ഓണ്‍ലൈൻ മ്യൂസിക് വീഡിയോ ചാനലുമായി ജോയ് മൂവി പ്രൊഡക്ഷന്‍സും സന്തോഷ് ശിവനും

സന്തോഷ് ശിവനും ഡോ. അജിത് ജോയിയും പുതിയ ഏറി അലക്‌സ മിനി എല്‍എഫ് ക്യാമറയോടൊപ്പം


കൊച്ചി > ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സും ചേര്‍ന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മ്യൂസിക് വീഡിയോകള്‍ക്കായി ഓണ്‍ലൈന്‍ ചാനൽ ആരംഭിക്കുന്നു. ഏറ്റവും നൂതന പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ സംവിധാനങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടെയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരത്തിലുള്ള മ്യൂസിക് വീഡിയോകള്‍ നിര്‍മിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നതെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സ് സിഎംഡി ഡോ. അജിത് ജോയ് കിഴക്കേഭാഗത്തും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷന്‍. ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതിക വിദഗ്ധരും ഗായകരും ഒന്നി‌യ്‌ക്കു‌ന്ന വീഡിയോ ഉദാത്തമായ സ്‌നേഹത്തിന്റെ ആവിഷ്‌കാരമായിരിക്കുമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. ഷൂട്ടിങിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്‌. ആദ്യ വീഡിയോയെത്തുടര്‍ന്ന് പ്രശസ്‌ത നാടന്‍പാട്ട് ബാന്‍ഡായ മലപ്പുറം തിരുവാലിയിലെ കനല്‍ അവതരിപ്പിക്കുന്ന ആറ് നാടന്‍ പാട്ടുകളുടെ മ്യൂസിക് ആൽബം ഒരുക്കും. നാടന്‍പാട്ടുകളുടെ വൈവിധ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഗായകന്‍ കൂടിയായ അതുല്‍ നറുകരയാണ് കനലിന് നേതൃത്വം നല്‍കുന്നത്. മാസം തോറും ലോകോത്തര നിലവാരത്തിലുള്ള രണ്ടു മ്യൂസിക് വീഡിയോയെങ്കിലും അവതരിപ്പിക്കാനാണ് ചാനല്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. അജിത് ജോയ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനത് സംഗീതരൂപങ്ങളായ സോപാന സംഗീതം, വടക്കന്‍ പാട്ടുകള്‍, പാണന്‍ പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയും വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന മറ്റ് ക്ലാസിക്, ഫോക് സംഗീതരൂപങ്ങളും മികച്ച മ്യൂസിക് വീഡിയോകളിലൂടെ പുനരാവിഷ്‌കരിക്കും. ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, ടെക്‌നിഷ്യന്‍സ് തുടങ്ങി ഉയര്‍ന്നു വരുന്ന ചെറുപ്പക്കാരായ കലാകാരന്മാര്‍ക്ക് അവസരമൊരുക്കാനും ചാനലിന് പദ്ധതിയുണ്ട്. കമ്പനി നിര്‍മിക്കുന്ന മ്യൂസിക് വീഡിയോകള്‍ക്കും സിനിമകള്‍ക്കുമായി കേരളത്തിലാദ്യമായി ഒരു പുതിയ ഏറി അലക്‌സ മിനി എല്‍എഫ് ക്യാമറയും (ARRI Alexa) സ്വന്തമാക്കിക്കഴിഞ്ഞതായി ഡോ. അജിത് ജോയ് പറഞ്ഞു. ആവശ്യമായ മുഴുവന്‍ ലെന്‍സുകള്‍, ബ്ലാക് മാജിക് ഡാവിഞ്ചി റിസോള്‍വ് 17 എന്നിവയുള്‍പ്പെടെ 3.5-4 കോടി രൂപ വിലമതിയ്‌ക്കുന്ന നിക്ഷേമാണ് ഇതിനായി നടത്തിയിരിക്കുന്നത്. മൂവി ക്യാമറാ രംഗത്തെ വിസ്‌മയമായ ഏറി അലക്‌സയുടെ സാന്നിധ്യം ജോയ് മ്യൂസിക് വീഡിയോസിന്റെ മ്യൂസിക് വീഡിയോകളുടെ മനോഹാരിതയാകുമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. ഘട്ടങ്ങളായി 25-35 കോടി രൂപയുടെ നിക്ഷേപത്തോടെ സമ്പൂര്‍ണ സൗകര്യങ്ങളുള്ള വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ സ്ഥാപിക്കാനാണ് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ പദ്ധതിയെന്നും ഡോ. അജിത് വെളിപ്പെടുത്തി. നര്‍ത്തകനും ഗുരുവും കൊറിയോഗ്രാഫറുമായ എന്‍. ശ്രീകാന്ത്, ഗാനരചയിതാവ് ബി കെ ഹരി നാരായണന്‍, ജോയ് മൂവി പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രദീപ് മേനോൻ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News