സോഷ്യല്‍മീഡിയയില്‍ ആലപ്പുഴയുടെ ആര്‍പ്പുവിളിയായി ഗാന 'തീരം'



ആലപ്പുഴ > നഗരത്തിന്റെ പൌരാണികതയുടെയും പ്രൌഢിയുടെയും തിരുശേഷിപ്പുകളെ വരികളിലും ദൃശ്യങ്ങളിലും നിറയ്ക്കുന്ന ചലച്ചിത്രഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷഹീദ് അരാഫത്ത് സംവിധാനം ചെയ്ത 'തീരം' എന്ന പുതിയ സിനിമയിലെ ' കടപ്പുറത്തെ ചൊരിമണലില്‍ തനിച്ചിരുന്നോളെ, കടല്‍പ്പാലത്തിന്‍ നിഴലുപറ്റി മറഞ്ഞിരുന്നോളെ' എന്ന പ്രമോ ഗാനമാണ് ശ്രദ്ധേയമാകുന്നത്. മ്യൂസിക്ക്247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് കണ്ണൂര്‍ക്കുള്ള തീവണ്ടിയുടെ അറിയിപ്പും ആലപ്പുഴ റെയില്‍വേസ്റ്റേഷന്റെ ദൃശ്യവുമായി ആരംഭിക്കുന്ന ഗാനത്തില്‍ കടല്‍പ്പാലവും കല്ലുപാലവും വൈ എംസിഎ പാലവും, കറുത്തകാളിപ്പാലവും കൊമ്മാടിപ്പാലവും  കൊച്ചു കടപ്പാലവും തുണിപൊക്കിപ്പാലവും ശവക്കോട്ടപ്പാലവുമെല്ലാം ദൃശ്യങ്ങളിലും കാല്‍പ്പനികത നിറഞ്ഞു നില്‍ക്കുന്ന വരികളിലുമുണ്ട്.  ഒരു കാലത്ത് ജനാധിപത്യപ്പോരാട്ടങ്ങളുടെ സിരാകേന്ദ്രമായിരുന്ന ആലപ്പുഴ നഗരത്തിന്റെ ബിംബങ്ങളായി നിലനില്‍ക്കുന്ന കടലും പാലങ്ങളും ബോട്ടുജെട്ടിയും അരുവികളും തോടുകളും പഴയകാല വ്യാപാര കേന്ദ്രങ്ങളും കൊളോണിയല്‍ വാസ്തുശൈലിയുമെല്ലാം ഗാനത്തില്‍ ആലപ്പുഴക്കാരെ ആവേശം കൊള്ളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. അജി കാട്ടൂരും സംഘവുമാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. അഫ്സല്‍ യൂസഫാണ് സംഗീതം. പോയകാല നടന്‍ രതീഷിന്റെ മകന്‍ പ്രണവ് രതീഷാണ് നായകന്‍. നായിക മരിയ യോഹന്നാന്‍. ഷെയ്ക്ക് അഫ്സലാണ് നിര്‍മ്മാണം. പതിനായിരക്കണക്കിനാളുകള്‍ ഗാനം യു ട്യൂബില്‍ കണ്ടുകഴിഞ്ഞു. ഗൃഹാതുരത്വം നിറഞ്ഞ പോസ്റ്റുകളും കമന്റുകളുമായി ആലപ്പുഴക്കാര്‍ സോഷ്യല്‍ മീഡിയില്‍ അരങ്ങുകൊഴുപ്പിക്കുന്നു.   Read on deshabhimani.com

Related News