'ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസല്ലിതയ്യന്‍'; സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന, വ്യത്യസ്തമായ അയ്യപ്പഭക്തിഗാനവുമായി ബിജിബാല്‍



കൊച്ചി > ശബരിമല യുവതീപ്രവേശനത്തെ വ്യത്യസ്തമായ രീതിയില്‍ അനുകൂലിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍.  യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തിഗാനവുമായാണ് ബിജിബാല്‍ എത്തിയിരിക്കുന്നത്. 2 മിനുട്ട് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ആര്‍ത്തവമുള്ള യുവതികളെ ആചാരങ്ങള്‍ കൊണ്ട് തടയുന്ന ദൈവമല്ല അയ്യപ്പനെന്നും, സ്നേഹഗാമിയാണെന്നും ആദി മലയര്‍ നിര്‍മിച്ച ദ്രാവിഡ വിഹാരമാണ് അയ്യപ്പന്‍ എന്നും പറയുന്നുണ്ട്. 'അയ്യന്‍: ഒരു സമഗ്ര പ്രതിഭാസം' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാല്‍ തന്നെയാണ്. വീഡിയോയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും ബിജിപാല്‍ തന്നെയാണ്. ഹരി നാരായണന്‍ ബി കെയുടേതാണ് വരികള്‍. ബോധി സൈലന്റ് സ്‌കേപ്പാണ് അയ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിജിപാലും ഹരിനാരായണനുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും. തൃശൂരില്‍ വെച്ച് നടത്തിയ ജനാഭിമാനസംഗമം പരിപാടിയ്ക്കിടെ  സുനില്‍ പി ഇളയിടമാണ് അയ്യന്‍ പുറത്തിറക്കിയത്. പുറത്തിറങ്ങിയ ഉടന്‍ തന്നെ വന്‍ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയിലാണ് ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചു പോകുന്നത്. 'അയ്യന്‍' ഭക്തിഗാനത്തിന്റെ വരികള്‍ നീതന്നെയാണു ഞാനെന്നോതി നില്‍ക്കുന്ന കാനനജ്യോതിയാണയ്യന്‍ മാനവന്‍ കാണ്മതിന്നപ്പുറം നീളുന്ന പ്രാക്തന സത്യമാണയ്യന്‍ കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള കാടിന്റെ കരളെഴുത്തയ്യന്‍ 'സ്വാമിയയ്യന്‍ സ്നേഹഗാമിയയ്യന്‍ പഞ്ചഭൂതങ്ങള്‍ക്കു നാഥനയ്യന്‍' ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍ ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന ആത്മാനുഭൂതിയാണയ്യന്‍ ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യന്‍ ആദി മലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യന്‍ തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ - സ്പന്ദനമാണെനിക്കയ്യന്‍ മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന നോവിന്റെ പമ്പയാണയ്യന്‍ Read on deshabhimani.com

Related News