ചിരിമഴയായി ഉത്രാടത്തിന് റെയിന്‍ബോയുടെ 'മെട്രോ കണ്ട മാവേലി'



കൊച്ചി > ഒരുകാലത്ത് മലയാളി ഓണനാളുകളില്‍ സദ്യയോളം ആസ്വദിച്ചിരുന്ന ചിരിസദ്യകളായിരുന്നു ഓണത്തിനിടക്ക് പുട്ടുകച്ചവടവും ദേ മാവേലി കൊമ്പത്തും. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ ചിന്തോദ്ദീപകങ്ങളായ ആ ഹാസ്യപരിപാടികള്‍ ഓണദിനങ്ങളെ വിട്ടുപോയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. എന്നാല്‍ ആ വിടവ് നികത്താന്‍ ഇക്കുറിയും റെയിന്‍ബോ എഫ്എം കൊച്ചി 107.5 ചിരിപ്പൂക്കളമിടും, ഉത്രാട ദിനത്തിലെ മെട്രോ കണ്ട മാവേലിയിലൂടെ.  മിമിക്രി കലാകാരന്മാരും റേഡിയോ ജോക്കികളുമായ കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവുമാണ് ആകാശവാണിയുടെ യൂത്ത് ചാനലായ റെയിന്‍ബോയുടെ ഓണക്കാല ഹാസ്യപരിപാടിയായ മെട്രോ കണ്ട മാവേലി അവതരിപ്പിക്കുന്നത്. ഉത്രാട ദിനത്തില്‍ രാത്രി 8 മണി മുതല്‍ 10 മണിവരെ ഇന്നസെന്റിന്റെ മാവേലിയും ജഗതിയുടെ ഡ്യൂപ്പും മറ്റ് ഹാസ്യകഥാപാത്രങ്ങളും ശ്രോതാക്കളെ രസിപ്പിക്കും. 'ബ്ലൂ വെയില്‍ ഗെയിം, ബാര്‍ പ്രവേശനോത്സവം, ജി എസ് ടി, മെട്രോയാത്ര, ബാഹുബലി, നടിയുടെ കേരളസന്ദര്‍ശനം, റേഷന്‍ കാര്‍ഡിന്റെ കളര്‍ തുടങ്ങി സമകാലിക വിഷയങ്ങളും സംഭവങ്ങളും മെട്രോ കണ്ട മാവേലി കോര്‍ത്തിണക്കും. ആലപ്പുഴ വളവനാട് സ്വദേശിയായ കണ്ണനുണ്ണി കൊച്ചിന്‍ കലാഭവന്റെ ആര്‍ട്ടിസ്റ്റാണ് (സോബി ജോര്‍ജ് ഗ്രൂപ്പ് ). കാലടി സ്വദേശിയായ രാജന്‍ സോമസുന്ദരം മിമിക്രി ആര്‍ട്ടിസ്റ്റും വീഡിയോ എഡിറ്ററുമാണ്. റെയിന്‍ബോ എഫ് എമ്മിലെ പ്രതിവാര ഹാസ്യപരിപാടി ചിരിക്കടയും ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നുണ്ട്. കാര്‍ട്ടൂണിസ്റ്റുകള്‍ കൂടിയായ ഇവര്‍ രാജേട്ടന്‍ കാര്‍ട്ടൂണ്‍സ്, കണ്ണേട്ടന്‍ കാര്‍ട്ടണ്‍സ് എന്നീ പേരുകളില്‍ ഫേസ്ബുക്ക് പേജുകളും നടത്തിപ്പോരുന്നു.   Read on deshabhimani.com

Related News