പുണർന്നുമായുന്ന മഴവില്ലുപോൽ ഒരു ഗാനം



മലയാളം കണ്ട മഹാഭാവഗായകന്റെ നാദവീചികൾക്കൊപ്പം ഇളമുറക്കാരിയുടെ പ്രണയാർദ്ര ശബ്ദം കൂടി ചേർന്നപ്പോൾ ചലച്ചിത്ര ഗാനലോകത്ത്‌ തിരിച്ചെത്തിയത്‌ സ്വപ്നതുല്യ മെലഡിക്കാല ഓർമ്മകൾ. ആരെങ്കിലും പറയുമ്പോൾ മാത്രമാണ്‌ മലയാളം പി ജയചന്ദ്രന്റെ പ്രായത്തെക്കുറിച്ച്‌ ഓർക്കുന്നതുതന്നെ.  79 ലെത്തിയ ജയചന്ദ്രനും 29 കാരിയായ പുതുതലമുറയിലെ ശ്രദ്ധേയ ഗായിക ഇന്ദുലേഖ വാര്യരും ചേർന്ന്‌ ആലപിച്ച  ‘‘സതിയുണരുന്നു ചിതയിൽ നിന്നും ഹിമഗിരി കന്യക പോലെ...’’ എന്ന സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ്‌ ഓടുന്നു. ഇതിനകം ഒരുലക്ഷത്തിലേറെയായി കേൾവിക്കാർ. പാട്ടിന്റെ വരികളും ആലാപനവും  മറ്റുശബ്ദഘോരതാണ്ഡവങ്ങളിൽ മുങ്ങിപ്പോകുന്ന ‘ ബാന്റ്‌ ’ കാലത്ത്‌ നക്ഷത്രശോഭയോടെ ഒരു ഗാനം. പാട്ടിൽ പദവിസ്മയങ്ങളുടെ സാന്ദ്രലയങ്ങൾ കൊണ്ട്‌ വെള്ളാരപ്പൂമല കയറിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്‌ ഈ വരികൾക്ക്‌ ജന്മം നൽകിയത്‌. യൗവ്വനച്ചെമപ്പുകൾ അസ്തമിക്കാത്ത തൂലിക ചൊല്ലി: ‘‘ നിൻ മുകിലഴകിൽ മാരിവില്ലായ്‌ പുണർന്നുമായും ഞാനെന്നും, പിരിയാനാമോ തമ്മിൽ. ’’ സഹോദരൻ കൈതപ്രം വിശ്വനാഥൻ അവസാനമായി സംഗീതം ചെയ്ത ഗാനമെന്ന പ്രത്യേകതയുമുണ്ട്‌. ശ്രീവർമ്മ പ്രൊഡക്ഷൻസിനുവേണ്ടി ശ്രീജിത്ത്‌ വർമ്മ നിർമ്മിച്ച് ശ്രീനാഥ്‌ ശിവ സംവിധാനം ചെയ്ത ‘ സെക്ഷൻ 306 ഐപിസി ’ എന്ന പുതിയ ചിത്രത്തിലേതാണ്‌ ഗാനം.   പാട്ടിന്റെ മൂല്യസരണിയോട്‌ അനുരാഗം പുലർത്തുന്ന ഇന്ദുലേഖ വേറിട്ടുനിൽക്കുന്ന ഗായികയാണ്‌. പിതാവ്‌ പ്രശസ്ത കാരിക്കേച്ചർ കലാകാരനായ  ജയരാജ്‌ വാര്യർ, ശാന്തികൃഷ്ണ, രഞ്ജി പണിക്കർ ,  രാഹുൽ മാധവ്, ശിവകാമി, മെറീന മൈക്കിൾ, പ്രിയനന്ദനൻ തുടങ്ങി പ്രമുഖ താരങ്ങൾ വേഷമിട്ട ചിത്രം. പാട്ടിന്റെ ലോകം മറ്റൊരു ‘ തട്ടുപൊളിപ്പൻ ’ കാലത്തിലൂടെ കടന്നുപോകുമ്പോൾ ഇതുപോലുള്ള ഗാനങ്ങൾക്ക്‌ കൂടുതൽ പ്രസക്തിയുണ്ട്‌. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ പാട്ടെന്നല്ല ഏത്‌ മേഖലയിലും വന്നുകൊണ്ടിരിക്കും. അത്‌ ഒഴിവാക്കാനാവാത്തതാണ്‌. അതിനൊപ്പമുള്ളവരും കലാകാരരും ആസ്വാദകരും തന്നെയാണ്‌. അതൊന്നും ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. കൂണുകൾ പോലെ  മുളച്ചുനിറയുന്ന, കാതടപ്പിക്കുന്ന ഇടിമുഴക്കങ്ങളും  പുകച്ചുരുളുമായി യുവലക്ഷങ്ങളെ ത്രസിപ്പിക്കുന്ന ബാന്റുകൾ കേരളത്തിന്റെ നവസംഗീത ലോകത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. ഇതിനിടയിലും ഭാവഗീതങ്ങൾക്ക്‌ ഇടമുണ്ട്‌ എന്ന്‌ തെളിയിക്കുകയാണ്‌ ‘ സതിയുണരുമ്പോൾ.. ’.   