സംഗീതം എന്നെ തിരഞ്ഞു വരികയായിരുന്നു...സിതാര കൃഷ്‌ണകുമാർ സംസാരിക്കുന്നു

സിതാര കൃഷ്‌ണകുമാർ ഫോട്ടോ: ബിനോയ്‌ മഹാരാജാസ്‌


പതിനേഴു വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു പതിനേഴുകാരി ഗാനഗന്ധർവൻ യേശുദാസിന്റെ പേരിലുള്ള ഗന്ധർവ സംഗീതം എന്ന റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിജയിയായി. പിന്നീട് പല വേദികളിലും അവൾ ഗസൽ മഴയായി പെയ്തു. സിനിമയിൽ പാടി. 2012ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടി. ആ ഗായിക പാടിയ "ഏനുണ്ടോടീ അമ്പിളിച്ചന്തം’ എന്ന ആ ഗാനം ഏറ്റുപാടി മലയാളികൾ   അവളെ ഹൃദയത്തോട് ചേർത്തു... സംഗീതത്തിന്റെ ബഹുസ്വരമായ ഭാവലയങ്ങളിലൂടെ   കേൾവിക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗായികയാണ് ഇന്ന് സിതാര കൃഷ്ണകുമാർ. പല താളങ്ങളിൽ പാടിയും ഒരൊറ്റ നിലപാടിൽ പറഞ്ഞും ഒരു പതിറ്റാണ്ടിലേറെയായി ആ ശബ്ദം നമുക്കിടയിലുണ്ട്. അരക്ഷിതാവസ്ഥയുടെയും അടഞ്ഞുകിടക്കലിന്റെയും നാളുകളിൽ സംഗീതംകൊണ്ട് സാന്ത്വനമേകിയും ശബ്ദം കൊണ്ട് ചേർത്തുപിടിച്ചും സിതാര നമുക്കൊപ്പമുണ്ട്... സംഗീതം, നൃത്തം, രാഷ്ട്രീയം... കടന്നുവന്ന  വഴികളെക്കുറിച്ച് സിതാര സംസാരിക്കുന്നു. ? യുവജനോത്സവ വേദികളിലൂടെയാണ് സിതാര എന്ന ഗായിക ഉയർന്നുവന്നത്.  പാടിത്തുടങ്ങിയ കാലത്ത് സിതാരയ്ക്ക് സംഗീതത്തെക്കുറിച്ചും പാട്ടുകാരി എന്ന നിലയിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ചും ഉണ്ടായിരുന്ന കാഴ്ചപ്പാടിൽ പിൽക്കാലത്ത് എന്തു മാറ്റമാണ് സംഭവിച്ചിട്ടുള്ളത്? ഇന്ന് സംഗീതത്തെ എങ്ങനെ കാണുന്നു? അത് വ്യക്തിപരമായൊരു ആഹ്ലാദം മാത്രമാണോ, അതോ അതിനപ്പുറം മറ്റെന്തെങ്കിലും കൂടിയാണോ? = നാലാം വയസ്സിലാണ് ഞാൻ പാട്ട്‌ പഠിച്ചുതുടങ്ങിയത്. ആ പ്രായത്തിൽ മറ്റു പല കുട്ടികളെയുംപോലെ അച്ഛനമ്മമാരുടെ പ്രേരണയിലാണ്‌ ഞാനും സംഗീത പഠനം ആരംഭിക്കുന്നത്. അയൽപക്കത്തെ ചേച്ചിമാർക്കൊപ്പമായിരുന്നു പാട്ടുക്ലാസിൽ പോയിരുന്നത്.   ഓര്‍മവച്ചു തുടങ്ങിയ കാലം  മുതല്‍  ഞാൻ പാടുകയാണ്. അന്നുമുതൽ പാട്ടുകാരി എന്ന നിലയിലും കേൾവിക്കാരി എന്ന നിലയിലും സംഗീതത്തോടുള്ള എന്റെ ആഭിമുഖ്യം പല രൂപാന്തരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇന്ന്, ഞാനെന്റെ മുപ്പതുകളിൽ നിൽക്കുമ്പോൾ ഇക്കാലമത്രയും സംഗീതം പരിശീലിച്ചിരുന്ന ഒരാളെന്ന നിലയിൽ, സംഗീതത്തെ ജീവിതത്തിൽനിന്ന്‌ വേറിട്ടു കാണാനാകില്ല. സംഗീതം ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ആലോചിക്കാനുമാകില്ല. അതുതന്നെയാണെന്റെ ജീവിതം. സംഗീതമില്ലെങ്കില്‍ പിന്നെന്ത്, എങ്ങനെ നിലനില്‍ക്കും  എന്ന് ചിന്തിച്ചിട്ടു പോലുമില്ല. സംഗീതം എനിക്ക് എല്ലാമാണ്. അത്‌ വ്യക്തിപരമായ ആഹ്ലാദമാണ്. എന്റെ വികാരങ്ങളെല്ലാം സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ദേഷ്യം വരുമ്പോള്‍ പലപ്പോഴും  ഞാൻ കേൾക്കുന്ന പാട്ടുകളുണ്ട്. സങ്കടം വരുമ്പോൾ അത് കൂട്ടാനോ, കുറയ്ക്കാനോ എനിക്കു സംഗീതം വേണം. വിശപ്പ്, ദാഹം, സ്നേഹം, ദേഷ്യം മുതലായ  ശാരീരികവും വൈകാരികവുമായ വിചാരങ്ങൾ പോലെ ഒന്നായിട്ടുണ്ട് എനിക്ക് സംഗീതം. പാട്ടുകാരി എന്ന അസ്തിത്വവും ജീവിതത്തിന്റെ  വിവിധ ഘട്ടങ്ങളിലായി രൂപപ്പെട്ടതാണ്. സംഗീതം അഭ്യസിച്ചുതുടങ്ങിയ ഒരു കുട്ടി, പിന്നീട് യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥി, റിയാലിറ്റി ഷോയിലെ മത്സരാർഥി, നിരവധി പാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്ന  ഒരാൾ,  സിനിമയിലെത്തി സംഗീതം എന്റെ തൊഴിൽ കൂടിയാകുമ്പോള്‍ പാട്ടുകാരി എന്ന നിലയില്‍ എത്രയോ മാറ്റങ്ങള്‍! കൂടുതൽ ഉയരങ്ങളിലേക്ക് എന്നല്ല, കൂടുതൽ മുന്നോട്ട് എന്നാണ് ആ മാറ്റങ്ങളെ  വിശേഷിപ്പിക്കേണ്ടത്. കല എന്ന ഉപകരണം  ഉപയോഗിച്ച് നമുക്ക്  ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും എന്ന് മനസ്സിലായിട്ടുണ്ട്, ഈ യാത്രയിൽ. രാജ്യാന്തര തലത്തിൽ അത്തരം ഉദാഹരണങ്ങൾ കാണുന്നുണ്ട്. ലോക ഭൂപടമെടുത്താൽ നമ്മൾ ജീവിക്കുന്ന ഈ ഇടം ഒരു ചെറിയ ബിന്ദു മാത്രമാണ്. പക്ഷെ ഇവിടെയും നമുക്ക് ചുറ്റും ആളുകളുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങള്‍ കേൾക്കാനും വിമർശിക്കാനും അനുകൂലിച്ചും പ്രതികൂലിച്ചും  വിശകലനം ചെയ്യാനും അവര്‍ ശ്രമിക്കുന്നുണ്ട്.  അവര്‍ക്കുവേണ്ടി സംഗീതം ഉപയോഗിച്ച് എന്തെങ്കിലും പരീക്ഷണങ്ങൾ ചെയ്യാനാകുമോ എന്ന് ശ്രമിക്കും. അത് ചിലപ്പോൾ വിജയിക്കും. ചർച്ചകൾ നടക്കും. അത്തരത്തിൽ എനിക്കു ചുറ്റുമുള്ള ആളുകളുമായി സംവദിക്കാൻ ഞാൻ സംഗീതത്തെ ഉപയോഗിക്കാറുണ്ട്. ? കലോത്സവ വേദികളിൽനിന്നും സിനിമാ രംഗത്തേക്ക് ചുവടുവച്ച സിതാര, ഇപ്പോഴും സംഗീത പഠനം കൂടെ കൊണ്ടുപോകുന്നുണ്ടല്ലോ. ഒരു വിദ്യാർഥി എന്ന നിലയിൽ സംഗീതത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടായിട്ടുണ്ടോ... = സംഗീത പഠനം തുടരുന്നത് തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ്. യുവജനോത്സവങ്ങളുടെ പശ്ചാത്തലത്തിൽ സംഗീതം പഠിച്ചുവന്ന ഒരാളാണ് ഞാൻ. മത്സരങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള പരിശീലനം തുടക്കം തൊട്ടുള്ള ശീലമാണ്. അത് ശരിയാണോ എന്ന് ചോദിച്ചാൽ എനിക്ക് വലിയ അഭിപ്രായമില്ല. ഒരു മത്സരത്തെ മുന്നിൽ കണ്ട് പഠനം മുന്നോട്ടുകൊണ്ടു പോവുക എന്നത് ശരിയല്ല. പക്ഷെ, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഇതിന്റെ ഗുണവും ദോഷവും ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിന്റെ സന്തോഷങ്ങളും അവസരങ്ങളും കിട്ടിയിട്ടുണ്ട്. ആ ശീലം മാറ്റുക എളുപ്പമായിരുന്നില്ല. അതിനെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാം എന്നാണ്‌  പിന്നീട്‌ ഞാൻ ചിന്തിച്ചത്‌.  