അപകടം പതിയിരിക്കുന്ന ക്യാഷ്‌ലെസ്” ഇടപാട്



ക്യാഷ്ലെസാകൂ... ക്യാഷ്ലെസാകൂ... രാജ്യത്ത് നോട്ട് നിരോധിച്ചശേഷം കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുപോലെ മുറവിളികൂട്ടുന്ന കാര്യമാണിത്. ക്യാഷ്‌ലെസാകുന്നതിനുള്ള ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞദിവസം നീതി ആയോഗ് 50 രൂപമുതല്‍ 3000 രൂപവരെയുള്ള ക്യാഷ്‌ലെസ് ഇടപാടുകള്‍ക്ക് സമ്മാനംവരെ  പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന ക്രിസ്മസ്ദിവസംമുതല്‍ ഏപ്രില്‍ 14 വരെയുള്ള ഇ-പേമെന്റ ഇടപാടുകള്‍ക്ക് സമ്മാനം നല്‍കാനായി മാത്രം നീതി ആയോഗ് 340 കോടി രൂപയാണത്രെ മാറ്റിവച്ചിട്ടുള്ളത്. എന്നാല്‍ അന്നന്നത്തെ അന്നത്തിന് ദിവസവും അധ്വാനിക്കേണ്ടിവരുന്ന ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാര്‍ക്ക് ക്യാഷ്‌ലെസ് ഇടപാട് നടത്താനുള്ള ക്രയശേഷി എവിടെ എന്നത് വളരെ പ്രസക്തമായ ചോദ്യമായി ഉയരുകയാണ്. എന്നുമാത്രമല്ല, ഡിജിറ്റല്‍ ഇടപാടു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്ന വേളയില്‍ വേണ്ടത്ര അടിസ്ഥാനസൌകര്യങ്ങളും സൈബര്‍സുരക്ഷയും ഒരുക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. നിലവില്‍ ക്യാഷ്‌ലെസ്”തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍ എത്ര തുക  തിരിച്ചുകൊടുക്കണം എന്ന് അതത് ബാങ്ക് ബോര്‍ഡ് ആണ് തീരുമാനിക്കുക. ചുരുക്കത്തില്‍ മുഴുവന്‍ പണവും തിരിച്ചുകിട്ടില്ല എന്നര്‍ഥം. എപ്പോള്‍ കിട്ടും എന്നതിനും ഉറപ്പില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന എടിഎം തട്ടിപ്പിനിരയായവരില്‍ എത്ര പേര്‍ക്ക് പണം തിരികെലഭിച്ചു എന്നതിനെക്കുറിച്ച് കണക്കുകള്‍ ലഭ്യമില്ല. 2016 ഏപ്രില്‍മുതല്‍ ജൂണ്‍വരെ രാജ്യത്ത് 14 കോടിയോളം രൂപയാണ്“ക്യാഷ്ലെസ്”മാര്‍ഗങ്ങളിലെ തട്ടിപ്പിലൂടെ നഷ്ടമായതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലയളവില്‍ 1927 ക്രെഡിറ്റ്കാര്‍ഡ് തട്ടിപ്പുകളും 1328 എടിഎം, ഡെബിറ്റ്കാര്‍ഡ് തട്ടിപ്പുകളും 18 ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പുകളും നടന്നതായാണ് ലഭിക്കുന്ന വിവരം. 2013-14ല്‍ ആകെ 9500 ഇ-പേമെന്റ് തട്ടിപ്പുകളില്‍നിന്നായി 78 കോടി രൂപ ഇടപാടുകാര്‍ക്ക് നഷ്ടമായെങ്കില്‍ 2014-15ല്‍ അത് 13083 തട്ടിപ്പുകളും 80 കോടി രൂപയുമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇങ്ങനെ തുക നഷ്ടപ്പെട്ടവര്‍ക്ക് അത് മുഴുവന്‍ തിരിച്ചു കിട്ടുന്നതിനോ അത് എത്ര നാള്‍കൊണ്ട് കിട്ടും എന്നതിനോ കൃത്യമായ നിയമം നടപ്പാക്കാതെ എല്ലാവരെയും  നിര്‍ബന്ധപൂര്‍വം ക്യാഷ്ലെസ് ഇടപാടുകളിലേക്കു തള്ളിവിടുന്നത് ആപല്‍കരമാണ്. അടിസ്ഥാനസൌകര്യങ്ങളൊന്നും ഒരുക്കാതെയാണ് സര്‍ക്കാര്‍ തിരക്കിട്ട് ക്യാഷ്ലെസ് ഇടപാടുകള്‍ വ്യാപകമാക്കാനൊരുങ്ങുന്നത്. ഇത്തരം ഇടപാടിന് അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി അനവാര്യമാണെന്നിരിക്കെ എത്ര ഇന്ത്യന്‍ഗ്രാമങ്ങളില്‍ ഈ ഇന്റര്‍നെറ്റ് സൌകര്യമുണ്ടാകും?  അതുപോലെതന്നെ ഉപയോഗിച്ചു പഴകിയ സാങ്കേതികസംവിധാനങ്ങളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. വികസിതരാജ്യങ്ങള്‍ ഉപേക്ഷിച്ച മാഗ്നെറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകളാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. അടുത്തകാലത്ത് പരക്കെ എടിഎം തട്ടിപ്പ് അരങ്ങേറിയപ്പോള്‍ മാത്രമാണ് ചില ബാങ്കുകളെങ്കിലും ചിപ് അധിഷ്ഠിത കാര്‍ഡുകള്‍ നല്‍കിത്തുടങ്ങിയിട്ടുള്ളത്്. ചെലവുകുറയ്ക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മിക്കവരും സുരക്ഷാസംവിധാനങ്ങളൊന്നും ഏര്‍പ്പാടാക്കാറുമില്ല. ചുരുക്കത്തില്‍ ഇടപാടുകാരന്റെ പണം സംരക്ഷിക്കാനുള്ള ഉദ്ദേശ്യം എവിടെയുമില്ല. കേന്ദ്ര സര്‍ക്കാരന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാട് ഇതിനു കുടപിടിക്കുന്ന വിധത്തിലുള്ളതാണ്. വ്യാപകമായ പ്രചാരണത്തെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ ക്യാഷ്ലെസ് ഇടപാടു നടത്താന്‍ ആരംഭിക്കുന്നതോടെ അപകടം വര്‍ധിക്കുകയേയുള്ളു. മറ്റൊരു പ്രധാന കാര്യം അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്കുപോലും സാങ്കേതികവിദ്യാ അധിഷ്ഠിതമായ പണമിടപാടുകാര്യങ്ങളില്‍ അറിവില്ലാത്ത അവസ്ഥയാണുള്ളത്.  വേണ്ട ബോധവല്‍കരണം നല്‍കാതെ ജനങ്ങളെ ഇത്തരം ഇടപാടിലേക്കു തള്ളിവിടുന്നത് അപകടകരമാണ്. റിലയന്‍സ്, പേടിഎം, വിസ- മാസ്റ്റര്‍ തുടങ്ങിയ സ്വകാര്യ കുത്തകകള്‍ക്കാണ് ഇത്തരം ഇടപാടുകള്‍ നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹാരം ചോദിക്കാനായി ഇത്തരം സ്ഥാപനങ്ങളുടെ ടോള്‍ഫ്രീ എന്ന ഓമനപ്പേരുള്ള നമ്പറിലേക്കു വിളിച്ചാലുള്ള ദുരവസ്ഥ പ്രത്യേകിച്ച് പറയാതെതന്നെ ഓരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. Read on deshabhimani.com

Related News