‘എന്നാലും മത്തായിച്ചാ’... ട്രാന്‍സ് ആരാധകര്‍ കാത്തിരുന്ന പാട്ടെത്തി



അൻവർ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാൻസ്' സിനിമയിലെ പുതിയ പാട്ടെത്തി. എന്നാലും മത്തായിച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സൗബിന്‍ ഷാഹിറും ബ്ലെയിസും ചേര്‍ന്നാണ് പാടിയത്. സൗബിൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടിയത്. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് എത്തുന്നത്. വിൻസെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനു വേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.പ്രമുഖ ഒഡീസി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകറാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ ആണ്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്. വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് -റോണക്‌സ് സേവ്യര്‍ എന്നിവര്‍ നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. വാർത്ത പ്രചരണം -എ.എസ് ദിനേശ്, ആതിര ദിൽജിത്ത്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ട്രാന്‍സ് ഫെബ്രുവരി 20ന് എ ആന്‍ഡ് എ റിലീസ് തീയറ്ററുകളിൽ എത്തിക്കും. Read on deshabhimani.com

Related News