അക്കാദമിക് തലത്തിൽ പഠിക്കുമ്പോൾ നിരന്തരം പരീക്ഷകൾ വരും. അതിനുവേണ്ടി ഞാൻ എപ്പോഴും തയ്യാറായി നിൽക്കും. ആ ശീലം ഒരു സംഗീത വിദ്യാർഥി എന്ന നിലയിൽ എന്നെ സഹായിച്ചിട്ടുണ്ട്. രാവും പകലും ആത്മാർഥതയോടെ പരിശീലനം നടത്തുന്ന ഒരുപാട് കലാകാരന്മാരെ കണ്ടിട്ടുണ്ട്, കൊതിയോടെ നോക്കിനിന്നിട്ടുണ്ട്.  ആ രീതി പിന്തുടരാൻ  എനിക്ക്‌ പറ്റില്ല എന്നതുകൊണ്ട് എന്റെ തയ്യാറെടുപ്പുകളെ ഉപേക്ഷിക്കാനാകില്ല. നിരവധിപേർ ആഗ്രഹിക്കുന്ന ഒരു ഇടത്താണ് ഞാൻ നിൽക്കുന്നത്. ആ ഉത്തരവാദിത്തം ഞാൻ കാണിക്കണം. ? നാലാം വയസ്സിൽ കോഴിക്കോട്  ടൗൺ ഹാളിൽ രാഘവൻ മാസ്റ്ററുടെ പാട്ടാണ്  സിതാര ആദ്യം പാടുന്നത്. സംഗീതം പഠിച്ചു തുടങ്ങിയ കാലം ഒന്നോർത്തെടുക്കാമോ... = സംഗീതം പഠിച്ചു തുടങ്ങിയതും നാലാം വയസ്സിലാണ്. കുട്ടൻമാഷായിരുന്നു ആദ്യ ഗുരു. സപ്തസ്വരങ്ങൾ പഠിച്ചു തുടങ്ങുന്നത് അദ്ദേഹത്തിൽ നിന്നാണ്. അതിനുശേഷം രാമനാട്ടുകര സതീശൻ എന്ന അധ്യാപകൻ. കർണാടിക് സംഗീതമായിരുന്നു. ഒമ്പതാം ക്ലാസിലെത്തിയപ്പോൾ അദ്ദേഹം തന്നെയാണ് എന്നെ പാലാ സി കെ രാമചന്ദ്രൻ സാറിന്റെ അടുത്തെത്തിക്കുന്നത്. പിന്നീട് യുവജനോത്സവങ്ങളിലും മത്സരങ്ങളിലും പങ്കെടുത്തു തുടങ്ങി. എല്ലാ കുട്ടികളെയും പോലെ തീർത്തും യാന്ത്രികമായ പഠനരീതിയായിരുന്നു. സംഗീതം മനസ്സിലാക്കിയല്ല അന്ന് പാടിയിരുന്നത്. പഠിക്കുന്നത് വീട്ടിലെത്തുമ്പോൾ പാടും. കുറച്ചുകൂടി മുതിർന്നപ്പോഴാണ് പഠിക്കുന്നത് മനസ്സിലാകുന്നില്ല എന്ന തോന്നൽ വന്നത്. ആവശ്യങ്ങൾ അറിയിക്കുമ്പോൾ അതിനുവേണ്ട വഴികാണിച്ചു തരുന്നവരായിരുന്നു എന്റെ ഗുരുക്കന്മാർ. പാലാ സാറിനോട് അനുവാദം വാങ്ങിയാണ് ഹിന്ദുസ്ഥാനി പഠിക്കാൻ എറണാകുളത്ത് ഉസ്താദ് ഫയാസ് ഖാൻ എന്ന അധ്യാപകന്റെ അടുത്തെത്തുന്നത്. ഇപ്പോഴും ഞാൻ അദ്ദേഹത്തിന്റെ വിദ്യാർഥിയാണ്. അടിസ്ഥാനപരമായ സംഗതികളിലായിരുന്നു എനിക്ക് സംശയങ്ങളും ആശങ്കകളും. ക്ലീൻ സ്ലേറ്റിലാണ് ഉസ്താദിന്റെ അടുത്ത് പഠനം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നു. പഠനം അവസാനിക്കാത്ത ഒരു പ്രക്രിയയല്ലേ. ഗുരുമുഖത്തുനിന്നും പഠിച്ചതു മാത്രമല്ല, എന്റെ സംഗീതം.  പഠനത്തെ സ്വാധീനിച്ച മറ്റനവധി പേരുണ്ട്. മലപ്പുറം സ്വദേശിയാണ് ഞാൻ. അടുത്തുകിടക്കുന്നത് കോഴിക്കോട് ജില്ലയാണ്. അവിടെ എപ്പോൾ പോകുമ്പോഴും ടൗൺഹാളിലോ ടാഗോറിലോ എന്തെങ്കിലും പരിപാടിയുണ്ടാകും. എന്നിലെ കേൾവിക്കാരിയെ വളർത്തിയത് കോഴിക്കോട് നഗരമാണ്. അവിടെയാണ് ഞാൻ പാട്ടും നൃത്തവും പഠിക്കാൻ പോയിരുന്നത്. കലാമണ്ഡലം വിനോദിനി ടീച്ചറാണ് എന്റെ ഗുരുനാഥ. പാലാ സാറിനോട് അനുവാദം വാങ്ങിയാണ് ഹിന്ദുസ്ഥാനി പഠിക്കാൻ എറണാകുളത്ത് ഉസ്താദ് ഫയാസ് ഖാൻ എന്ന അധ്യാപകന്റെ അടുത്തെത്തുന്നത്. ഇപ്പോഴും ഞാൻ അദ്ദേഹത്തിന്റെ വിദ്യാർഥിയാണ്. അടിസ്ഥാനപരമായ സംഗതികളിലായിരുന്നു എനിക്ക് സംശയങ്ങളും ആശങ്കകളും. ക്ലീൻ സ്ലേറ്റിലാണ് ഉസ്താദിന്റെ അടുത്ത് പഠനം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നു. എന്റെ സംഗീത പഠനത്തെ ഏറെ സ്വാധീനിച്ച ഒരാളാണ് ശ്രീ എൻ പി പ്രഭാകരൻ. യുപി ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടുന്നത്. ഏഷ്യാനെറ്റിനുവേണ്ടി ‘ഉമ്മ പൊന്നുമ്മ' എന്നൊരു പാട്ട്. പ്രഭാകരൻമാമയാണ് സ്റ്റുഡിയോയിൽ എന്നെ എപ്പോഴും കൊണ്ടുപോയിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ പാടി തേൻമൊഴി എന്നൊരു കാസെറ്റ് പുറത്തിറക്കിയിരുന്നു. കോഴിക്കോടുള്ള പപ്പേട്ടൻ, ഹരിദാസ് മാമൻ, തേജേട്ടൻ, സന്തോഷേട്ടൻ, ശശിയേട്ടൻ, സോമേട്ടൻ, തബല വായിക്കുന്ന രാമകൃഷ്ണൻ മാമൻ, പീതാംബരേട്ടൻ തുടങ്ങിയവരാണ് സ്റ്റേജിൽ പാടാനുള്ള സൂത്രങ്ങള്‍ പഠിപ്പിച്ചു തന്നത്. വേദിയിൽ പാടുമ്പോൾ ഒരു മ്യൂസിക് പീസ് കഴിഞ്ഞാൽ പാട്ട് എവിടെ തുടങ്ങണം എന്ന് ലളിതമായി പഠിപ്പിച്ചത് അവരാണ്. ബാർ കൗണ്ട് ചെയ്യുക എന്ന് പറയും. വൺ, ടു, ത്രി, ഫോർ എന്ന് കൈയിൽ എണ്ണിയാണ് പഠിപ്പിച്ചത്. ഇപ്പോഴും വേദിയിൽ പാടുമ്പോൾ ആ ടെക്നിക്കാണ് ഞാൻ ഉപയോഗിക്കുന്നത്. ? കാലം മാറിയതിനനുസരിച്ച്‌ സംഗീതം മാറി. സംഗീതം  സിതാരയുടെ ജീവിതത്തെയും ജീവിതം സിതാരയുടെ സംഗീതത്തെയും എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്? പെർഫോമർ എന്ന തലത്തിലേക്ക് പാട്ടുകാർ മാറുമ്പോൾ അത് സംഗീതത്തെ എങ്ങനെ ബാധിക്കും... = സാങ്കേതികവിദ്യയിൽ സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സംഗീതം എങ്ങനെ അവതരിപ്പിക്കും, എവിടെ അവതരിപ്പിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മാറ്റം സംഭവിച്ചു. ഈ മാറ്റം പ്രാദേശികമല്ല, ആഗോളതലത്തിലാണ്. പണ്ട് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഘരാനകൾക്ക് പ്രസക്തിയുണ്ടായിരുന്നു. പിന്നീട് അത് വിദ്യാലയങ്ങളിലേക്കെത്തി. എന്നാൽ എല്ലാവരും എല്ലാ നാടുകളിലേക്കും യാത്രചെയ്തുതുടങ്ങുകയും എല്ലാതരം സംഗീതവും കേട്ടുതുടങ്ങുകയും ചെയ്തതോടെ ഘരാനയ്ക്ക് പ്രസക്തിയില്ലാതായി. കാലം മാറിയപ്പോള്‍ സംഗീതം എനിക്കു ശ്വാസവായുപോലെ ആയിത്തീര്‍ന്നു. അതേ സമയം, ജീവിതം സംഗീതത്തെയും സ്വാധീനിച്ചു. യാത്രകളും കൂടുതല്‍ അനുഭവങ്ങളും ഒക്കെയായില്ലേ?  