സംഗീതമേഖലയില്‍ ശാസ്ത്രീയസംഗീതത്തിനുള്ള മേല്‍ക്കോയ്മ ഇല്ലാതാക്കാനാണ്‌ ശ്രമം: ടി എം കൃഷ്‌ണ



തിരുവനന്തപുരം > പ്രേക്ഷകരുടെ പ്രതീക്ഷ എന്തായിരിക്കണമെന്ന് കലാകാരന്മാര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീതജ്ഞനുമായ ടി എം കൃഷ്ണ. അവര്‍ പ്രേക്ഷകരെ വെറും പാവകളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്നില്‍ ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌പേസസ് ഫെസ്റ്റില്‍ 'സംഗീതം സാമൂഹിക ഉത്ഗ്രഥനത്തിന്' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ വിശ്വാസത്തില്‍ നിന്നാണ് കലകള്‍ക്ക് ഭംഗിയുണ്ടാകുന്നത്. പ്രതീക്ഷയെന്നത് വെറും മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു. സംഗീതമേഖലയില്‍ ശാസ്ത്രീയസംഗീതത്തിനുള്ള മേല്‍ക്കോയ്മ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. കല എപ്പോഴും ആനന്ദവും ആഹ്ളാദവും മാത്രം പ്രദാനം ചെയ്യുന്നുവെന്നാണ് പലരും കരുതുന്നത്. എന്നാല്‍, അത് എപ്പോഴും അങ്ങനെയല്ല. കല ഇത്തരം പ്രതീക്ഷകള്‍ക്കെല്ലാം അതീതമാണ്. അതിരുകളില്ലാതെ സമൂഹത്തിലെ എല്ലാ ജീവനുകളേയും ഒന്നിപ്പിക്കുന്നതാണ് കലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെഷനില്‍ ജോസി ജോസഫ് മോഡറേറ്ററായിരുന്നു. Read on deshabhimani.com

Related News