റഫി സർ ‘എന്റെ ദൈവം’



തിരുവനന്തപുരം> ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ മലയാളികളുടെ ഹൃദയത്തിലേക്ക്‌ തഴുകിയെത്തുന്ന ഗാനവസന്തമാണ്‌ പി ജയചന്ദ്രൻ. കേരളത്തിന്റെ പച്ചപ്പിനെയാകെ തന്റെ മധുരസ്വരത്തിലൂടെ പകർന്ന ‘കേരനിരകളാടുന്നൊരു ഹരിതചാരു തീര’വും ‘ഓലഞ്ഞാലിക്കുരുവി’യും അനുരാഗ ഗാനവും റംസാനിലെ ചന്ദ്രികയും നീലഗിരിയുടെ സഖികളുമൊക്കെയായി അരനൂറ്റാണ്ടിലേറെയായി പാട്ട്‌ പ്രേമികളുടെ വീട്ടകങ്ങളിൽ ജയചന്ദ്രനുണ്ട്‌. 12–-ാം വയസ്സിൽ യേശുദാസിന്റെ കച്ചേരിക്ക്‌ മൃദംഗം വായിച്ചു. പക്കമേളക്കാരന്റെ വേഷം കെട്ടാനൊരുങ്ങവെ ഇരിങ്ങാലക്കുടയിലെ കെ വി രാമനാഥൻ മാഷ്‌ ഉപദേശിച്ചു ‘തനിക്ക്‌ ചേരുന്നത്‌ കൊട്ടല്ല, പാട്ട്‌’. ശാസ്‌ത്രീയ പഠനത്തിന്‌ ഒരുങ്ങിയപ്പോൾ ചെന്നൈയിലെ സംഗീതജ്ഞൻ കല്യാണരാമൻ പറഞ്ഞു;  കഠിന സാധകങ്ങൾ ഒരുപക്ഷേ, ഈ ശബ്ദത്തിന്‌ മാറ്റംവരുത്തിയേക്കാം. ആ ഉപദേശവും തുണയായി. ‘നിൻമണിയറയിലെ നിർമല ശയ്യ’പോലെ പ്രണയാർദ്ര ശബ്ദം  കോട്ടമില്ലാതെ കേൾക്കാനാകുന്നു. വ്യാഴവട്ടങ്ങൾ നീണ്ട പാട്ടുത്സവം ഇന്ത്യയാകെ നെഞ്ചോടു ചേർത്തു. ദേശീയ പുരസ്കാരവും അഞ്ച്‌ സംസ്ഥാന അവാർഡും രണ്ട്‌ തമിഴ്‌നാട്‌ അവാർഡും ഈ ശബ്ദമാധുരിക്ക്‌ അംഗീകാരമായി. മലയാളിയുടെ സ്വന്തം ബാബുരാജ്‌ അച്ഛൻ രവിവർമ കൊച്ചനിയൻ തമ്പുരാന്‌ ഹരമായിരുന്നു, അതുകേട്ടാണ്‌ ജയചന്ദ്രൻ വളർന്നത്‌. ജി ദേവരാജനാൽ മീട്ടിയ വീണാനാദംപോലെ  ആദ്യകാല ഗാനങ്ങൾ വാനിലുയർന്നു പറന്നു. ‘സിന്ദഗീ ഭർ നഹീ ഭൂലേഗി... എന്ന്‌ പാടിക്കൊണ്ട്‌ റഫിയെക്കുറിച്ച്‌ ജയചന്ദ്രൻ പറയുന്നത്‌ ‘എന്റെ ദൈവ’മെന്ന്‌. പി സുശീല, എസ്‌ ജാനകി എന്നിവരുടെ സുന്ദരഗാനങ്ങളെല്ലാം വേദികളിലും അഭിമുഖവേളകളിലും കൂട്ടായ്മകളിലും പാടി സ്വയം കോൾമയിർകൊണ്ടു.   Read on deshabhimani.com

Related News