പ്രായം കൂടും തോറും അനുഭവങ്ങൾ കൂടും. സംഗീതത്തിലെ അനുഭവമല്ല, അതല്ലാതെയുള്ള ജീവിതാനുഭവങ്ങൾ. ആളുകളുമായുള്ള പരിചയം, വൈകാരികമായ മാറ്റങ്ങൾ ഇതെല്ലാം സംഗീതത്തെ, അതായത് സംഗീതമുപയോഗിച്ച് നമ്മൾ സൃഷ്ടിക്കുന്ന കലയെ സ്വാധീനിക്കും. ഇപ്പോഴുള്ളതായിരിക്കില്ല പത്തുവർഷം കഴിഞ്ഞാൽ എന്റെ സംഗീതവും അതിലൂടെ ഞാന്‍ ആവിഷ്കരിക്കുന്നതും. ? യാത്രകളെക്കുറിച്ചു പറഞ്ഞല്ലോ. യാത്രയ്ക്കു പുറമെ, മറ്റെന്തൊക്കെയാണ്‌ സിതാര എന്ന ഗായികയേയും വ്യക്തിയേയും രൂപപ്പെടുത്തിയ ഘടകങ്ങൾ?    = യാത്രകൾ കൂടുതലും ജോലിയുടെ ആവശ്യത്തിനും സംഗീതത്തിന്റെ ആവശ്യത്തിനും തന്നെയാണ്. വായനയുടെ കാര്യത്തില്‍, അതതു കാലത്തു വായിക്കേണ്ടതെല്ലാം വായിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കൾ വായനയെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ഛന് കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു ജോലി. ജീവിതത്തിലെ വലിയൊരു സമയം ഞാൻ ആ ക്യാമ്പസിൽ ചെലവഴിച്ചിട്ടുണ്ട്. നല്ല ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. അതെല്ലാം ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. എങ്കിലും,  ഒരുകാലത്തും വലിയ വായനക്കാരി ആയിരുന്നില്ല. കിട്ടുന്നതെന്തും വായിക്കുകയും വായിക്കുന്നതെല്ലാം ഓർത്തിരിക്കുകയും ചെയ്യുന്ന വായനക്കാരിയല്ല. ആറുവർഷത്തോളം സാഹിത്യം തന്നെ പഠിക്കുമ്പോൾ വായിക്കാതിരിക്കാൻ പറ്റില്ല. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. വളരെ വിപുലമായ ലൈബ്രറിയുള്ള ക്യാമ്പസാണ്. സിലബസിലുള്ള പുസ്തകങ്ങളും അതിനോട് അനുബന്ധമായ പുസ്തകങ്ങളും വായിക്കാൻ തന്നെ അത്യാവശ്യം വായനാശീലം വേണം. മലപ്പുറം സ്വദേശിയാണ് ഞാൻ. അടുത്തു കിടക്കുന്നത് കോഴിക്കോട് ജില്ലയാണ്. അവിടെ എപ്പോൾ പോകുമ്പോഴും ടൗൺ ഹാളിലോ ടാഗോറിലോ എന്തെങ്കിലും പരിപാടിയുണ്ടാകും. എന്നിലെ കേൾവിക്കാരിയെ വളർത്തിയത് കോഴിക്കോട് നഗരമാണ്. പക്ഷെ പാട്ടാണോ നൃത്തമാണോ വായനയാണോ ഇഷ്ടം എന്നു ചോദിച്ചാൽ മൂന്നാം സ്ഥാനമേ വായനയ്ക്കുള്ളൂ. അതുകൊണ്ടു തന്നെ ആ ശീലം വിട്ടുപോകാൻ എളുപ്പമാണ്. വായന തീരെ കൈമോശം വന്നു എന്ന് തോന്നുമ്പോൾ എന്തെങ്കിലും വായിച്ച് ഞാനാ ശീലം തിരിച്ചുപിടിക്കാറുണ്ട്. വായിച്ചത് ഓർത്തുവയ്ക്കാനോ വേണ്ട സാഹചര്യത്തിൽ ആ വാക്കുകൾ ഉപയോഗിക്കാനോ സാധിക്കാറില്ല എന്നതിൽ വിഷമമുണ്ട്. പക്ഷെ വായിച്ചതിന്റെ അവശേഷിപ്പുകൾ എന്റെ മനസ്സിലും ശരീരത്തിലും നിൽക്കാറുണ്ട്. ആ ഇമോഷൻ എന്നെ സന്തോഷിപ്പിക്കാറുണ്ട്, വേദനിപ്പിക്കാറുണ്ട്, വേട്ടയാടാറുണ്ട്.   ? പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട്‌ ജനപ്രീതി നേടി. ഒരു സ്ത്രീയെന്ന നിലയിൽ കൂടി ഒരു ബാൻഡ് നടത്തിക്കൊണ്ടുപോകുന്നതിലെ സാധ്യതകളും പരിമിതികളും എന്തെല്ലാമാണ്... = ഒരു സ്ത്രീയെന്നതുകൊണ്ട് ഈ മേഖലയിൽ എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടില്ല. പക്ഷെ അത്തരം അനുഭവങ്ങളെ തള്ളിക്കളയുന്ന ഒരാളല്ല ഞാൻ. പല സുഹൃത്തുക്കൾക്കും ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളെക്കുറിച്ച് അറിയാം. ഒരുപാട് സ്നേഹവും സൗഹൃദവും സ്വാതന്ത്ര്യവും സ്വാശ്രയത്വവും തന്നിട്ടുള്ള ഇടമാണ് പ്രോജക്ട് മലബാറിക്കസ്. വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എനിക്കിഷ്ടമുള്ള സംഗീതം സൃഷ്ടിക്കാനും പാടാനും അവസരമുണ്ട്. അവിടെ അഞ്ച് ആൺകുട്ടികളാണ് എനിക്കൊപ്പം. ലിബോയ്, മിഥുൻ പോൾ, ശ്രീനാഥ് നായർ, വിജയ് ജോർജ്, അജയ് കൃഷ്ണൻ. എന്റെ ഇടം എന്ന തോന്നലാണ് എനിക്ക്  പ്രോജക്ട്‌ മലബാറിക്കസ്. ലക്ഷ്മി വേണുഗോപാലാണ് ബാൻഡ് മനേജ് ചെയ്യുന്നത്. ലക്ഷ്മിയും ഞങ്ങൾ ആറു പേരും ചേർന്നാൽ ഞങ്ങൾക്കിഷ്ടമുള്ളതൊക്കെ പാടാം. ഞങ്ങളിൽ ആർക്കെങ്കിലും ഒരു വിഷമം ഉണ്ടായാൽ മറ്റുള്ളവർ അവിടെ എത്തും. അത്രമേൽ സ്നേഹവും കരുതലുമാണ് പരസ്പരം. ? റീമിക്സുകളുടെയും കവർ സോങ്ങുകളുടെയും അതിപ്രസരം ശുദ്ധസംഗീതത്തെ വികലമാക്കുന്നു എന്ന വിമർശനം എല്ലാകാലത്തുമുണ്ട്. ഒരു സംഗീത സംവിധായിക കൂടിയായ സിതാര ഈ വിമർശനത്തോട് യോജിക്കുന്നുണ്ടോ... = സംഗീതത്തിന്റെ പരിണാമത്തിലെ ഏതു ഘട്ടത്തെയാണ് ശുദ്ധ സംഗീതം എന്നു നാം വിശേഷിപ്പിക്കുന്നത് എന്നത് പ്രധാനമാണ്. ശാസ്ത്രീയ സംഗീതത്തിൽ ഉൾപ്പെടെ അതിന്റെ ആദിമ രൂപത്തിൽ പ്രചോദനമായ പല ഘടകങ്ങളുണ്ട്. പ്രകൃതിയിൽ നിന്നുള്ള പക്ഷി മൃഗാദികളുടെ ശബ്ദങ്ങൾ, കാറ്റിന്റേയും പുഴയുടെയും ശബ്ദങ്ങൾ... സംഗീതത്തിലെ  സ്വരങ്ങളൊന്നും ഒന്നോ രണ്ടോ വർഷം കൊണ്ടുണ്ടായതല്ല. നിരന്തരമായ ശ്രദ്ധയിലൂടെ, മനുഷ്യൻ പ്രകൃതിയിലേക്ക് ചെവി തുറന്നുവച്ചതുകൊണ്ട് ഉണ്ടായിവന്നതാണ്. പ്രചോദനം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ്. പലതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്നു കേൾക്കുന്ന രൂപം സംഗീതം കൈവരിച്ചത്. ഓരോ കാലത്തിന്റെയും പ്രദേശത്തിന്റെയും സംസ്കാരവും ചരിത്രവും രാഷ്ട്രീയവും സംഗീതത്തെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് രാഗങ്ങളുണ്ടാകുന്നു, രാഗങ്ങളെ അടിസ്ഥാനപ്പെടുത്തി പാട്ടുകളുണ്ടാകുന്നു– ഈ പ്രചോദനം ഇപ്പോഴും തുടരുന്നു. സംഗീതം ഒരു ഭാഷയാണ് എന്നു സങ്കല്‍പ്പിച്ചാല്‍ ലോകത്ത് ഏത് സംഗീതജ്ഞർക്കും പരസ്പരം ഉപയോഗിക്കാവുന്ന ബൃഹത്തായൊരു വിനിമയോപാധിയാണത്. ഓരോ പാട്ടുകാരനും പാട്ടുകാരിയും  നമ്മുടെ കൈവശം എത്തിച്ചേരുന്ന പാട്ടിന്റെ സൂക്ഷിപ്പുകാർ മാത്രമാണ്. അത് തിരിച്ചറിയുമ്പോൾ കുറച്ചുകൂടി വിശാലമായി ചിന്തിക്കാൻ സാധിക്കും. അപ്പോൾ ഈ കാണുന്നതെല്ലാം നമ്മുടേതാണ് എന്നു പറഞ്ഞ് അടക്കിപ്പിടിക്കാൻ തോന്നില്ല. ശാസ്ത്രീയ സംഗീതത്തിന് അതിന്റേതായ വ്യാകരണമുണ്ട്. ആ വ്യാകരണമനുസരിച്ച് അവതരിപ്പിക്കുക എന്നതാണ് അതിന്റെ സൗന്ദര്യം. പക്ഷെ കാലാകാലങ്ങളിൽ നമ്മുടെ ഭാഷാ പ്രയോഗങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടില്ലേ. ശാസ്ത്രീയ സംഗീതത്തിന്റെ വ്യാകരണങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. സംഗീതത്തെ മാത്രമായി ഈ മാറ്റത്തിൽനിന്ന് ഒഴിച്ചുനിർത്താനാകില്ല. കേട്ടു ശീലിച്ച പാട്ടുകളുടെ പ്രചോദനത്തിലും അത് വീണ്ടും പാടാനുള്ള കൊതിയുമാണ് റീമിക്സുകളും കവർ സോങ്ങുകളും ഉണ്ടാകുന്നത്. ഞാനും കവർ സോങ്ങുകൾ പാടിയിട്ടുണ്ട്. അങ്ങനെ പാടുമ്പോൾ അതിലേക്ക് പുതിയതായി എന്തെല്ലാം ചേർക്കാമെന്നതിന്റെ സൂചനകൾ ആ പാട്ടിൽ തന്നെ അതു സൃഷ്ടിച്ചവർ ബാക്കിവച്ചിട്ടുണ്ടാകും. അത്‌ കണ്ടെത്തുക എന്നതാണ് പ്രധാനം. ശ്രുതിശുദ്ധമായും സംഗീതാത്മകത നഷ്ടപ്പെടാതെയും ഒരു പാട്ടിന്റെ കവർ പാടുമ്പോൾ, അതിനെ നശിപ്പിച്ചെന്ന് ആളുകൾ പറയുമെന്ന് ഞാൻ കരുതുന്നില്ല. കാതിനും മനസ്സിനും സുഖമുള്ളതെന്തും നമ്മൾ സ്വീകരിക്കും. ഏറ്റവും ശ്രുതിശുദ്ധമായി പാടുക എന്ന പോയിന്റിലെത്താനാണ് പാട്ടുകാരി എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്. ഒരൊറ്റ സ്വരം ഏറ്റവും ശ്രുതിശുദ്ധമായി പാടിയാൽ അതുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് എന്റെ ഗുരുനാഥൻ പറയാറുണ്ട്. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.   ?  സംഗീതം എന്നാൽ പിന്നണി ഗാനാലാപനം മാത്രമല്ല. സ്വതന്ത്ര സംഗീതത്തിന്റെ വളർച്ചയേയും സാധ്യതകളെയും കുറിച്ച് ഒരു സംഗീതജ്ഞ എന്ന നിലയിലുള്ള നിരീക്ഷണം എന്താണ്... = ഇന്ത്യൻ പശ്ചാത്തലത്തിലാണ് സിനിമാ സംഗീതത്തിന് ഇത്രയേറെ പ്രാധാന്യം കൈവന്നത്‌. സിനിമയിലെ പാട്ടുകൾ വളരെ ശക്തമായൊരു മാധ്യമമാണിവിടെ. അതിന് വലിയ സ്വാധീനവും ജനപ്രിയതയുമുണ്ട്. എന്നാൽ എക്കാലത്തും സിനിമയ്ക്കു പുറത്ത് ഒരു ഇടമുണ്ടായിരുന്നു. ശാസ്ത്രീയ സംഗീതം പഠിക്കുകയും പാടുകയും അവതരിപ്പിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. സെമി ക്ലാസിക്കലിനും നാടൻ പാട്ടുകൾക്കുമെല്ലാം ഇവിടെ എക്കാലത്തും അതിന്റേതായ ഇടം ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ എണ്ണത്തിലും പ്രചാരത്തിലും മുന്നിൽ നിൽക്കുന്നത് സിനിമാ പാട്ടുകളാണ്. (പുറം രാജ്യങ്ങളിൽ അങ്ങനെയല്ല). പക്ഷെ സമീപകാലത്ത്‌  ഇതിൽ മാറ്റം സംഭവിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇൻഡി മ്യൂസിക്കിന് വലിയ പ്രചാരമുണ്ടായിരുന്നു. മിക്ക ആൽബങ്ങളും സിനിമയുടെ മറ്റൊരു പകർപ്പായിരുന്നു. അതിനൊരു കഥയുണ്ടാകും. പക്ഷെ അതല്ലാത്ത  സ്വതന്ത്ര സംഗീതമുണ്ട്. ഒരു ചെറിയ ചിന്തയുടെ വിത്തിൽനിന്ന് രൂപം കൊള്ളുന്നത്. ഒരു നിമിഷത്തെക്കുറിച്ച്, അല്ലെങ്കിൽ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള പാട്ടുകൾ... സ്വതന്ത്ര സംഗീതത്തിൽ എന്തും സാധ്യമാണ്. സ്വതന്ത്രം എന്ന വാക്കുതന്നെയാണ് പ്രധാനം. എന്തു പരീക്ഷണങ്ങൾക്കും, ഏതു വിഷയം കൊണ്ടുവയ്ക്കാനും സാധിക്കുന്ന ഒരിടം. ആ സാധ്യതകളെ കൂടുതൽ ഉപയോഗിക്കുന്ന സമയമാണിത്. ഇന്നത്തെ റിയാലിറ്റി ഷോയിലെ മത്സരാർഥികളോട് ഭാവിയിൽ നല്ലൊരു പിന്നണി ഗായിക/ഗായകൻ ആകട്ടെ എന്നല്ല, നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ എന്നാണ് ആശംസിക്കുന്നത്. അവരുടെ ആഗ്രഹവും അതാണ്. ‘ഇടം' എന്ന ഞങ്ങളുടെ സ്ഥാപനത്തിൽ അടുത്തിടെ പാട്ടുകാരുടെ ഓഡിഷൻ നടത്തിയിരുന്നു. കൊച്ചിയിൽ നിന്ന് മാത്രം 125 സ്വതന്ത്ര സംഗീതജ്ഞരാണ് അവരുടെ പാട്ടുകളുമായി വന്നത്. വളരെ പോസിറ്റീവായൊരു കാര്യമാണത്. കഥകൾക്കും പശ്ചാത്തലങ്ങൾക്കും അപ്പുറം ഒരുപാട് പറയാനുണ്ട് സംഗീതത്തിൽ. അതിനുള്ള സാധ്യത തുറന്നിടുന്നത് സ്വതന്ത്ര സംഗീതമാണ്. ? ഏതു തരം പാട്ടും എളുപ്പം വഴങ്ങുന്ന മലയാളത്തിലെ ചുരുക്കം ചില ഗായകരിൽ ഒരാളാണ് സിതാരയെന്നാണ്‌ കേട്ടിട്ടുള്ളത്.  എന്നാൽ, വോക്കൽ ആക്ടിങ്, ഐഡന്റിറ്റി ഇല്ലാത്ത ശബ്ദം എന്നിങ്ങനെയുള്ള വിമർശനങ്ങളും സിതാര നേരിട്ടിട്ടുണ്ട്. ശബ്ദത്തിലെ ഈ പ്രത്യേകത ഒരു വെല്ലുവിളിയായി തോന്നിയിട്ടുണ്ടോ? = എല്ലാ ഴോൺറെകൾക്കും അതിന്റെ ആധികാരികമായ അവതരണ ശൈലിയുണ്ട്. അതെല്ലാം ഒരാളെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല. അതിൽ ചിലതെങ്കിലും സാധിക്കുന്നത് വലിയ നേട്ടമാണ്. അങ്ങനെയുള്ള ആളുകളുമുണ്ട്. എനിക്ക് എല്ലാ ഴോണ്‍റെയും വഴങ്ങില്ല. എന്നാൽ, നമുക്കിഷ്ടമുള്ള പല ഴോൺറെകളെയും സിനിമയുടെ പരിസ്ഥിതിയോട് ചേർന്നുനിന്ന് അവതരിപ്പിക്കാനുള്ള അവസരം സിനിമാറ്റിക് സംഗീതം ഞങ്ങളെ പോലുള്ള ഗായകർക്ക് നൽകുന്നുണ്ട്. ഞാൻ പാടാനാഗ്രഹിക്കുന്ന ഴോൺറെകളെല്ലാം അതിന്റെ ആധികാരികമായ രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് പറ്റില്ല. പക്ഷെ സിനിമ പ്രതീക്ഷിക്കുന്നത് ആധികാരികമായ അവതരണമല്ല. മറിച്ച് സിനിമക്ക്‌ ഇണങ്ങുന്ന രീതിയിലുള്ള രൂപമാണ്. അതിനുള്ള അവസരം പിന്നണി ഗാനാലാപനം തരുന്നുണ്ട്. എനിക്കത് വ്യക്തിപരമായി ഏറെ സന്തോഷകരമാണ്. സിനിമയിലെ കഥാപാത്രം കർണാടിക് സംഗീതം പാടുന്ന ആളാണെങ്കിൽ നമ്മൾ അയാളായി സങ്കൽപ്പിച്ചുകൊണ്ട് പാടുകയാണ്. അവിടെ ശബ്ദം ഒരു ടൂളാണ്. അതിനെയാണ് വോക്കൽ ആക്ടിങ് എന്ന് പറയുന്നത്. എന്റെ ശബ്ദത്തിന്റെ ഘടന വ്യത്യസ്തമാണ്. അതിനെ നല്ലതെന്നോ മോശമെന്നോ പറയാനാകില്ല. തൊലിയുടെയോ മുടിയുടെയോ കണ്ണിന്റെയോ നിറം പോലെ ജന്മനാൽ കിട്ടിയ ഒന്നാണ്. അത് മാറില്ല. മ്യൂസിക്കാലിറ്റിയിൽ ശബ്ദത്തിന് വലിയ പ്രാധാന്യമില്ല. അത് നമ്മുടെ പഠനംകൊണ്ടും കേൾവികൊണ്ടും ഉണ്ടാക്കിയെടുക്കുന്നതാണ്. എന്നാൽ ശബ്ദസൗകുമാര്യം ആവശ്യമുള്ള സന്ദർഭങ്ങളുണ്ടായിരിക്കാം. ചില കഥാപാത്രങ്ങൾക്ക് ചില ശബ്ദങ്ങളിലുള്ളവർ വേണം എന്നു പറയുമ്പോൾ സാധ്യത അങ്ങോട്ടു പോയേക്കാം. ഒരു