അമേഠിയെ പോലെ വളരണോ വയനാട് ?



കൊച്ചി> രാഹുല്‍‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ കോണ്‍ഗ്രസ് നേതാക്കള്‍ വാചാലരായത് വയനാട്ടില്‍ രാഹുലിന് കൊണ്ടുവരാന്‍ കഴിയുന്ന വികസനത്തെപ്പറ്റിയാണ്. എന്നാല്‍‍ ഈ വാദത്തിന്റെ മുനയൊടിയ്ക്കുന്നതാണ് പതിനാലു വര്‍ഷമായി രാഹുല്‍‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന അമേഠി മണ്ഡലത്തിലെ വികസന സൂചകങ്ങള്‍. ഉത്തര്‍ പ്രദേശിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായി അമേഠി തുടരുന്നു എന്ന്‍ ഔദ്യോഗികരേഖകളിലെ  കണക്കുകള്‍ വ്യക്തമാക്കുന്നു.യുപിയിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണം പോയതുകൊണ്ടാണ് ഇതുണ്ടായതെന്നും വാദിയ്ക്കാനാകില്ല. 1999 മുതല്‍ 2004 വരെ രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന സോണിയാഗാന്ധി ആയിരുന്നു അമേഠിയുടെ എം പി. അതിനു മുമ്പ് പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയായിരുന്നു  എംപി. അതിനും മുമ്പ് സഞ്ജയ്‌ ഗാന്ധിയും ഇടക്കാലത്ത് രാജീവ് ഗാന്ധിയുടെ ഉറ്റതോഴനും കുടുംബ സുഹൃത്തുമായിരുന്ന സതീഷ് ശര്‍മ്മയും ഇവിടെ നിന്ന് എം പി ആയി.ഇതില്‍ ഏറിയ കാലത്തും കോണ്‍ഗ്രസ് തന്നെയായിരുന്നു യുപിയിലും കേന്ദ്രത്തിലും ഭരണത്തില്‍. വയനാടും അമേഠിയും ജില്ലകളാണ്. അതുകൊണ്ട് രണ്ടു ജില്ലയിലെയും വികസന സൂചകങ്ങള്‍ തന്നെ താരതമ്യം ചെയ്യാം .രണ്ടു ജില്ലയിലെയും പ്രതിശീര്‍ഷ വരുമാനം ലഭ്യമാണ്. അമേഠിയില്‍ 41,126 രൂപയാണ് പ്രതിശീര്‍ഷ വരുമാനമെന്ന് യുപി സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. അതേസമയം വയനാട്ടില്‍ ഒരാളുടെ ശരാശരി വരുമാനം 1,05,407 രൂപയും. അതായത് അമേഠിയിലേതിന്റെ രണ്ടരയിരട്ടി. വൈദ്യുതി ഇല്ലാത്ത  185 ഗ്രാമങ്ങള്‍ അമേഠി മണ്ഡലത്തിലുണ്ടെന്ന് യുപി സര്‍ക്കാരിന്റെ വെബ്സൈറ്റ് പറയുന്നു. വയനാട്ടിലാകട്ടെ വൈദ്യുതി എത്താത്ത ഒരു ഗ്രാമംപോലും ഇല്ലെന്ന് എക്കണോമിക് റിവ്യൂ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ജില്ലയിലെയും സാക്ഷരതയും പരിശോധിയ്ക്കാം. വയനാട്ടില്‍ 89 ശതമാനമാണ് സാക്ഷരതയെങ്കില്‍‍ അമേഠിയിലിത് 72.2 ശതമാനം മാത്രമാണ്. സ്ത്രീകളുടെ സാക്ഷരത എടുത്താല്‍ അതിലും ദയനീയം. വയനാട്ടില്‍ 85.7 ശതമാനമുള്ളപ്പോള്‍ അമേഠിയില്‍ 52.7 ശതമാനം മാത്രം. അതായത് അമേഠി യിലെ പകുതിയോളം സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായിട്ടില്ല എന്നര്‍ഥം. ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം അമേഠിക്കാര്‍ക്കും വയനാട്ടുകാര്‍ക്കും എങ്ങനെ കിട്ടി എന്നതിനും കണക്ക് ലഭ്യമാണ്. അമേഠി യില്‍ ഒരു കുടുംബത്തിന് ശരാശരി 45.7 ദിവസം പദ്ധതിപ്രകാരം തൊഴില്‍ കിട്ടിയപ്പോള്‍ വയനാട്ടില്‍ കിട്ടിയത് 63.4 ദിവസം. തൊഴിലുറപ്പ് പദ്ധതി വകുപ്പിന്റെ വെബ്സൈറ്റില്‍‍ ഉള്ളതാണ് ഈ കണക്ക്. കേരളത്തില്‍ കൊള്ളാവുന്ന സ്കൂള്‍ ഉണ്ടോ എന്ന് രാഹുല്‍ഗാന്ധി അടുത്ത കാലത്ത് കേരളത്തില്‍‍ വന്നു ചോദിച്ചിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസരംഗംകൂടി   പരിശോധിക്കാം. അമേഠിയില്‍ വൈദ്യുതിയുള്ള സ്കൂളുകള്‍ 28.8 ശതമാനമാണ്. വയനാട്ടില്‍‍ 78.2 ശതമാനവും. അതായത് അമേഠിയില്‍ മുക്കാല്‍‍ പങ്ക് സ്കൂളിലും കറണ്ടില്ല ലോവര്‍ പ്രൈമറി ഒഴികെയുള്ള സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ഉള്ളവയുടെ  എണ്ണം അമേഠിയില്‍ 22ശതമാനവും  വയനാട്ടില്‍‍  100 ശതമാനവും.  ഇവിടെ കമ്പ്യൂട്ടറില്ലാത്ത സ്കൂളുകളില്ല. അവിടെ കമ്പ്യൂട്ടര്‍ ഉള്ള സ്കൂളുകള്‍ നൂറില്‍ 22 മാത്രം. കളിസ്ഥലമുളള സ്കൂളിന്റെ എണ്ണം എടുത്താല്‍ അമേഠിയില്‍‍ 43.8 ശതമാനം. വയനാട്ടില്‍ 69.4ഉം. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസില്‍ പഠനം നിര്‍ത്തിപ്പോകുന്നവരുടെ എണ്ണത്തിലും രണ്ടു ജില്ലകള്‍ തമ്മില്‍‍ ഭീമന്‍ വ്യത്യാസം തന്നെയുണ്ട്.അമേഠി യില്‍ 15.8 ശതമാനം. അതായത് ഒന്നാംക്ലാസില്‍ ചേരുന്ന 100ല്‍ 15ല്‍ അധികം കുട്ടികള്‍ അഞ്ചിലെത്തുന്നില്ല. വയനാട്ടിലാകട്ടെ ഈ നിരക്ക് നാമമാത്രം. 0.7 ശതമാനം. അതായത് ഒന്നില്‍ താഴെ . ഈ അമേഠി മോഡല്‍ വികസനം വയനാടിനു വേണോ എന്ന ചോദ്യം ഉയരുന്നത് ഈ സാഹചര്യത്തിലാണ് .   Sources: For data on education U-DISE Statistics, National Unioversity of Educational Planning & Admiinistration http://udise.in/Downloads/Publications/Documents/District_Report_Cards-2016-17-Vol-II.pdf For data MGNREGA: MGNREGA Website of the Government of India. For data on per captita income – Webiste of the Government of Uttar Pradesh and Kerala Economic Review. For data on electrification, District at a Glance, Website of the Government of Uttar Pradesh and Kerala Economic Review, Government of Kerala.   Read on deshabhimani.com

Related News