പോസ്റ്ററിനായി കോണ്‍ഗ്രസിന്റെ ചതി; സിനിമാ ഷൂട്ടിങ്ങെന്നു പറഞ്ഞു പടമെടുത്ത് പറ്റിച്ചു



പള്ളുരുത്തി > തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആളെപ്പറ്റിക്കുന്ന ഫോട്ടോ ഷൂട്ടുമായി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം  വേങ്ങശ്ശേരിയില്‍ വി ജെ റാഫേലാണ് കോണ്‍ഗ്രസുകാരുടെ ചതിക്കിരയായത്. സിനിമാ ഷൂട്ടിംഗ് എന്ന് പറഞ്ഞെടുത്ത റാഫേലിന്റെ ചിത്രം 'സര്‍ക്കാര്‍ പ്രളയം സൃഷ്ടിച്ചു'വെന്ന് പറഞ്ഞായിരുന്നു പ്രചരണത്തിനായി ഉപയോഗിച്ചത്.   യുഡിഎഫിന്റെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പ്രചരിച്ച പോസ്റ്റര്‍ കണ്ടാണ്‌  റാഫേല്‍ ചതി അറിയുന്നത്. സഹോദരിയുടെ മകന്‍ ലാല്‍സണാണ് പടം ശ്രദ്ധയില്‍ പെടുത്തിയത്.   വൈകിട്ട് സമീപത്തെ ചായക്കടയില്‍  റാഫേല്‍ ചെന്നപ്പോള്‍ അവിടെ ഫോട്ടോ ഷൂട്ട്‌ നടക്കുന്നുണ്ടായിരുന്നു. ''സിനിമയ്ക്കുവേണ്ടിയാണ്‌ ,ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഒരാള്‍ വന്നു ചോദിച്ചു. ചില കോണ്‍ഗ്രസുകാരും അവിടെ ഉണ്ടായിരുന്നു. ഒന്ന് കൈചൂണ്ടി നിന്നാല്‍ മതി എന്നും പറഞ്ഞു.ഫോട്ടോ എടുത്ത് പിന്നെ വിളിക്കാമെന്നു പറഞ്ഞ് അവര്‍ പോകുകയും ചെയ്തു.''- റാഫേല്‍ പറഞ്ഞു. പോസ്റ്റര്‍ വന്നപ്പോഴാണ് ചതി അറിഞ്ഞത്. കൈചൂണ്ടി നില്‍ക്കുന്ന റാഫേലിന്റെ ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് ചെയ്ത് ഡാമിന്റെ ചിത്രം ചേര്‍ക്കുകയായിരുന്നു. 'എനിക്കറിയണം നിങ്ങള്‍ ഉണ്ടാക്കിയതല്ലേ പ്രളയം' എന്ന ചോദ്യവുമായാണ് പോസ്റ്റര്‍.   തന്റെ ചിത്രം അനുമതിയില്ലാതെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കുമെന്ന്  റാഫേല്‍ പറഞ്ഞു.''ആരോടും കോണ്‍ഗ്രസുകാര്‍ ഈ ചതി ഇനിയും ചെയ്യാതിരിയ്ക്കാനാണ് പരാതി'' - റാഫേല്‍ പറഞ്ഞു.   പോസ്റ്ററിനെപ്പറ്റി റാഫേലിന്റെ സഹോദരിയുടെ മകന്‍ ലാല്‍സന്‍ അലോഷ്യസ് ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ:   ഈ ചിത്രത്തിൽ വിരൽ ചൂണ്ടി നിൽക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്. ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത്   പടത്തിലെ പോലെ പ്രളയം ബാധിച്ച  ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും. കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്.   പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം.പതിവായി എന്നും വൈകുന്നേരം അമ്മാവൻ ഗാസ്പർ ചേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറിൽ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. "ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ ? ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന് പറഞ്ഞ്  പോയി. ഇന്നലെ വൈകുന്നേരം UDF ന്റെ പ്രചരണത്തിന്റെ  ഭാഗമായി UDF സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യൽ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യൽ പേജ്)  പോസ്റ്ററിൽ അമ്മാവൻ കൈ ചൂണ്ടി നിൽക്കുന്നു. 10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തിൽ അധ:പതിക്കുന്നതു കാണുമ്പോൾ അറപ്പു തോന്നു. ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോൺഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ ! ഇതിലും ഭേദം കഠാരയെടുത്ത് കക്കാൻ ഇറങ്ങുന്നതായിരുന്നു. - ലാൽസൺ അലോഷ്യസ് - Read on deshabhimani.com

Related News