സമൂഹ മാധ്യമങ്ങളിലെ പൊയ്മുഖങ്ങൾക്കെതിരെ ഇന്ദുലേഖ തയ്യാറാക്കി പാടിയ റാപ്പ്‌ മുമ്പ്‌ വൈറലായിട്ടുണ്ട്‌. വ്യാജ അക്കൗണ്ടുകാരെ കണക്കിന്‌ പ്രഹരിക്കുകയാണ്‌ ‘ പെൺ റാപ്പി ’ ൽ. മറ്റു റാപ്പുകളും തയ്യാറായിട്ടുള്ള ഇന്ദുലേഖ ‘ ദുനിയാവിന്റെ ഒരറ്റത്ത്‌ ’ എന്ന സിനിമയിൽ സംഗീതം നൽകി ആലപിച്ച ‘ പാട്ടുപെട്ടിക്കാരാ ’ എന്ന ഗാനവും ഹിറ്റായിരുന്നു. മകൻ സാരംഗിനായി പാടിയ ആൽബം ‘ ഉണ്ണിയ്ക്കുറങ്ങാൻ ..’ കേട്ട്‌ മമ്മൂട്ടിയടക്കം പ്രമുഖരാണ്‌ അഭിനന്ദനവുമായി എത്തിയത്‌. ‘സതിയുണരുമ്പോൾ ’ എന്ന പാട്ടിനെ കുറിച്ച്‌ ഇന്ദുലേഖ: ‘‘ മഹാഗായകനായ ജയചന്ദ്രൻ അങ്കിളിനൊപ്പം ഇതാദ്യമായാണ്‌ സിനിമയിൽ പാടിയത്‌. മുമ്പ്‌ ഒരു കല്യാണപ്പാട്ട്‌ ഒന്നിച്ച്‌ പാടിയിട്ടുണ്ട്‌, ഔസേപ്പച്ചൻ  ഈണം നൽകിയത്‌.  ‘ സതിയുണരുമ്പോൾ.. ’ ജയചന്ദ്രൻ അങ്കിൾ നേരത്തെ പാടിവച്ചിരുന്നുവെന്നത്‌ എനിക്ക്‌ ഏറ്റവും സഹായകമായ റഫറൻസായി മാറി. ഒരു പാട്ടിന്റെ അൾട്ടിമേറ്റ്‌ ഭാവം നൽകി പാടുന്നയാളാണല്ലോ, അദ്ദേഹം പാടിയത്‌ കേട്ട്‌ പാടുകയെന്നത്‌ അത്ര എളുപ്പവുമല്ല. തീർച്ചയായിട്ടും നല്ല ടെൻഷനുണ്ടാക്കിയിരുന്നു. കാരണം, യുഗ്മഗാനമാണല്ലോ, അദ്ദേഹത്തിനും കൂടി ഇഷ്ടമാകണം. 2015 ൽ വിദ്യാസാഗറിനുവേണ്ടി ഞാനൊരു തമിഴ്‌ പാട്ട്‌ പാടിയിരുന്നു. അത്‌ കേട്ട്‌ ഇഷ്ടപ്പെട്ട്‌ എന്നെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു അങ്കിൾ. കുട്ടിക്കാലം മുതലേ അങ്കിളിനെ അറിയാം, തൃശൂരിലെ വീട്ടിൽ വരാറുമുണ്ട്‌. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾ കൈതപ്രം വിശ്വനാഥന്റെ അവസാന സംഗീതത്തിൽ ജയചന്ദ്രനൊപ്പം പാടാൻ കഴിഞ്ഞുവെന്ന അപൂർവ്വതയുണ്ട്‌ ഈ പാട്ടിന്‌. ഇതെല്ലാം ചേർന്ന ആ പാട്ടിൽ എന്റേതായ ചെറിയ സംഭാവനയെന്നേ പറയേണ്ടു. ജയചന്ദ്രന്റെ റഫറൻസ്‌ കേട്ട്‌ പാടാനായി എന്ന വലിയഭാഗ്യം തന്നെയാണ്‌ വീണ്ടും എടുത്തു പറയേണ്ടത്‌. ’’ഇന്ദുലേഖ ആദ്യമായി പാടിയത് അപ്പോത്തിക്കിരി എന്ന സിനിമയിലാണ്. തമിഴിലും, തെലുങ്കിലും പാടിയിട്ടുണ്ട്. സുജിത് വാസുദേവിന്റ ‘ ഓട്ടർഷ ’ എന്ന സിനിമയിൽ ശരത് ഈണമിട്ട പാട്ട്‌ ‘ പുതു ചെമ്പാ...   പ്രശസ്തമാണ്.  പുതിയൊരു കലാരൂപം ജനങ്ങൾക്കിടയിൽ വേരോടിച്ച്‌ വളർന്ന അഛൻ ജയരാജ്‌ വാര്യരെ പൊലെ ആലാപന രംഗത്ത്‌ തനത്‌ രീതികൾ പരീക്ഷിച്ച്‌ വിജയിച്ചായിരുന്നു ഇന്ദുലേഖയുടെ സിനിമാ പ്രവേശം. Read on deshabhimani.com

Related News