സ്പെക്ട്രമായി കണക്കാക്കിയാൽ എന്റെ ശബ്ദത്തിന്റെ പല സ്ഥലങ്ങളുടെയും സ്വരപ്രമാണങ്ങൾക്ക് ചെറിയ മാറ്റങ്ങളുണ്ട്. അതിനെ ഉപയോഗപ്പെടുത്തുകയാണ്. ഈ ശബ്ദം എങ്ങനെ ഉപയോഗിക്കും എന്ന സംശയവും ആശങ്കയും എനിക്കും ഉണ്ടായിരുന്നു. പരിശീലകന്റെ സഹായത്തോടെ എന്റെ ശബ്ദത്തിന്റെ സാധ്യതകളെ കണ്ടെത്തുകയാണ് ചെയ്തത്. ? ഗായിക മാത്രമല്ല, നർത്തകി കൂടിയായിരുന്നു സിതാര. എന്നാൽ നൃത്തം മാറ്റിവച്ച് മുഴുവൻ സമയ ഗായികയാകുക എന്നത് സുരക്ഷിതമായൊരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലേ.... = ഞാൻ ഒരു സംഗീത വിദ്യാർഥിയും നൃത്ത വിദ്യാർഥിയുമായിരുന്നു. സംഗീതം ഞാനായിട്ട് തെരഞ്ഞെടുത്തതല്ല. ഒരു കലാകാരിയായി ജീവിക്കുക എന്നു മാത്രമായിരുന്നു ആഗ്രഹം. സംഗീതം എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അവസരങ്ങൾ വരുന്നതനുസരിച്ച് സംഗീത പരിശീലനത്തിന് കൂടുതൽ സമയം ചെലവഴിച്ചു. വിദ്യാർഥി എന്ന നിലയിൽ സംഗീതത്തിനും നൃത്തത്തിനും ഒരുപോലെയാണ് സമയം നീക്കിവച്ചത്. ശാരീരികാധ്വാനം കൂടി വേണ്ടതിനാൽ നൃത്തത്തിന് ഒരൽപം സമയം കൂടുതലും കൊടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ നൃത്തത്തിൽ അവസരങ്ങൾ കുറവായിരുന്നു. പരിശീലനം മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചില്ല. സ്വാഭാവികമായും ആ സമയം കൂടി സംഗീതത്തിനായി മാറ്റിവച്ചു. നൃത്തം ചെയ്യാൻ ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ, മുമ്പെന്ന പോലെ ശരീരം അതിന് അനുവദിക്കണമെന്നില്ല. സംഗീതം ഒരിക്കലും സുരക്ഷിതമായ തെരഞ്ഞെടുപ്പായിരുന്നില്ല. ഒരു കലാകാരിയായി ജീവിക്കുന്നത് ഒട്ടും എളുപ്പമല്ല. നമ്മുടെ ശരീരത്തിന്റെ സ്വാസ്ഥ്യം ഉൾപ്പെടെ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. വളരെ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പാണിത്. ? ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്, സിതാരയെപ്പോലെ സിതാരയുടെ സംഗീതവും. ഒറ്റയ്ക്കൊരിടം കണ്ടെത്താനുള്ള ശ്രമം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്... = സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ നമ്മുടെ സംഗീതം ആളുകളിലേക്കെത്തുന്നത് സ്വാഭാവികമായ ഒരു ഒഴുക്കാണ്. സിനിമയോടും സിനിമാ സംഗീതത്തോടും സംഗീത സംവിധായകരോടുമൊക്കെയുള്ള ഇഷ്ടം നമുക്കും കിട്ടും. എന്നാൽ സ്വതന്ത്രമായ ഇടത്തിൽ നിൽക്കുക എന്നതിന് വെല്ലുവിളികളുണ്ട്. അത്തരം കേൾവി ശീലങ്ങൾ ആളുകളിൽ ഉണ്ടായി വരുന്നതേയുള്ളൂ. പക്ഷെ പാട്ടുകളുണ്ടാക്കുമ്പോൾ അത് എത്ര പേരിലേക്കെത്തണം ആളുകളെ തൃപ്തിപ്പെടുത്തണം എന്നിവയ്ക്കു ഞാൻ പ്രാധാന്യം നൽകാറില്ല. അത് അനാവശ്യമായൊരു സമ്മർദമാണ്. എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ അവതരിപ്പിക്കാനുള്ള ഇടമാണ് സ്വതന്ത്ര സംഗീതം. അവിടെ എന്റെ ഇഷ്ടങ്ങൾക്കാണ് ആദ്യ പരിഗണന. പക്ഷെ മറ്റൊരാളുടെ ആവശ്യപ്രകാരം പാട്ട് തയ്യാറാക്കുമ്പോള്‍ അവരുടെയും ആ കാലത്തിന്റെയും ഇഷ്ടങ്ങൾ പരിഗണിക്കണം. അത് വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ട്. പക്ഷെ എനിക്കുവേണ്ടി പാട്ടുണ്ടാക്കുമ്പോൾ എന്റെ ഇഷ്ടത്തിനു തന്നെയാണ് മുൻതൂക്കം. എനിക്കിഷ്ടപ്പെട്ടാൽ എന്നെ പോലെയുള്ള കുറച്ചു പേർക്കും ഇഷ്ടപ്പെടും. ചില പാട്ടുകൾ ആളുകൾ സ്വീകരിക്കും. അതിന് ഉദാഹരണമാണ് ചായപ്പാട്ട്. ചില നേരങ്ങൾ നാം നമ്മെ തന്നെ സ്നേഹിക്കാനായി മാറ്റിവയ്ക്കാറില്ലേ... അതുപോലെയാണ് എനിക്ക് സ്വതന്ത്ര സംഗീതം. ? വേദികളിലോ അവാർഡ് നിശകളിലോ മാത്രം കണ്ടുവന്നിരുന്ന ആളുകളായിരുന്നു ഗായകർ. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലോ ജനങ്ങൾക്കിടയിലോ അവരെ കണ്ടിരുന്നില്ല. താരങ്ങൾ വിണ്ണിൽ നിന്ന് മണ്ണിലേക്കിറങ്ങുമ്പോൾ സാധാരണ മനുഷ്യരായി മാറും. കാലിൽ ചെളി പറ്റും, വിമർശിക്കപ്പെടും.  ഈ സേഫ് സോൺ ഭേദിച്ച് പുറത്തുവരാൻ സിതാര എപ്പോഴാണ് തീരുമാനിച്ചത്? അതിന് എന്തെങ്കിലും കാരണങ്ങൾ... = സിനിമ എന്ന മാധ്യമത്തിനു പുറത്തേക്ക് നോക്കുകയാണെങ്കിൽ, ആളുകളുമായി നേരിട്ട് ഇടപെട്ടിരുന്നവർ തന്നെയല്ലേ കലാകാരന്മാര്‍? ചരിത്രം പരിശോധിച്ചാൽ, നമ്മുടെ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയെല്ലാം ആയുധങ്ങള്‍  നാടകങ്ങളും പാട്ടുകളും പറച്ചിലുകളും തന്നെയായിരുന്നു. നിരവധി പേരുടെ അത്തരം കലാപ്രവർത്തനങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ആ ശീലം നമുക്കുണ്ട്. ചരിത്രത്തിൽ നിന്ന്‌ അത് എടുത്തുമാറ്റാൻ സാധിക്കില്ല. നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നോ, അവിടെയെത്താൻ കാരണമായത് ഇതൊക്കെ തന്നെയാണ്. സിനിമയിലേക്ക് വരുമ്പോഴാണ് അത് വേറൊരു ലോകമാകുന്നതും, അവിടെയുള്ളവർ നമുക്ക് കാണാൻ സാധിക്കാത്തവരാകുന്നതും. എന്നാൽ അതിൽ മാറ്റം വരുത്താൻ വലിയൊരു പരിധിവരെ സാമൂഹിക മാധ്യമങ്ങള്‍  കാരണമായിട്ടുണ്ട്. മെസേജുകളായും കമന്റുകളായും ആസ്വാദകര്‍ക്കും  സിനിമാപ്രവർത്തകർക്കും പരസ്പരം സംവദിക്കാൻ സാധിക്കുന്നു. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് എന്തും പറയാമെന്ന തോന്നലിൽ നിന്നുണ്ടാകുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ അപാകത തന്നെയാണ്. അപ്പോഴും, കലാകാരന്മാരോട് നമുക്ക് നേരിട്ട് സംവദിക്കാം, അവർ നമ്മളെ പോലുള്ളവർ തന്നെയാണെന്നുമുള്ള തോന്നൽ ആളുകൾക്കും, അവരോട് നമ്മൾ നേരിട്ടാണ് സംസാരിക്കേണ്ടത് എന്ന തോന്നൽ ആർട്ടിസ്റ്റുകൾക്കും വന്നിട്ടുണ്ട്. സേഫ് സോൺ ആരെങ്കിലുമൊക്കെ ഭേദിച്ചേ മതിയാകൂ. എന്റെ പോസ്റ്റുകൾക്കു താഴെ വിദ്വേഷ കമന്റുകളുമായി വരുന്ന വ്യാജ പ്രൊഫൈലുകൾ അല്ലാത്തവർക്ക്, സമയം കിട്ടുമ്പോൾ ഞാൻ മെസേജ് അയക്കാറുണ്ട്. അവരുടെ പ്രൊഫൈലിൽ കയറി നോക്കുമ്പോൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ കാണാം. