ഹരിവരാസനം പുരസ്കാരം പി സുശീലയ‌്ക്ക‌് സമ്മാനിച്ചു



തിരുവനന്തപുരം > സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക‌്തമായി ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്കാരം ഗായിക പി സുശീല ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ‌് പുരസകാരം സമ്മാനിച്ചത‌്. തനിക്ക‌് കിട്ടിയ മറ്റെല്ലാ ബഹുമതികൾക്കും മീതെയാണ‌് ഹരിവരാസന പുരസ്കാരമെന്ന‌് സുശീല പറഞ്ഞു. ഈ പുരസ്കാരം ലഭിച്ചതിനാലാണ‌് ആദ്യമായി ശബരിമലയിൽ വരാനും ദർശനം നടത്താനും കഴിഞ്ഞതെന്ന‌് അവർ പറഞ്ഞു.  മന്ത്രിയുടെ അഭ്യർഥന മാനിച്ച്  സുശീല പഴയകാല ഗാനങ്ങളിൽ ചിലതിന്റെ വരികൾ ആലപിച്ചു. ഹരിവരാസനം, താജ്മഹൽ നിർമിച്ച രാജശില്പി, രാജശില്പി നീയെനിക്കൊരു പൂജാവിഗ്രഹം, പ്രിയ ഗാനം, ഒഴുകിവരും ഗാനം...  പൊന്നമ്പല നടതുറന്നു... തുടങ്ങിയ പാട്ടുകളുടെ പല്ലവികൾ ആലപിച്ചു. പ്രളയത്തിൽ തകർന്ന പമ്പയും പരിസര പ്രദേശങ്ങളും പുനർ നിർമിച്ച ടാറ്റാ പ്രോജക്ട്‌സ്  ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യനാരായണ, രമേശ് കൃഷ്ണ, റാവു, ഭാനുപ്രസാദ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനായി.   ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ, സ്‌പെഷൽ കമീഷണർ എം മനോജ്,  മുൻ സുപ്രിം കോടതി ജഡ്ജി അരിജിത് പസായത്,  ഹൈക്കോടതി നിരീക്ഷക സമിതിയംഗങ്ങളായ ജ.  പി ആർ രാമൻ, ജ. എസ് സിരിജഗൻ, ദേവസ്വം ചീഫ് എൻജിനിയർ വി ശങ്കരൻ പോറ്റി, തമിഴ് നടൻ ജയം രവി എന്നിവർ സംസാരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News