VIDEO:- "അത് മന്ദാരപ്പൂവല്ല''യിലെ ഒരു ഗാനം കൂടി റിലീസ് ചെയ്തു ജി വേണുഗോപാല്‍



തിരുവനന്തപുരം> പതിനേഴുവര്‍ഷം മുമ്പ് സിനിമാരംഗത്തെ ശീത സമരത്തില്‍ മുടങ്ങിപ്പോയ പ്രിയനന്ദന്റെ "അത് മന്ദാരപ്പൂവല്ല'' എന്ന ചിത്രത്തിനു വേണ്ടി റെക്കോഡ് ചെയ്ത ഒരു ഗാനം കൂടി സ്വന്തം യൂട്യുബ് ചാനലിലൂടെ പ്രശസ്തഗായകന്‍ ജി വേണുഗോപാല്‍ റിലീസ് ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് രചന. ഷഹ്‌ബാസ് അമന്‍ സംഗീത സംവിധായകനായത് ആ ചിത്രത്തിലൂടെയാണ്.  " ഓർത്തിരിക്കാതെയൊരു' എന്ന ഗാനമാണ് വേണുഗോപാല്‍ ഹൃദയവേണു എന്ന യുട്യുബ് ചാനലില്‍ ശനിയാഴ്ച റിലീസ് ചെയ്തത്. വേണുഗോപാലാണ് ഗാനം പാടിയത്. ചിത്രത്തിലെ ''ഏകാന്ത സന്ധ്യയിൽ " എന്നു  തുടങ്ങുന്ന ഗാനം കഴിഞ്ഞയാഴ്ച ഇതേ ചാനലില്‍ റിലീസ് ചെയ്തിരുന്നു. ''ഈ സിനിമയുടെ സംവിധായകൻ പ്രിയനന്ദന്‍റെ കണ്ണുനീരിന്‍റെയും വിയർപ്പിന്‍റെയും നനവ് ഈ ഗാനങ്ങളിലെങ്ങുമുണ്ട്. ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിലെ ഒരു പ്രണയകഥയുടെ ഭാവുകത്വത്തിനു ചേര്‍ന്നതാണ് ചിത്രത്തിലെ  ഗസൽ ഗാനങ്ങള്‍. മനോഹരങ്ങളായ ഗാനങ്ങളുടെ രചയിതാവ് റഫീഖ് അഹമ്മദ്, സംഗീത സംവിധായകൻ ഷഹ്‌ബാസ് അമൻ, ഇവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല''-വേണുഗോപാല്‍ പറഞ്ഞു. ജിതിന്‍ രാജ് കക്കോത്താണ് ലിറിക്കല്‍ വീഡിയോ തയ്യാറാക്കിയത്.   പുതുക്കി റീ ലോഞ്ച് ചെയ്ത ചാനലിലൂടെ  നൂറ്റിയമ്പതോളം വീഡിയോകള്‍ എല്ലാ ആഴ്ചയും ഓരോന്ന് എന്ന രീതിയിൽ റിലീസ് ചെയ്യുമെന്നു വേണുഗോപാല്‍ അറിയിച്ചു. കാവ്യഗീതികൾ മൂന്നാം ഭാഗം കുമാരനാശാന്‍,  സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി,  പ്രഭാവർമ്മ, ഏഴാച്ചേരി, കുരീപ്പുഴ, റഫീഖ് അഹമ്മദ്,  നിശികാന്ത് തുടങ്ങി ഏറെപ്പേരുടെ കവിതകള്‍  ഉള്‍പ്പെടുത്തി തയ്യാറാകുകയാണ്. 2004ല്‍ ആറുദിവസത്തെ ഷൂട്ട് കഴിഞ്ഞാണ് ''അത് മന്ദാരപ്പൂവല്ല''സിനിമയുടെ ഷൂട്ടിംഗ് നിലച്ചത്. പാട്ടുകളും റെക്കോഡ് ചെയ്തിരുന്നു. എം ടി വാസുദേവന്‍ നായരായിരുന്നു തിരക്കഥ. പ്രിഥ്വിരാജായിരുന്നു നായകന്‍.കാവ്യാമാധവന്‍ നായികയും. താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത് Read on deshabhimani.com

Related News