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാഗ്രഹിക്കുന്നവരാണ്. അവരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇൻബോക്സിൽ പോയി ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്? നമുക്ക് പരസ്പരം സംസാരിക്കാം. നിങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് എനിക്ക് ബോധ്യപ്പെടുകയാണെങ്കിൽ മാറാൻ ഞാൻ തയ്യാറാണ്. എന്റെ പക്ഷം നിങ്ങളും കേൾക്കണം, എന്ന്. വളരെ സമാധാനപരമായി ചർച്ച ചെയ്യാനറിയുന്ന ആളുകളാണ് അവരെല്ലാം. ആരോഗ്യകരമായ സംവാദങ്ങൾ നടത്താറുണ്ട്. പരസ്പരം അംഗീകരിച്ചാലും ഇല്ലെങ്കിലും സൗഹൃദത്തോടെയാണ് ഞങ്ങൾ പിരിയാറുള്ളത്. സംസാരിച്ചാൽ തീരുന്ന പ്രശ്നമേ നമുക്കിടയിലുള്ളൂ. ശത്രുത എന്നത് മിഥ്യാ ധാരണയാണ്. ഇല്ലാത്ത ഒന്നിനെ പേടിച്ച് എന്തിനാണ് നമ്മൾ അഭിപ്രായം പറയാതിരിക്കുന്നത്? നിശ്ശബ്ദരായിരുന്നാൽ അതുകൊണ്ട് ദോഷങ്ങളാണ് ഉണ്ടാകുന്നത്. ആ തിരിച്ചറിവിൽ നിന്നാണ് എന്റെ ശരികൾ പറയാൻ പഠിച്ചത്. ഇത്തരം മാറ്റങ്ങള്‍  ചുറ്റം നടക്കുന്നുണ്ട്. ? മകൾ സാവൻ ഋതുവിന്റെ പാട്ടുകളും വൈറലാണ്. ചെറിയ പ്രായത്തിൽ കിട്ടുന്ന മാധ്യമ ശ്രദ്ധ ഒരു കലാകാരിയെ എങ്ങനെ ബാധിക്കുമെന്നാണ്‌ നാലാം വയസ്സിലേ പാടിത്തുടങ്ങിയ ആളെന്ന നിലയില്‍ സിതാരയുടെ നിരീക്ഷണം.... = ഞാൻ നാലാം വയസ്സിലാണ് ആദ്യമായി വേദിയിൽ കയറുന്നത്. പഠിച്ചതെല്ലാം അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയിരുന്നത് യുവജനോത്സവങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ ഇന്റർനെറ്റ് ഓൺ ചെയ്തു കഴിഞ്ഞാൽ കുട്ടികൾ പാടുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ കാണാം. അത് കാലത്തിന്റേതായ മാറ്റമാണ്. എല്ലാവരുടെ വീട്ടിലും ഫോണും നെറ്റ് കണക്ഷനുമുണ്ട്. നമ്മുടെ കുട്ടികൾ നമുക്ക് പ്രിയപ്പെട്ടവരാണ്. അവർ എന്തു ചെയ്താലും അച്ഛനമ്മമാർ അതാഘോഷിക്കും. സായു(സാവൻ ഋതു) ചെയ്യുന്ന ചെറിയ കാര്യങ്ങൾ ആളുകൾ കാണുന്നതിന്റെ ഒരു കാരണം കൗതുകമാണ്. എന്തു ചെയ്യണം എന്ന് തീരുമാനമെടുക്കാനുള്ള പ്രായത്തിലേക്ക് കടക്കുന്നതേയുള്ളൂ സാവൻ ഋതു എന്ന വ്യക്തി. ഒരു അമ്മ എന്ന നിലയിൽ, മകൾ എന്തു ചെയ്താലും എനിക്ക് സന്തോഷമാണ്. ഞാൻ കൈയടിക്കും, കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും. പക്ഷെ അതെങ്ങനെ നിയന്ത്രിക്കണം, ഏതു രീതിയിൽ അവൾക്ക് വഴി കാണിച്ചു കൊടുക്കണം എന്നത് ഒരു കലാകാരി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. ആളുകൾ അവളെ കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും അഭിനന്ദിക്കുന്നുണ്ടെന്നും ഇപ്പോൾ അവൾക്കറിഞ്ഞുകൂടാ. അത് തിരിച്ചറിയുന്ന സമയത്ത് അതൊരു എളുപ്പവഴിയായി അവൾക്ക് തോന്നിയേക്കാം. ഞാൻ എന്തുപാടിയാലും ഇന്റർനെറ്റിലെടുത്തിട്ടാൽ ആരെങ്കിലും കാണുമല്ലോ എന്ന് വിചാരിച്ചേക്കാം. ഒരു കലാകാരി രൂപപ്പെട്ടുവരിക എന്നത് എളുപ്പമല്ല. ആ എളുപ്പത്തിലേക്ക് നമ്മൾ കുട്ടികളെ തള്ളിവിടരുത്. വളരെ നിരുത്തരവാദപരമായൊരു പ്രവൃത്തിയാകും അത്. ഒരു ആർടിസ്റ്റ് കടന്നുപോകേണ്ട വഴികളുണ്ട്. ഓരോരുത്തർക്കും ഓരോന്നാണത്. എന്റെ വഴികളിലൂടെയല്ല എന്റെ മകൾ കടന്നു പോകുക. അവൾക്ക് അവളുടെ യാത്രയാണ്. പക്ഷെ ആ യാത്ര ഒരിക്കലും എളുപ്പവഴിയിലൂടെ ആയിരിക്കരുത്. ഞാനൊരിക്കലും അവൾക്ക് എളുപ്പവഴി കാണിച്ചുകൊടുക്കില്ല. ഭാവിയിൽ ഒരു കലാകാരിയായാലും മറ്റെന്തായാലും അവൾ അവളുടെ വഴിയേ പോകട്ടെ. അത്‌ പൂർണമായും ആ കുഞ്ഞിന്റെ സ്വാതന്ത്ര്യമാണ്. സ്വതന്ത്ര സംഗീതത്തിൽ എന്തും സാധ്യമാണ്. സ്വതന്ത്രം എന്ന വാക്കുതന്നെയാണ് പ്രധാനം. എന്തു പരീക്ഷണങ്ങൾക്കും, ഏതു വിഷയം കൊണ്ടുവയ്ക്കാനും സാധിക്കുന്ന ഒരിടം. ആ സാധ്യതകളെ കൂടുതൽ ഉപയോഗിക്കുന്ന സമയമാണിത്. മാധ്യമങ്ങൾ ഇത് വാർത്തയാക്കുന്നത്  അത് അവരുടെ ജോലിയായതുകൊണ്ടാണ്.  അതുകൊണ്ട് വ്യൂവർഷിപ്പ് കൂടിയേക്കാം. അതിനു താഴെ ചർച്ചകളും നടന്നേക്കാം. അത് മറ്റൊരു തൊഴിലിടമാണ്. പക്ഷെ ഒരു ആർടിസ്റ്റിന്റെ ജീവിതം എങ്ങനെയാകണം എന്ന്‌ നമുക്കറിയാമല്ലോ. മകൾക്ക് അതത് പ്രായത്തിൽ അറിയേണ്ട കാര്യങ്ങൾ, നിർദേശങ്ങൾ  ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ? പക്ഷേ, ഈ പരിഗണനകള്‍ കാറ്റില്‍പ്പറത്തി കുട്ടികളെ ചെറിയ പ്രായത്തിലേ താരങ്ങളാക്കുന്ന റിയാലിറ്റി ഷോകള്‍ ഇന്ന്‌ ധാരാളമുണ്ട്. പക്വതയില്ലാത്ത പ്രായത്തില്‍ കിട്ടുന്ന താരമൂല്യം കുട്ടികളെ മാനസികമായും ഭൗതികമായും സർഗാത്മകമായും എങ്ങനെയായിരിക്കും ബാധിക്കുക? ഇത്തരം മത്സരങ്ങൾ കുട്ടികളിൽ അവർക്ക് താങ്ങാവുന്നതിലപ്പുറം സമ്മർദം ഉണ്ടാക്കില്ലേ? = വളരെ മിടുക്കരാണ് ഇപ്പോഴത്തെ കുട്ടികൾ. പേടികളില്ലാത്ത പ്രായമാണ്. അവരിത് സമ്മർദമായി കണക്കാക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ആസ്വദിക്കുകയാണ് അവർ. ആളുകളെന്ത് കരുതും, മോശമായി പാടിയാൽ പ്രശ്നമാകുമോ തുടങ്ങിയ ചിന്തകൾ അവരെ അലട്ടുന്നില്ല. കുറച്ചുകൂടി മുതിർന്ന്, ആലോചനകൾ സങ്കീർണമാകുന്ന പ്രായത്തിലാണ് ഇതൊരു സമ്മർദമായി തോന്നിത്തുടങ്ങുക. ചെറിയ കുട്ടികൾ ചിന്തകളുടെ ഭാരമില്ലാതെയാണ് എല്ലാം ചെയ്യുന്നത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്. റിയാലിറ്റി ഷോയിൽ വിജയിയാകുന്ന കുട്ടിയെ പോലെ മറ്റു കുട്ടികളെയും രൂപപ്പെടുത്തിയെടുക്കാനല്ല, അവരുടെ അഭിരുചികൾ മനസ്സിലാക്കി അതിലേക്ക് തിരിച്ചുവിടാനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടത്. