ഓസ്‌കർ ജേതാവ്‌ എം എം കീരവാണി വീണ്ടും മലയാളത്തിലേക്ക്‌



തിരുവനന്തപുരം > ‘ശശികല ചാർത്തി’യും ‘തരളിത രാവിൽ മയക്കി’യും സിനിമാ പാട്ടുകളെ മലയാളിക്ക്‌ പാട്ടിമ്പം പകർന്ന ഓസ്‌കർ ജേതാവ്‌ എം എം കീരവാണി വീണ്ടും മലയാളത്തിലേക്ക്‌. ബേബി ജോൺ വല്യത്ത് സംവിധാനം ചെയ്യുന്ന ‘മജീഷ്യൻ' എന്ന സിനിമയിലൂടെയാണ്‌ ഓസ്‌കർ തിളക്കവുമായി കീരവാണി മലയാളത്തിലെത്തുന്നത്‌. ലുലു മാളിൽ നടന്ന ‘മജീഷ്യൻ' സിനിമയുടെ ലോഞ്ചിങ്ങിനിടെ കീരവാണിതന്നെയാണ്‌ മലയാളത്തിലേക്കുള്ള തന്റെ മടക്കം പ്രഖ്യാപിച്ചത്‌. മൂന്നു പാട്ടും പശ്ചാത്തല സംഗീതവുമാണ്‌ അദ്ദേഹം നിർവഹിക്കുന്നത്‌.   ‘നമസ്‌കാരം... സുഖമാണോ’യെന്ന്‌ ചോദിച്ച്‌ സംസാരം തുടങ്ങിയ കീരവാണി ദേവരാഗം, സൂര്യമാനസം തുടങ്ങിയ സിനിമകൾക്ക് ലഭിച്ച സ്വീകാര്യത പുതിയ പാട്ടുകൾക്കുമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന്‌ പറഞ്ഞു. സംസാരം അവസാനിപ്പിച്ച കീരവാണിയോട്‌ സംഘാടകർ ദേവരാഗത്തിലെ ‘ശിശിരകാലം’ പാടാൻ അഭ്യർഥിച്ചു. എന്നാൽ, മലയാളത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ബാബുരാജിന്റെ ‘സുറുമയെഴുതിയ മിഴികളേ’യാണ്‌ കീരവാണി ആരാധകർക്കായി പാടിയത്‌.   കീരവാണി പാടിയപ്പോൾ സദസ്സും അതേറ്റുപാടി. വല്യത്ത് പ്രൊഡക്ഷൻസാണ്‌ മജീഷ്യൻ സിനിമ പുറത്തിറക്കുന്നത്‌. ഓസ്‌കർ നേടിയ ശേഷം ആദ്യമായി കേരളത്തിലെത്തിയ കീരവാണിയെ മന്ത്രി വി ശിവൻകുട്ടി പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. നടന്മാരായ ഗിന്നസ് പക്രു, കിഷോർ സത്യ, നടി നിഹാരിക പത്രോസ്, ഛായാഗ്രാഹകൻ അഴകപ്പൻ, സംവിധായകൻ പ്രേമചന്ദ്രൻ, സംഗീത സംവിധായകരുടെ അസോസിയേഷൻ ഭാരവാഹി അനിൽ ഗോപാലൻ, ലുലു മാൾ ഓപ്പറേഷൻ മാനേജർ അഖിൽ കെ ബെന്നി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News