കറന്‍സിയുടെ (കാശിന്റെ) വിനിമയത്തിലൂടെയാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടക്കുന്നത്. പണമില്ലാതായതോടെ എല്ലാം നിലച്ചു, കനത്ത നഷ്ടമായി, ഒന്നിനും ഡിമാന്‍ഡില്ലാതായി. ഇതിന്റെ പ്രത്യാഘാതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് ആറുശതമാനമായി കുറഞ്ഞേക്കാമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു കണക്ക്. ആവശ്യത്തിന് നോട്ടില്ലാതെ ബാങ്കുകളും ഞെരുക്കത്തിലായതോടെ മാന്ദ്യത്തിന്റെ ആഴം വ്യാപിക്കുമെന്നുറപ്പായി. പണമില്ലാത്തതിനാല്‍ ബാങ്ക്വായപകളും നിലച്ചു. ബാങ്കുകളുടെ ഈ പ്രതിസന്ധി വലിയ കുഴപ്പത്തിലേക്കു നയിക്കുമെന്ന് 2008-ല്‍ അമേരിക്കയില്‍നിന്ന് ആരംഭിച്ച തകര്‍ച്ച സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാങ്കുകളില്‍ പണമില്ലാതാകുന്നതും ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതും ആപത്താണ്. നോട്ട് നിരോധത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ ചുരുക്കം കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വരുമാനത്തെ (റവന്യൂ) ബാധിക്കും. ഉല്‍പ്പാദനവളര്‍ച്ച കുറയുമ്പോള്‍ റവന്യൂ കുറയുക സ്വാഭാവികമാണ്. കേന്ദ്രം അതു സമ്മതിക്കില്ലെന്നത് വേറെ കാര്യം. ഇതിനിടെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെടുന്നത്. ഇപ്പോള്‍തന്നെ വന്‍തോതില്‍ വെട്ടിക്കുറച്ച സാമൂഹ്യക്ഷേമ ചെലവുകള്‍ ഇനിയും വെട്ടിക്കുറച്ചേക്കാം. ഇതിനിടെയാണ് രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന സാഹചര്യം. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചതിനെ ത്തുടര്‍ന്നാണ് വില വര്‍ധിക്കുന്നത്. ഇന്ത്യയുടെ ഇറക്കുമതിച്ചെലവും വ്യാപാരക്കമ്മിയും കൂടാന്‍  ഇതു വഴിവയ്ക്കും. നവംബറില്‍ വ്യാപാരക്കമ്മി 1300 കോടി ഡോളറായി വര്‍ധിച്ചു. ഇറക്കുമതിയില്‍ 3,300 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. 10.4 ശതമാനത്തിന്റെ വര്‍ധന. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചത് വര്‍ഷാന്ത്യം ഓഹരി-പണ കമ്പോളങ്ങളിലെ താല്‍ക്കാലിക വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡോളര്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഇവര്‍ പിന്മാറുമ്പോഴാണ് ഇന്ത്യന്‍ ഓഹരി-പണ കമ്പോളങ്ങളില്‍ തകര്‍ച്ചയുണ്ടാകുന്നത്. വര്‍ഷാന്ത്യത്തിലും ഈ പ്രവണത തുടരുന്നുണ്ട്. അമേരിക്കയില്‍ സാമ്പത്തികരംഗം കാര്യമായി മെച്ചപ്പെട്ടതുകൊണ്ടൊന്നുമല്ല അവര്‍ പലിശനിരക്ക് നേരിയതോതില്‍ കൂട്ടിയതെന്ന വിലയിരുത്തലുണ്ട്. സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലാകുമ്പോഴാണ് പലിശനിരക്ക് താഴ്ത്തുന്നത്. അപ്പോള്‍, നിരക്ക് കുറഞ്ഞുതന്നെ നിന്നാല്‍ ഇനിയും രക്ഷപ്പെട്ടില്ലെന്ന് ലോകത്തിന് ബോധ്യംവരൂം. ആ ധാരണ തിരുത്താനാണ് പലിശനിരക്ക് നേരിയതോതില്‍ വര്‍ധിപ്പിക്കുന്നത്. വാസ്തവത്തില്‍ അമേരിക്കയുടെ കോര്‍പറേറ്റ് മേഖല കടത്തില്‍ മുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടപ്പത്രവിപണിയില്‍നിന്ന് കടമെടുത്ത് കൂട്ടിയിരിക്കുന്നു. 2008ലെ വന്‍ തകര്‍ച്ചയ്ക്കുശേഷം പലിശനിരക്ക് കുറഞ്ഞു നിന്നിട്ടും അവിടെ ബാങ്ക്വായ്പ കാര്യമായി വര്‍ധിച്ചില്ല. നടക്കുന്നത് കടപ്പത്രങ്ങളുടെ കച്ചവടം. Read on deshabhimani.com

Related News