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക. അവരെ സ്വാഭാവികമായി വളരാൻ അനുവദിക്കുക. ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാതിരുന്നാൽ സന്തോഷമായി അവർ വളരുകയും ജീവിക്കുകയും ചെയ്യും. ? പുതുതലമുറയിലെ തിരക്കേറിയ ഗായികയാണ്. രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തിയാണ്. കുടുംബമെന്ന സ്ഥാപനത്തിന്റെ പാട്രിയാര്‍ക്കല്‍ ചട്ടക്കൂടിനെ എങ്ങനെയാണ് സിതാര ഭേദിക്കുന്നത്... = ഞാൻ എന്ന വ്യക്തിയുടെ രൂപീകരണത്തിൽ, ജനിച്ചു വളർന്ന സാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാട്രിയാർക്കലായ കുടുംബത്തിലല്ല ഞാൻ വളർന്നത്. ഒരിക്കൽ പോലും അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഒറ്റ മകളാണ് ഞാൻ. ഞങ്ങൾ മൂന്നു പേരും എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുകയും എല്ലാ തമാശകളും പങ്കുവയ്ക്കുകയും ചെയ്യും. പഠനകാലത്ത് സ്കൂളും കോളേജും കഴിഞ്ഞ് വീട്ടിലെത്താനായിരുന്നു തിരക്ക്. എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിൽ ഉണ്ടായിരുന്നു. അമ്മയായിരുന്നു എന്നെ മത്സരങ്ങൾക്ക് കൊണ്ടുപോയിരുന്നത്. പരിപാടി കഴിഞ്ഞ് ഞാനും അമ്മയും ബസ്സിൽ വന്നിറങ്ങുമ്പോൾ അച്ഛൻ കാത്തു നിൽക്കും. വഴിയിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലെത്തി ഒരുമിച്ചിരുന്ന് കഴിക്കും. നിർബന്ധങ്ങളും ശാഠ്യങ്ങളും ഉണ്ടായിരുന്നില്ല. അച്ഛന്റെ കാര്യങ്ങളിൽ അമ്മയോ അമ്മയുടെ കാര്യങ്ങളിൽ അച്ഛനോ അനാവശ്യമായി ഇടപെടാറില്ല. എനിക്ക് 35 വയസ്സായി. കൂട്ടുകാരെ പോലെയാണ് അച്ഛനും അമ്മയും ഇപ്പോഴും. അങ്ങനെ ശീലിച്ചതുകൊണ്ടു തന്നെ പാട്രിയാർക്കലായ ഒരു ഇടപെടലും എനിക്ക് ക്ഷമിക്കാനാകില്ല. എന്റെ ഭർത്താവിനോടും ആ സൗഹൃദം തന്നെയാണ്. ഏതു ബന്ധത്തിലും, സൗഹൃദം വളരെ പ്രധാനമാണ്. അതില്ലെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. എനിക്ക് എന്റേതായ കുറവുകളും പ്രശ്നങ്ങളുമുണ്ട്. അതില്ലാത്ത മനുഷ്യരില്ല. നമ്മുടെ എല്ലാകാര്യങ്ങളും മറ്റൊരാൾക്ക് കൃത്യമായി ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞെന്നു വരില്ല. ഒരു കുടുംബത്തിനുള്ളിൽ ഈ തെറ്റുകളും കുറവുകളും പരസ്പരം തുറന്നു സംസാരിച്ചും തിരുത്തിയും മാത്രമേ മുന്നോട്ടു പോകാനാകൂ. ഓൺലൈനിൽ വരുന്ന കമന്റുകളിൽ പോലും ചർച്ചയ്ക്ക് വഴിയൊരുക്കാനേ ഞാൻ ശ്രമിക്കാറുള്ളൂ. അത് അവഗണിക്കാറില്ല. കുടുംബത്തിലും അങ്ങനെ തന്നെയാണ്. അതുകൊണ്ട് എനിക്ക് പുറത്തുവരാൻ ഒരു ചട്ടക്കൂടും ഭേദിക്കേണ്ടി വന്നിട്ടില്ല. ? വിഷാദരോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ, പ്രളയകാലത്തെ ഇടപെടൽ, ബോഡി ഷേമിങ്ങിനെതിരായി ആടയാഭരണങ്ങളഴിച്ചുവച്ച് ഇതാണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് നടത്തിയ കമിങ് ഓഫ് ഏജ് വീഡിയോ, ഇതെല്ലാം സിതാരയുടെ തന്നെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളായിരുന്നു. ആ അനുഭവത്തെ   കുറിച്ചൊന്നു പറയാമോ? = വിഷാദരോഗത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പോകുമ്പോൾ, അവിടെ ചെന്ന് മറ്റുള്ളവരെ കേൾക്കാനും എന്റെ അഭിപ്രായം രേഖപ്പെടുത്താനും മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ ആ നിമിഷത്തെ തോന്നലിൽ നിന്നാണ് എന്റെ അനുഭവത്തെ കുറിച്ച് സംസാരിച്ചത്. എന്റെ അനുഭവങ്ങൾ എന്റേതാണ്. അതേക്കുറിച്ച് സംസാരിക്കണം എന്നത് അപ്പോഴത്തെ തോന്നലായിരുന്നു. അത്തരം തോന്നലുകളെയാണ് ഞാൻ എപ്പോഴും പരിഗണിക്കുന്നതും ആശ്രയിക്കുന്നതും. മുൻകൂട്ടി ചിന്തിച്ച് സംസാരിക്കുമ്പോൾ അതിൽ കൃത്രിമത്വം ഉണ്ടാകും. പ്രളയബാധിത പ്രദേശത്തായിരുന്നു എന്റെ വീട്. ഒന്നാമത്തെ നില മുഴുവൻ വെള്ളത്തിലായി കഴിഞ്ഞിരുന്നു. പ്രളയാനന്തര തിരിച്ചുവരവ് ഒരു വലിയ വെല്ലുവിളിയാണ്. തിരിച്ച് വീട്ടിലെത്തുമ്പോൾ അടിമുടി ചെളിയിൽ മുങ്ങിയ വീടാണ് മുന്നിൽ. ആരെങ്കിലും വന്ന് സഹായിക്കും എന്ന് കരുതി കാത്തുനിൽക്കുന്നതിൽ പ്രസക്തിയില്ല. എന്നാൽ തുടങ്ങാം എന്ന് മനസ്സിലുറപ്പിച്ച് മുന്നോട്ടു പോകുമ്പോൾ അടുത്ത കുറച്ച് സുഹൃത്തുക്കളും സഹായത്തിനെത്തി. അന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു എന്റെ ഭർത്താവ് ഡോ. സജീഷ്. വിദ്യാർഥികൾക്കും യുവാക്കൾക്കുമൊപ്പം ചേർന്ന് ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങൾ എത്തിച്ച് ഞങ്ങളുടെ പങ്ക് നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. പരസ്പരം കൈ കോർത്തു പിടിക്കുമ്പോഴേ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ പഠിക്കൂ എന്നൊരു തിരിച്ചറിവായിരുന്നു അത്. മനുഷ്യർ ഒന്നിച്ചുനിന്നാൽ അത്‌ വലിയ ശക്തിയാണ്. ഈ ഇടപെടലുകളൊന്നും വലിയ ഹീറോയിസമല്ല. നിലനിൽപ്പിനായുള്ള മനുഷ്യന്റെ തുഴച്ചിലാണ്. ഇങ്ങനെ പലതിനോടും പൊരുതിയാണ് നാം ഇവിടെ വരെ എത്തിയത്. ഇത്തരം പ്രതിബന്ധങ്ങളോട് പൊരുതാനുള്ള തീ മനുഷ്യരിലുണ്ട്. ചില സന്ദർഭങ്ങളിൽ അത് പുറത്തുവരും. ഒരു ദിവസം എന്റെ മേക്കപ്പ് ആർടിസ്റ്റ് എന്നെ ഒരുക്കി നിർത്തിയ ഒരു ഫോട്ടോയ്ക്ക് താഴെ ഒരുപാട് പോസിറ്റീവ് കമന്റുകൾ വന്നത് ശ്രദ്ധയിൽ പ്പെട്ടു. നല്ല മെയ്ക്കപ്പ് എന്നല്ല, പകരം എന്തുനല്ല സ്ത്രീ, എന്തു നല്ല സ്വഭാവം എന്ന തരത്തിലായിരുന്നു കമന്റുകൾ. അതിൽ ഒരു അപകടം ഉള്ളതായി തോന്നി. ഇനി ആ വീഡിയോ. ബോഡി ഷേമിങ്ങിനെതിരെ പോലും ആയിരുന്നില്ല അത്. പലരും എന്നെ സമാധാനിപ്പിക്കാൻ വിളിച്ചിരുന്നു. പക്ഷെ ആ പ്രതികരണത്തിന്റെ സാഹചര്യം മറ്റൊന്നാണ്. ഒരു ദിവസം എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് എന്നെ ഒരുക്കി നിർത്തിയ ഒരു ഫോട്ടോയ്ക്ക് താഴെ ഒരുപാട് പോസിറ്റീവ് കമന്റുകൾ വന്നത് ശ്രദ്ധയിൽ പ്പെട്ടു. നല്ല മെയ്ക്കപ്പ് എന്നല്ല, പകരം എന്തുനല്ല സ്ത്രീ, എന്തു നല്ല സ്വഭാവം എന്ന തരത്തിലായിരുന്നു കമന്റുകൾ. അതിൽ ഒരു അപകടം ഉള്ളതായി തോന്നി. നമ്മൾ നമ്മളായിരിക്കുമ്പോൾ അതിൽ ഭംഗി തോന്നാതെ സമയമെടുത്ത് ഒരുങ്ങി വരുമ്പോൾ അത് സ്വഭാവവുമായി ബന്ധിപ്പിക്കുന്നതിൽ ശരികേടുണ്ട്. അതിനുപയോഗിക്കുന്ന വാക്കുകളും അപകടകരമാണ്. ഞാനുൾപ്പെടെയുള്ള ആളുകളുടെ ജീവിതത്തിലേക്ക് കയറിവന്ന അത്തരം ശീലങ്ങളെ ‘അൺലേൺ' ചെയ്യുക എന്നത് പ്രധാനമാണ്. ? തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനു വേണ്ടി പാടിയ പ്രചാരണ  ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേതുൾപ്പെടെയുള്ള പ്രചാരണ വേദികളിൽ സിതാര സാന്നിധ്യമറിയിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്? ഈ നേതാക്കളുമായി വ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടോ? = എൽഡിഎഫിന്റെ പ്രചാരണ ഗാനം എന്റെ തൊഴിലിന്റെ ഭാഗമായിവന്ന അവസരമായിരുന്നു. പ്രതിഫലം പറഞ്ഞുറപ്പിച്ച് ഒരു പരസ്യ ഏജൻസി വഴിയാണ് ആ ജോലി എന്നിലേക്കെത്തുന്നത്. എൽഡിഎഫിനു വേണ്ടിയായതുകൊണ്ട് മറ്റ് എതിർപ്പുകളോ പ്രത്യയശാസ്ത്ര വിയോജിപ്പുകളോ ഉണ്ടായിരുന്നില്ല. കൃത്യമായ വേതനം കൈപ്പറ്റി ഒരുകൂട്ടം കലാകാരന്മാർ ചെയ്ത ഒരു ജോലിയാണത്. പ്രചാരണ വേദിയിൽ അന്ന് നിരവധി സാംസ്കാരിക പ്രവർത്തകർ എത്തിയിരുന്നു. അവിടെ ഉണ്ടാകുക എന്നത് പ്രധാനമാണെന്ന് തോന്നി. വലിയ പ്രതീക്ഷകളുണ്ട് രണ്ടാം പിണറായി സർക്കാരിനെ കുറിച്ച്. കഴിഞ്ഞ അഞ്ചുവർഷം നാം കൈവരിച്ച നേട്ടങ്ങളും ജനപക്ഷത്തുനിന്നുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും എല്ലാവരുടേയും മനസ്സിലുമുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആളുകൾക്ക് അതറിയാം. രാഷ്ട്രീയമില്ലെന്ന് പറയുന്നവരും, ഇടതുപക്ഷത്തോട് ചേർന്നു നിൽക്കാത്തവരുമെല്ലാം കഴിഞ്ഞ സർക്കാരിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളെ വലിയ പ്രതീക്ഷയോടെ കണ്ടവരാണ്. ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കേരളം കഴിഞ്ഞ അഞ്ചു വർഷം കടന്നു പോയത്. ആ സമയത്ത് കരുതലായി നിന്ന സർക്കാരാണ്. ഇപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. കോവിഡ് വ്യാപനം തുടരുകയാണ്. പ്രകൃതി ദുരന്തങ്ങളുടെ സാധ്യത മുൻകൂട്ടി കാണുന്ന സമയമാണ്. ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ പ്രവൃത്തി പരിചയം ഇപ്പോൾ ആവശ്യമാണ്. ആ കരുതൽ തുടരണം. ഞാൻ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന ഒരാളായതുകൊണ്ട് മാത്രമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അങ്ങനെ കരുതിയതുകൊണ്ടാണല്ലോ ഈ ചരിത്രമുഹൂർത്തത്തിന് നാം സാക്ഷ്യം വഹിച്ചത്. ഇടത് അനുഭാവി യാണെങ്കിലും മുതിർന്ന നേതാക്കളെ ടെലിവിഷനിലും വേദികളിലും കണ്ട പരിചയവും ആരാധനയുമേ ഉള്ളൂ. ആരുമായും വ്യക്തിബന്ധം ഇല്ല. പുതു തലമുറയിലെ ചിലരെ പരിചയമുണ്ട്. ഞാൻ വിദ്യാർഥിയായിരിക്കുന്ന സമയത്ത് അവരിൽ പലരും വിദ്യാർഥി നേതാക്കളായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഉൾപ്പെടെ പരിചയത്തിന്റെ പേരിൽ ഒരു സഹായവും സൗജന്യമായി ചെയ്തു തരണം എന്ന് ഇവരാരും ആവശ്യപ്പെട്ടിട്ടില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കാനും പരിചയം ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള പരസ്പര ബഹുമാനം കാണിക്കാറുണ്ട്. ? ഇടത് അനുഭാവിയാണെന്നു പറഞ്ഞല്ലോ. വലതുപക്ഷമായിരിക്കുന്നത്ര എളുപ്പമല്ല, ഇടതുപക്ഷമാകുക എന്നത്.  ഉത്തരവാദിത്തങ്ങളേറും. വിമർശനങ്ങൾക്കും നിരന്തരമായ സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാകും.  ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ പേരിൽ എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടോ... = കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ ബോധമുള്ളവരാണ്. പക്ഷമേതായാലും അതേക്കുറിച്ച് ധാരണയുള്ളവരാണ്. കലാകാരന്മാർ നിഷ്പക്ഷരായിരിക്കണം എന്നത് പഴഞ്ചൻ ചിന്തയാണ്. നിലപാടുകൾ ഉറക്കെ പറയാവുന്ന ഒരു സമയമാണ്. അതിനോടുള്ള എതിർപ്പുകൾക്ക് വലിയ ആയുസില്ല. ഇതിനെ വേർതിരിച്ചു കാണാനുള്ള വിവേകം മനുഷ്യർക്കുണ്ട്. എതിർപ്പുകളെ പേടിക്കുന്നതിൽ അർഥമില്ല. നേരത്തേ പറഞ്ഞതുപോലെ സാങ്കൽപികമായ പ്രശ്നങ്ങളെ ഭയന്നാണ് നാം നിഷ്‌പക്ഷരാകുന്നത്. നിലപാടുകൾ തുറന്നുപറയണോ വേണ്ടയോ എന്നത് വ്യക്തിപരമാണ്. ഞാനും മുഴുവൻ സമയവും രാഷ്ട്രീയം സംസാരിക്കുന്ന ആളല്ല. ചില വിഷയങ്ങൾ പറയേണ്ടതാണെന്ന് തോന്നുമ്പോൾ, അത് പറയുമ്പോൾ ആർക്കെങ്കിലും ഉപകാരമുണ്ടെന്ന് തോന്നുമ്പോഴേ പറയാറുള്ളൂ. വിയോജിപ്പുകൾ തീർച്ചയായും ഉണ്ടാകും. പ്രകടിപ്പിക്കുന്ന ഭാഷയാണ് പ്രധാനം. മാന്യമായി പറയുമ്പോഴേ വിമർശനങ്ങളും കേട്ടിരിക്കാൻ കഴിയൂ. അല്ലാത്തപക്ഷം പറയുന്ന കാര്യത്തിൽ കഴമ്പുണ്ടെങ്കിലും ചെവികൊടുത്തുവെന്ന് വരില്ല. റൂമി പറഞ്ഞതു പോലെ  "It is rain that grows flowers, not thunder." ബഹളം വച്ചിട്ട് കാര്യമില്ല. രാഷ്ട്രീയത്തിന്റെ പേരിലുള്ള വിമർശനങ്ങളെ ഞാൻ പ്രയാസമായി കരുതുന്നില്ല. കമന്റ് ബോക്സിൽ ചീത്ത വിളിക്കുന്നവർ ഇൻബോക്സിൽ വന്ന് "സിതാരയ്ക്കും കുടുംബത്തിനും സുഖമല്ലേ,’ എന്ന് ചോദിക്കുന്നവരാണ് . (ദേശാഭിമാനി ഓണം വിശേഷാൽപ്രതിയിൽ നിന്ന്‌)         Read on deshabhimani.com

Related News